| Thursday, 19th July 2012, 8:17 pm

മാനേസര്‍ പ്ലാന്റില്‍ നടന്നത് മാനേജ്‌മെന്റിന്റെ പ്രതികാര നടപടി: തൊഴിലാളിസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുധനാഴ്ച മാരുതി സുസുക്കിയുടെ മാനേസറിലെ പ്ലാന്റിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാണ്. അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും തൊഴിലാളികള്‍ക്കാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചതിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് ദ മാരുതി സുസുക്കി വര്‍ക്കേഴ്‌സ് യൂണിയന്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.[]

തൊഴിലാളി സംഘടനയുടെ പ്രസ് റിലീസിന്റെ പൂര്‍ണരൂപം

മാരുതി സുസുക്കി പ്ലാന്റായ ഐ.എം.ടി മാനേസറില്‍ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങളില്‍ ദ മാരുതി സുസുക്കി വര്‍ക്കേഴ്‌സ് യൂണിയന് ആശങ്കകളുണ്ട്. ഇവിടെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കരുതിക്കൂട്ടിയുണ്ടായ തൊഴിലാളി-യൂണിയന്‍ വിരുദ്ധ നിലപാടുകളാണ് കഴിഞ്ഞദിവസം ഫാക്ടറി അടച്ചുപൂട്ടുന്ന ഘട്ടംവരെയെത്തിച്ചത്.

സ്ഥിരംജോലിക്കാരും കരാര്‍ തൊഴിലാളികളും യോജിച്ച് നടത്തിയ സുദീര്‍ഘമായ സമരത്തിന്റെ ഫലമായാണ് കഴിഞ്ഞവര്‍ഷം ഞങ്ങള്‍ക്ക് വിജയകരമായി യൂണിയന്‍ രൂപീകരിക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിഞ്ഞത്. അടുത്തിടെ, 2012 ഏപ്രിലിലാണ് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി മാരുതി സുസുക്കി മാനേജ്‌മെന്റിന് അവകാശപത്രം നല്‍കിയത്. കൂലി വര്‍ധിപ്പിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നല്‍കിയ അവകാശപത്രത്തിന്മേലുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. എന്നിരുന്നാലും ഇത് തകര്‍ക്കാനും തൊഴിലാളികളെ ഭിന്നിപ്പിക്കാനും യൂണിയന്റെ നിയമസാധുത ഇല്ലാതാക്കാനും മാനേജ്‌മെന്റ് പരമാവധി ശ്രമിക്കുന്നുണ്ട്.

മുന്‍നിശ്ചയിച്ച പ്രകാരമുള്ള പ്രതികാരനടപടികളുടെ ഭാഗമെന്നോണം ഇന്നലെ, ജൂലൈ 18ന് ഉച്ചയ്ക്കുശേഷം, ഷോപ്പിന്റെ സൂപ്പര്‍വൈസര്‍ പെര്‍മനന്റ് കാറ്റഗറിയില്‍പ്പെട്ട ഒരു ദലിത് തൊഴിലാളിയെ ശകാരിക്കുകയും ജാതീയമായ പ്രസ്താവനകള്‍ നടത്തി അപമാനിക്കുകയും ചെയ്തു. ഇത് തൊഴിലാളികള്‍ യുക്തിയുക്തമായ രീതിയില്‍ എതിര്‍ത്തു. സംഭവത്തിനുത്തരവാദിയായ സൂപ്പര്‍വൈസര്‍ക്കെതിരെ നടപടിയെടുക്കുകയോ തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് പകരം മാനേജ്‌മെന്റ് ഉടന്‍ തന്നെ തൊഴിലാളിയെ പിരിച്ചുവിട്ടു.

