|

ഗുരുഗ്രാം പ്ലാന്റിലെ 10 ശതമാനം കരാര്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി മാരുതി; കാരണം നിര്‍മ്മാണവും ആവശ്യവും കുറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയിലെ ഗുരുഗ്രാം പ്ലാന്റിലെ 10 ശതമാനം കരാര്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി മാരുതി-സുസുക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം കച്ചവടമാണ് കഴിഞ്ഞ മാസം നടന്നത്. ഇതിനെ തുടര്‍ന്നാണ് കരാര്‍ തൊഴിലാളിള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയത്.

ഗുരുഗ്രാം പ്ലാന്റില്‍ ഏതാണ്ട് 2300 കരാര്‍ തൊഴിലാളികളാണ് ഉള്ളത്. 250ഓളം തൊളിലാളികളോടാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക സഹായമൊന്നും ലഭിക്കില്ല.

ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന 34 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ ദീപാവലി തൊട്ട് രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണി തകര്‍ച്ച നേരിടുകയാണ്. രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയുടെ മോശം അവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ബജാജ് ഗ്രൂപ്പ് ഉടമ രാഹുല്‍ ബജാജ് പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വാഹന നയം അവ്യക്തതകള്‍ നിറഞ്ഞതാണ്. വാഹന വ്യവസായ രംഗത്ത് ഡിമാന്റും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണുള്ളത്. ഇങ്ങനെ പോയാല്‍ വളര്‍ച്ച എവിടെ നിന്ന് വരും. അത് ആകാശത്ത് നിന്നു പൊട്ടിവീഴില്ലെന്നായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

Latest Stories