രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പനയില്‍ ഓഗസ്റ്റില്‍ മാത്രം നേരിട്ടത് 32.7 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല ഞെരുങ്ങുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് മാസത്തില്‍ മാത്രം വില്‍പനയില്‍ സംഭവിച്ച ഇടിവിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ കാര്‍ നിര്‍മ്മാണ ഭീമനായ മാരുതി സുസുകി.
മാരുതിയുടെ 1,06,413 കാറുകള്‍ മാത്രമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. 2018 ഓഗസ്റ്റില്‍ മാരുതി സുസുക്കി 1,58,189 കാറുകള്‍ വിറ്റിരുന്നതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രാദേശിക വിപണിയില്‍ 34.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റില്‍ പ്രാദേശികമായി 1,47,700 കാറുകള്‍ വിറ്റിടത്ത് ഇത്തവണ 97,061 കാറുകള്‍ മാത്രമാണ് വിറ്റുപോയത്.
ആള്‍ട്ടോ, വാഗണര്‍ പോലെയുള്ള ചെറിയ കാറുകളുടെ വിപണനത്തിലും ഇടിവ് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 35,895 ചെറുകാറുകള്‍ വിറ്റപ്പോള്‍ ഇത്തവണ അത് 10,123 ആയി കുറഞ്ഞു. അതായത്, ഈ ഇനം കാറുകളുടെ വില്‍പനയില്‍ 71.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മാരുതിയുടെ കോംപാക്ട് വിഭാഗം കാറുകളായ സ്വിഫ്റ്റ്, സെലാറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വിപണി 23.9 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ 71,364 കോംപാക്ട് കാറുകള്‍ വിറ്റുപോയി. ഇത്തവണയത് 54,274 എണ്ണമായി കുറഞ്ഞു. ഓഗസ്റ്റിലെ മാത്രം കാണക്കാണിത്.
ഇടത്തരം വലിപ്പം വരുന്ന സിയാസ് കാറുകളില്‍ 1,596 എണ്ണമാണ് ഈ ഓഗസ്റ്റില്‍ വിറ്റുപോയത്. അതേസമയം, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വില്‍ക്കപ്പെട്ട സിയാസ് കാറുകളുടെ എണ്ണം 7,002 ആയിരുന്നു.
അതേസമയം, വിതാര ബ്രസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ മോഡല്‍ കോറുകളുടെ വില്‍പനയില്‍ നേരിയ ഉയര്‍ച്ച ഉണ്ടായന്നും മാരുതി പറയുന്നു. ഈ കാറുകളുടെ വിപണനത്തില്‍ 3.1 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തുന്നത്. അതായത്, കഴിഞ്ഞ ഓഗസ്റ്റില്‍ 17,9
71 കാറുകള്‍ വിറ്റുപോയിടത്ത് ഇത്തവണ 18,522 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.
പ്രാദേശിക വിപണിയില്‍ മാത്രമല്ല, വാഹനത്തിന്റെ കയറ്റുമതിയിലും ഇടിവുണ്ടായി. കയറ്റുമതിയില്‍ 10.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 10,489 കാറുകള്‍ കയറ്റുമതി ചെയ്തിരുന്നു. ഈ ഓഗസറ്റില്‍ ഇത് 9,352 ആയി കുറഞ്ഞു.
മാരുതി സുസുക്കി അതിരൂക്ഷമായ സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകളാണ് ഓഗസ്റ്റ് മാസത്തില്‍മാത്രം പുറത്തുവന്നത്.
മാരുതി ഹരിയാനയിലെ ഗുരുഗ്രാം പ്ലാന്റിലെ 10 ശതമാനം കരാര്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയതും 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതും അവയില്‍ പ്രധാനപ്പെട്ടവയാണ്.
ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന 34 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണി തകര്‍ച്ച നേരിടുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇത് കമ്പനിയ്ക്ക് താങ്ങാനാവുന്നതല്ലെന്ന് ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ തുറന്നുപറഞ്ഞിരുന്നു
നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മാരുതിക്കൊപ്പം അശോക് ലെയ്‌ലാന്റ്, ടി.വി.എസ്, ഹീറോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.