| Thursday, 28th February 2019, 3:35 pm

'യുദ്ധത്തിനെതിരെ കുറിപ്പിട്ടു' പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ ബബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ യുദ്ധവെറിയന്മാരുടെ ആക്രമണം. യുദ്ധത്തിന് എതിരെ നിലപാടെടുത്തതിന്റെ പേരിലാണ് ആക്രമണം.

മിത ഭര്‍ത്താവിനെ സ്‌നേഹിച്ചിട്ടുണ്ടാവില്ലെന്നും മറ്റാരെയോ സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞ് ഇവരെ അധിക്ഷേപിക്കുന്നുമുണ്ട്. ഭര്‍ത്താവിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നു പറഞ്ഞാണ് ചിലര്‍ ഇവരെ ആക്രമിക്കുന്നത്.

എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കു മുമ്പില്‍ പതറുന്നയാളല്ല താനെന്ന് മിത പറഞ്ഞു. “ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ നോക്കി നില്‍ക്കേണ്ട അവസ്ഥയിലല്ല ഞാന്‍. പക്ഷേ യുദ്ധത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ആളുകള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. അത് ഓരോരുത്തരുടെയും അഭിപ്രായ സ്വാതന്ത്ര്യമാണ്. ഞാനും അതില്‍ നിന്ന് വിഭിന്നമല്ല.” മിതയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്തുകൊണ്ടാണ് യുദ്ധത്തിന് എതിരായതെന്ന ചോദ്യത്തിന് മിത നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ” യുദ്ധഭൂമിയിലെ ഓരോ മരണവും പട്ടാളക്കാരുടെ കുടുംബത്തിലെ ഒരുപാടുപേരെ ഒറ്റപ്പെടുത്തുന്നുണ്ട്. ഒരു അധ്യാപികയെന്ന നിലയില്‍, ഹിസ്റ്ററി വിദ്യാര്‍ഥിയെന്ന നിലയില്‍ യുദ്ധത്തിന് സ്ഥായിയായ ഒരു പരിഹാരവും കൊണ്ടുവരാനാവില്ലെന്ന് എനിക്ക് നന്നായി അറിയാം. ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നു, അമ്മയ്ക്ക് മകനെ നഷ്ടമാകുന്നു, മകള്‍ക്ക് അച്ഛനെ നഷ്ടമാകുന്നു.”

Also read:“”നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട””; അറിയേണ്ടത് ഇതാണ്; മോദിക്കെതിരെ ദിവ്യ സ്പന്ദന

” നഷ്ടത്തിന്റെ ഒരുപാട് കഥകള്‍ ഞാന്‍ അനുഭവിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിക്കു മാത്രമുള്ള നഷ്ടമല്ല അത്. രാജ്യവും അനുഭവിക്കുന്നു. ഒരു യുദ്ധം സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. സാമൂഹ്യ വികസനത്തേയും തഴയും.” അവര്‍ പറഞ്ഞു.

തന്റെ യുദ്ധവിരുദ്ധ നിലപാടിനെ ഭീരുത്വമെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്നും മിത പറയുന്നു. ” നമ്മുടെ എയര്‍ഫോഴ്‌സിന്റെ, സൈന്യത്തിന്റെ, നാവികസേനയുടെ, പാരാമിലിറ്ററി ഫോഴ്‌സിന്റെ ധൈര്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ചൊവ്വാഴ്ച അവര്‍ ചെയ്തത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. സാധാരണക്കാരെ കൊല്ലാതെ തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഐ.എ.എഫ് സ്വീകരിച്ച വഴിയോട് പൂര്‍ണമായി യോജിക്കുന്നു. ഞാനെതിര്‍ത്തത് യുദ്ധത്തെയാണ്. തീവ്രവാദികള്‍ രാജ്യത്തിന്റെ സമൂഹത്തിന്റെയും ശത്രുക്കളാണ്. തീവ്രവാദത്തിന്റെ ക്രൂരതയുടെ ഇരയാണ് എന്റെ ഭര്‍ത്താവ്.”

അതേസമയം നിരവധി കൊല്‍ക്കത്ത സ്വദേശികളാണ് മിതയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. മിതയ്ക്ക് അറിയുന്നതുപോലെ ഒരു രക്തസാക്ഷിയുടെ ഭാര്യയുടെ വേദന മറ്റാര്‍ക്കുമറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more