മാരുതി സുസുക്കിയുടെ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പ് ഷോറൂമായ നെക്‌സയ്ക്ക് ഒന്നാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ക്രോസ് ഓവറായ എസ് ക്രോസിനെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു നെക്‌സയുടെ തുടക്കം.
ബജറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ എന്ന പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കുന്നതിനായാണ് മാരുതി നെക്‌സ ഷോറൂമുകള്‍ ആരംഭിക്കുന്നത്. കാറുകള്‍ വാങ്ങാനെത്തുന്നവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള സേവനമാണ് നെക്‌സയില്‍ ഒരുക്കുന്നത്. ഷോറൂമിന്റെ രൂപകല്‍പ്പനയിലും സൗകര്യങ്ങളിലുമെല്ലാം പ്രീമിയം ടച്ച് നല്‍കിയിട്ടുണ്ട്.
2015 ഓഗസ്റ്റ് 5 ന് എസ് ക്രോസിനെ പുറത്തിറക്കുമ്പോള്‍ വെറും 40 നെക്‌സ ഷോറൂമുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം ഇന്ത്യയിലെ 94 നഗരങ്ങളിലായി 150 നെക്‌സ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനോടകം 1,00,025 കാറുകള്‍ നെക്‌സയിലൂടെ വില്‍പ്പന നടന്നു. 2020തോടെ നെക്‌സ ഷോറൂമുകളിലൂടെ പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്ന് മാരുതി സുസൂക്കി എം.ഡിയും സി.ഇ.ഒയുമായ കെനീച്ചി അയുകാവ പറഞ്ഞു. 2017 മാര്‍ച്ചിനകം നെക്‌സ് ഷോറൂമുകളുടെ എണ്ണം 250 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എസ് ക്രോസ് , ബലേനോ മോഡലുകളാണ് നെക്‌സയിലൂടെ വില്‍പ്പന നടത്തുന്നത്. ജൂണ്‍ അവസാനം വരെയുള്ള കണക്കില്‍ 28,795 എസ് ക്രോസും 71,230 ബലേനോയും വില്‍പ്പന നടന്നു. എസ് ക്രോസിന്റെ പ്രതിമാസ ശരാശരി വില്‍പ്പന 2,399 എണ്ണവും ബലേനോയുടേത് 7,914 എണ്ണവുമാണ്.