| Wednesday, 27th July 2016, 11:25 pm

ഹൈബ്രിഡ് ശ്രേണിയിലേക്ക് ബലേനോയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ ഏറെ ജനപ്രീതി നേടിയ പ്രീമിയം ഹാച്ച്ബാക്ക് ബെലേനോയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നു. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് പ്രീമിയം ഹാച്ച്ബാക്കായ ബെലേനോയെ ഹൈബ്രിഡാക്കി അടുത്തവര്‍ഷമാണ് അവതരിപ്പിക്കുക. ബലേനോയുടെ പെട്രോള്‍ വകഭേദത്തിലാണ് കമ്പനി ഹൈബ്രിഡ് ടെക്‌നോളജി പരീക്ഷിക്കുന്നത്.

മാരുതി നേരത്തെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ഡീസല്‍ മോഡലുകള്‍ എസ്.എച്ച്.വി.എസ് ടെക്‌നോളജി പ്രകാരം ഹൈബ്രിഡ് ആക്കിയിട്ടുണ്ടെങ്കിലും ആദ്യമാണ് പെട്രോളില്‍ ഹൈബ്രിഡ് പരീക്ഷിക്കുന്നത്. ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കുമെന്നതാണ് എസ്.എച്ച്.വി.എസ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പ്രധാന പ്രത്യേകത.


എസ്.എച്ച്.വി.എസ് ടെക്‌നോളജി പ്രകാരം രാജ്യത്ത് ആദ്യമായി പുറത്തിറങ്ങുന്ന പെട്രോള്‍ മോഡലായിരിക്കും ബലേനോ. കരുത്തും മൈലേജും ഒരുപോലെ കൂടുന്ന വകഭേദത്തിന് ബലേനോ ഡ്യുവല്‍ജെറ്റ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ വാഹനം ഇന്ത്യയില്‍ എന്നെത്തുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.


യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ഡീസല്‍ വേരിയന്റുകളില്‍ ബെലേനോ ഹൈബ്രിഡ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്.എച്ച്.വി.എസ് ടെക്‌നോളജിയില്‍ വാഹനം ഇന്ത്യയിലെക്കെത്തിക്കാന്‍ കമ്പനിക്ക് അധികം പ്രയാസപ്പെടേണ്ടി വരില്ല. നിലവില്‍ 1.2 ലീറ്റര്‍ വി.വി.ടി പെട്രോള്‍, 1.3 ലീറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എഞ്ചിനുകളിലാണ് ബെലേനോ നിരത്തിലെത്തുന്നത്, ഈ മോഡലിന്റെ 7500 യൂണിറ്റുകളാണ് കമ്പനി ഇതുവരെ ഇന്ത്യയില്‍ വിറ്റഴിച്ചത്.

We use cookies to give you the best possible experience. Learn more