| Tuesday, 29th November 2016, 11:18 am

മാരുതി റിറ്റ്‌സ് നിര്‍മ്മാണം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്നിസിന് വഴിമാറുന്നതിനായാണ് റിറ്റ്‌സിനെ മാരുതി പിന്‍വലിക്കുന്നത്. 


ന്യൂദല്‍ഹി:  രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്‌സിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചു.

അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് ക്രോസ് ഓവര്‍ ഇഗ്നിസിന് വഴിമാറുന്നതിനായാണ് റിറ്റ്‌സിനെ മാരുതി പിന്‍വലിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു മാസമായി ഒരു റിറ്റ്‌സ് മോഡല്‍ പോലും കമ്പനി ഉല്‍പ്പാദിപ്പിച്ചിട്ടില്ല.

ഓഗസ്റ്റില്‍ 3035, സെപ്തംബറില്‍ 2515, ഒക്ടോബറില്‍ 5 യൂണിറ്റ് എന്നിങ്ങനെയാണ് അവസാന മാസങ്ങളിലെ റിറ്റ്‌സിന്റെ വില്‍പ്പന. കമ്പനിയുടെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഈ കണക്കുകള്‍ വളരെ പിന്നിലാണ്. വിപണിയിലെത്തി ഏഴ് വര്‍ഷത്തിനിടെ 2012ല്‍ ചെറു മാറ്റങ്ങളുമായി മുഖം മിനുക്കി വീണ്ടും അവതരിപ്പിച്ചെങ്കിലും വേണ്ടത്ര ഉപഭോക്താക്കള്‍ റിറ്റ്‌സിനെ സ്വീകരിക്കാന്‍ മടിച്ചതോടെ വില്‍പ്പന കുറയുകയായിരുന്നു.

നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ റിറ്റ്‌സ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി നല്‍കാതിരുന്നതിനാല്‍ ഉല്‍പ്പാദനം തുടരുകയായിരുന്നു.

ഇഗ്നിസിനൊപ്പം ബലേനോ ആര്‍.എസ്, ഫേസ്‌ലിഫ്റ്റ് സ്വിഫ്റ്റ് എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന മാരുതി കാറുകള്‍.

We use cookies to give you the best possible experience. Learn more