ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ മനേസര്‍പ്ലാന്റിലെ 99 തൊഴിലാളികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം തൊഴിലാളികളും മാനേജ്‌മെന്റും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പ്ലാന്റ് അടഞ്ഞു കിടക്കുകയാണ്. പ്ലാന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. []
സംഭവവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും തൊഴിലാളികളും പരസ്പരം പഴിചാരുകയാണ്. കമ്പനിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി മാനേജ്‌മെന്റ് ആരോപിക്കുന്നു. എന്നാല്‍ പ്ലാന്റിലെ ഒരു ദളിത് തൊഴിലാളിയെ ഉദ്യോഗസ്ഥന്‍ ആക്ഷേപിച്ചതിനാണ് അയാളെ മര്‍ദ്ദിച്ചതെന്നാണ് തൊഴിലാളികളുടെ വിശദീകരണം.
തൊഴിലാളിയെ സസ്‌പെന്‍ഡ് ചെയ്തതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ചര്‍ച്ചക്കായി വിളിച്ച തൊഴിലാളികള്‍ പ്രകോപനമൊന്നുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നത്. തൊഴിലാളികള്‍ പ്ലാന്റിന് തീയിടുകയും കാറുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനുത്തരവാദികളായ യൂണിയന്‍ നേതാക്കളുടെ പേരുകള്‍ മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ടെന്നും 60 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മാനേസര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. കൊലക്കുറ്റം, കൊലപാതകശ്രമം, കമ്പനിക്ക് കേടുപാടുകളുണ്ടാക്കി എന്നിങ്ങനെ വിവിധ വകുപ്പുകളിലായി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.