വാഹന പ്രേമികള്‍ക്ക് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ.എം.ടി) സൗകര്യമുള്ള വാഹനങ്ങളോട് ആഭിമുഖ്യമേറുന്നതു മുതലെടുക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നടപടി തുടങ്ങി. ഒരു ലക്ഷത്തിലേറെ എ.എം.ടി വാഹനങ്ങള്‍ വിറ്റ പശ്ചാത്തലത്തിലാണ് മാരുതി ഇത്തരത്തില്‍പെട്ട കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാന്‍ തയാറെടുക്കുന്നത്. ഡ്രൈവിങ് ആയാസരഹിതമാക്കാന്‍ രണ്ടു പെഡല്‍ മാത്രമുള്ള സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കാനാണു ശ്രമമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാമന്‍ വ്യക്തമാക്കി. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്), കണ്ടിന്വസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍(സി.വി.ടി), ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍(എ.ടി) തുടങ്ങിയ ഇരട്ട പെഡല്‍ സാങ്കേതികവിദ്യകള്‍ ഇടയ്ക്കിടെ ഗിയര്‍ മാറുന്നതിന്റെ അധ്വാനവും അസൗകര്യവും ഒഴിവാക്കുന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവില്‍ കമ്പനിയുടെ നാലു മോഡലുകളില്‍ എ.ജി.എസ് സാങ്കേതികവിദ്യ ലഭ്യമാണ്. എ.ജി.എസ്, സി.വി.ടി, എ.ടി തുടങ്ങിയ സാങ്കേതികവിദ്യകള്‍ മറ്റു മോഡലുകളില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും രാമന്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ മോഡലുകളിലാണ് ഇത്തരം സാങ്കേതികവിദ്യ ലഭ്യമാക്കുകയെന്നു വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒന്നര വര്‍ഷം മുമ്പാണ് മാരുതി സുസുക്കിയുടെ കാറുകളില്‍ എ.ജി.എസ് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്നത്. ഇതുവരെ ഇത്തരത്തില്‍പെട്ട കാറുകളുടെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടത് ഇത്തരം സാങ്കേതികവിദ്യകളോടുള്ള ആഭിമുഖ്യത്തിനു തെളിവാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഭാവിയില്‍ വിഭാഗ, മോഡല്‍ ഭേദമില്ലാതെ കാറുകളില്‍ എ.ജി.എസ്, സി.വി.ടി, എ.ടി തുടങ്ങിയ ഇരട്ട പെഡല്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യാപകമാക്കി, ഇതിന്റെ നേട്ടം പരമാവധി ആളുകളിലെത്തിക്കാമാണ് മാരുതി സുസുക്കിയുടെ ശ്രമം. ഹാച്ച്ബാക്കായ സെലേറിയോയില്‍ 2014 ഫെബ്രുവരിയിലാണു മാരുതി സുസുക്കി എ.ജി.എസ് ലഭ്യമാക്കിയത്. ഇതോടെ ഈ സാങ്കേതികവിദ്യ ലഭ്യമാവുന്ന രാജ്യത്തെ ആദ്യ കാറായി സെലേറിയോ മാറി. തുടര്‍ന്ന് സെലേറിയോയുടെ മൊത്തം വില്‍പ്പനയില്‍ 60 ശതമാനത്തോളം എ എം ടി വകഭേദത്തിന്റെ സംഭാവനയായി. സെലേറിയോയ്ക്കു പിന്നാലെ “ഓള്‍ട്ടോ കെ 10”, “വാഗന്‍ ആര്‍”, “സ്റ്റിങ്‌റേ”, “ഡിസയര്‍” എന്നിവയിലും എ.ജി.എസ് സാങ്കേതികവിദ്യ ഇടംപിടിച്ചു. ഡിസയറാവട്ടെ എ.ജി.എസ് സംവിധാനത്തോടെ മാരുതി സുസുക്കി നിരത്തിലെത്തിച്ച ആദ്യ ഡീസല്‍ എന്‍ജിന്‍ മോഡലുമായി. പിന്നാലെ പ്രീമിയം കോംപാക്ടായ “ബലേനൊ”യില്‍ സി.വി.ടിയും “സിയാസി”ലും “എര്‍ട്ടിഗ”യിലും എ.ടി സാങ്കേതികവിദ്യയും ഇടം നേടി.