സ്വിഫ്റ്റും ഡിസയറും സ്റ്റോക്കില്ലെന്ന് മാരുതി
Big Buy
സ്വിഫ്റ്റും ഡിസയറും സ്റ്റോക്കില്ലെന്ന് മാരുതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2012, 10:29 am

ന്യൂദല്‍ഹി: ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളായ സ്വിഫ്റ്റും ഡിസയറും സ്റ്റോക്കില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. കലാപത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാരുതിയുടെ മനേസര്‍ പ്ലാന്റിലായിരുന്നു ഈ മോഡലുകള്‍ നിര്‍മിച്ചിരുന്നത്.  പ്ലാന്റ് അടച്ചുപൂട്ടിയതോടെ നിര്‍മാണം തടസപ്പെട്ടതാണ് സ്റ്റോക്കിനെ ബാധിച്ചത്.[]

എന്നാല്‍ ഈ മോഡലുകള്‍ക്കുവേണ്ടിയുള്ള ബുക്കിങ് നിര്‍ത്തിവെച്ചിട്ടില്ലെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മായങ്ക് പരീക്ക് പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഡീലേഴ്‌സിനെയും ഉപഭോക്താക്കളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കമ്പനിയില്‍ ഈ മോഡലുകള്‍ സ്‌റ്റോക്കില്ലെന്ന് ഇവരോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അവര്‍ കാറിനുവേണ്ടി ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ രണ്ട് ബ്രാന്റുകളുടെയും ജനപ്രീതിയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ കമ്പനിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പരീക്ക് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷവും സമരം നടന്നപ്പോള്‍ ഞങ്ങള്‍ ബുക്കിങ് നിര്‍ത്തിവെച്ചിരുന്നില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി തങ്ങളുടെ എതിരാളികള്‍ പുതിയ ഓഫറുകള്‍ നല്‍കുകയാണ്. എന്നാല്‍ ഇതൊന്നും മാരുതി കാറുകള്‍ക്കുള്ള ഡിമാന്റ് കുറച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 55,000 യൂണിറ്റ് ബുക്കിങ് സ്വിഫ്റ്റിനുണ്ട്. ഡിസയറിനാണെങ്കില്‍ 65,000 ബുക്കിങ്ങുണ്ട്. ഇതില്‍ 80% ഡീസല്‍കാറുകള്‍ക്ക് വേണ്ടിയാണ്.

കമ്പനിയില്‍ നിര്‍മാണം ആരംഭിച്ചാല്‍ ആറ് മാസം കൊണ്ട് ഈ ബുക്കിങ് തീര്‍പ്പാക്കാനാകുമെന്നും പരീക്ക് വ്യക്തമാക്കി.