| Tuesday, 2nd August 2016, 3:07 pm

മാരുതി സുസുക്കി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു; വര്‍ദ്ധനവ് 20,000 രൂപ വരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു. മാരുതിയുടെ ഏറ്റവും പുതിയ വാഹനങ്ങളായ വിറ്റാര ബ്രെസയ്ക്കും ബലേനൊയ്ക്കുമാണ് ഏറ്റവും അധികം വില വര്‍ദ്ധിച്ചിരിക്കുന്നത്.  ബ്രെസയുടെ വിലയില്‍ 20,000 രൂപയുടെയും ബലേനോയുടെ വിലയില്‍ 10,000 രൂപയുടെയും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.

മറ്റ് മോഡലുകളുടെ വിലവര്‍ദ്ധന 1,500 രൂപക്കും 5000 രൂപക്കും ഇടയിലാണ്. വര്‍ദ്ധനവ് ഇന്നലെ മുതല്‍ നിലവില്‍ വന്നു. വില്‍പ്പനയില്‍ ജൂലൈയില്‍ മാത്രം 12.7 ശതമാനത്തിന്റെ വര്‍ദ്ധന കൈവരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിറകെയാണ് വില വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. ബ്രെസയുടെ വരവോടെയാണ് മാരുതി കാറുകളുടെ വില്‍പ്പനയില്‍ പ്രകടമായ മുന്നേറ്റം കണ്ടു തുടങ്ങിയത്.  2015 ജൂലൈയെ അപേക്ഷിച്ച് ആള്‍ട്ടോയുടെയും വാഗണ്‍ ആറിന്റെയും വില്‍പ്പനയില്‍ 7.2 ശതമാനത്തിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ നാലാം തവണയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചെന്നു കാണിച്ചും മെയ് മാസത്തില്‍ ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുമാണ് വില വര്‍ദ്ധിപ്പിച്ചത്. മാരുതിക്കു പിന്നിലെ മറ്റു പല വാഹന നിര്‍മാതാക്കളും തങ്ങളുടെ വാഹന ശ്രേണിയില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more