| Monday, 1st August 2016, 10:30 am

ഇഗ്നിസ് വിപണിയിലെത്താന്‍ വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാരുതി സുസുക്കി ഈയിടെ അവതരിപ്പിച്ച ഹാച്ച്ബാക്ക് വാഹനം ഇഗ്നിസ് വിപണിയിലെത്തുന്നത് വൈകും. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്കും കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസയ്ക്കുമുള്ള വമ്പന്‍ ബുക്കിങ് കാരണമാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ ഹാച്ച്ബാക്കായ ഇഗ്നിസിനെ വിപണിയിലെത്തിക്കാന്‍ വൈകുന്നത്.

ഇഗ്നിസിനെ അടുത്ത വര്‍ഷം പുറത്തിറക്കാനാണ് മാരുതി സുസുക്കിയുടെ പുതിയ പദ്ധതി. രാജ്യത്തെ വിപണി സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ഒരു ലക്ഷത്തോളം ബുക്കിങ്ങാണ് ബലേനോയും വിറ്റാര ബ്രെസയും കൂടി നേടിയത്. ലഭ്യമായ ഉല്‍പ്പാദനശേഷി പൂര്‍ണമായും വിനിയോഗിച്ചാല്‍ മാത്രമേ വിപണിയുടെ ആവശ്യത്തിനൊത്ത് ഇരുമോഡലുകളും നിര്‍മ്മിച്ചു നല്‍കാനാവൂ എന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ദീപാവലി-നവരാത്രി ഉത്സവകാലം ലക്ഷ്യമിട്ട് പുറത്തിറക്കാനിരുന്നു ഇഗ്നിസ് വിപണിയിലെത്തിക്കുന്നത് നീട്ടിവെയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഇഗ്നിസ് ഉല്‍പ്പാദനം ആരംഭിക്കാനുള്ള മുന്‍തീരുമാനവും കമ്പനി മാറ്റിവച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം രണ്ടു മാസം വൈകി നവംബര്‍ അവസാനത്തോടെ മാത്രമാവും ഇഗ്നിസിന്റെ വിപണി ലക്ഷ്യമിട്ടുള്ള നിര്‍മ്മാണം കമ്പനി ആരംഭിക്കുക.

We use cookies to give you the best possible experience. Learn more