തിരുവനന്തപുരം: മറുനാടന്‍ മലയാളി ജീവനക്കാരന്‍ സുദര്‍ശ് നമ്പൂതിരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് രാവിലെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ക്കായി കൊച്ചി പൊലീസിന് സുദര്‍ശ് നമ്പൂതിരിയെ കൈമാറുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. കൊച്ചി പൊലീസ് നേരിട്ടെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
മരിച്ചുപോയ എസ്.വി പ്രദീപ് നടത്തിയിരുന്ന ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയുടെ സ്വകാര്യ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഐ.പി.സി 354എ , 509, 34 എന്നീ വകുപ്പുകളും ഐടി ആക്ടിലെ 66 ഇ, 67 എ എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ 3(1)(r), 3(1)(s), 3(1)(w)(2) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുദര്‍ശ് ആദ്യം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയും ഹരജി തള്ളി. പരാതിക്കാരിയുടെ സ്വകാര്യത വെളിവാകുന്നതരത്തിലുള്ള വീഡിയോ പ്രസിദ്ധീകരിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.
പരാതിക്കാരി പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടയാളാണെന്ന പൂര്‍ണബോധ്യത്തോടെയാണ് അവരെ അപമാനിക്കാന്‍ പ്രതികള്‍ ശ്രമിച്ചത് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നും അതിനാല്‍ അതിലെ സെക്ഷന്‍ 18 പ്രകാരം മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. 2023 മാര്‍ച്ച് 16-നായിരുന്നു സുദര്‍ശിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
അതേസമയം, പി.വി. ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്‍കൂര്‍ ജാമ്യപേക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും അറിയിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് കോടതി നിരീക്ഷിച്ചു. ഷാജന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.