മുന്‍നിശ്ചയിച്ച പ്രകാരമുള്ള പ്രതികാരനടപടികളുടെ ഭാഗമെന്നോണം ഇന്നലെ, ജൂലൈ 18ന് ഉച്ചയ്ക്കുശേഷം, ഷോപ്പിന്റെ സൂപ്പര്‍വൈസര്‍ പെര്‍മനന്റ് കാറ്റഗറിയില്‍പ്പെട്ട ഒരു ദലിത് തൊഴിലാളിയെ ശകാരിക്കുകയും ജാതീയമായ പ്രസ്താവനകള്‍ നടത്തി അപമാനിക്കുകയും ചെയ്തു. ഇത് തൊഴിലാളികള്‍ യുക്തിയുക്തമായ രീതിയില്‍ എതിര്‍ത്തു. സംഭവത്തിനുത്തരവാദിയായ സൂപ്പര്‍വൈസര്‍ക്കെതിരെ നടപടിയെടുക്കുകയോ തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് പകരം മാനേജ്‌മെന്റ് ഉടന്‍ തന്നെ തൊഴിലാളിയെ പിരിച്ചുവിട്ടു. പിന്നീട് യൂണിയന്‍ പ്രതിനിധികള്‍ക്കൊപ്പം തൊഴിലാളികളെല്ലാം ചേര്‍ന്ന് എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ചെന്നുകണ്ട് കാര്യം ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എച്ച്.ആര്‍ ഉദ്യോഗസ്ഥന്മാര്‍ ഞങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല. സൗമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള യാതൊരു ഉദ്ദേശവും അവര്‍ക്കുണ്ടായിരുന്നില്ല.

ഓഫീസിനുള്ളില്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച പുരോഗമിക്കുമ്പോള്‍ പുറത്ത് മാനേജ്‌മെന്റ് കൂലിത്തല്ലുകാരെവെച്ച് തൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തീര്‍ത്തും നിയമവിരുദ്ധവും ഞങ്ങളുടെ ആവശ്യങ്ങള്‍ ന്യായമായിരുന്നിട്ടു കൂടി അതിനെ തകര്‍ക്കാനായി മാനേജ്‌മെന്റ് നടത്തിയ ഗൂഢാലോചനയും ആണ്. മാനേജ്‌മെന്റ് നിര്‍ദേശിച്ചതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ ഗെയ്റ്റ് പൂട്ടുകയും കൂലിത്തല്ലുകാര്‍ മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് തൊഴിലാളികളെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം മാനേജ്‌മെന്റിലെ ചില സ്റ്റാഫുകളും പോലീസും ചേര്‍ന്ന് ഒരു കൂട്ടം തൊഴിലാളികളെ ക്രൂരമായി ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ഇവരെയാണ് പിന്നീട് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂലിത്തല്ലുകാര്‍ കമ്പനി സാധനങ്ങള്‍ നശിപ്പിക്കുകയും ഫാക്ടറിയുടെ ഒരുഭാഗം തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഗെയ്റ്റ് തുറന്ന് തൊഴിലാളികളെ പുറത്താക്കിയശേഷം കമ്പനി അത് പൂട്ടി.

കഴിഞ്ഞവര്‍ഷം അഭിപ്രായഭിന്നതകള്‍ക്കൊടുവിലുണ്ടാക്കിയ പ്രമേയത്തിനുശേഷം ഞങ്ങള്‍ തൊഴിലാളികള്‍ കമ്പനിയുടെ ക്ഷേമം മനസ്സില്‍വെച്ചാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ അക്രമങ്ങളുടെ ഉത്തരവാദിത്തം ഞങ്ങളുടെ തലയില്‍കെട്ടിവയ്ക്കുന്നത് അനീതിയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനും ഫാക്ടറിയില്‍ സമാധാനം പുനസ്ഥാപിക്കാനുമായി കമ്പനിയുമായും കമ്പനി മാനേജ്‌മെന്റുമായും ലേബര്‍ ഡിപ്പാര്‍ട്ടുമായും ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ഇപ്പോഴും ഒരുക്കമാണ്.

റാം മേഹര്‍

പ്രസിഡന്റ്, മാരുതി സുസുക്കി വര്‍ക്കേഴ്‌സ് യൂണിയന്‍

We use cookies to give you the best possible experience. Learn more