ലഖ്‌നൗ കോടതിയില്‍ നേരിട്ട് ഹാജരാകണം; ലുലു ഗ്രൂപ്പിനെതിരായ വ്യാജ വാര്‍ത്താ ആരോപണത്തില്‍ മറുനാടന്‍ ടീമിന് സമന്‍സ്
Kerala News
ലഖ്‌നൗ കോടതിയില്‍ നേരിട്ട് ഹാജരാകണം; ലുലു ഗ്രൂപ്പിനെതിരായ വ്യാജ വാര്‍ത്താ ആരോപണത്തില്‍ മറുനാടന്‍ ടീമിന് സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2023, 8:46 am

കോഴിക്കോട്: വ്യാജ വാര്‍ത്താ ആരോപണത്തില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ഗുജറാത്തിലെ ലഖ്നൗ കോടതിയുടെ സമന്‍സ്. മലയാളി വ്യവസായി യൂസഫലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഓണ്‍ലൈന്‍ ചാനലിലൂടെ ഉന്നയിച്ചെന്ന പരാതിയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

ഷാജന്‍ സ്‌കറിയയെ കൂടാതെ മറുനാടന്‍ മലയാളിയുടെ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഈ മൂന്ന് പേരും
ജൂണ്‍ ഒന്നിന് ലഖ്‌നൗവിലെ കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് നിര്‍ദേശം.

മറുനാടന്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പബ്ലിഷ് ചെയ്ത രണ്ട് വീഡിയോയുടെ പേരില്‍ ലഖ്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വസ്തുതാ വിരുദ്ധമായതും വ്യാജ ആരോപണം ഉന്നയിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് ലുലു ഗ്രൂപ്പ് പരാതിയില്‍ പറയുന്നത്.

 

നോട്ട് നിരോധനത്തിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എന്‍.വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം എത്തിയെന്നാണ് ഷാജന്‍ സ്‌കറിയ വീഡിയോയില്‍ പറഞ്ഞിരുന്നത്. യൂസുഫ് അലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു.