തെഹ്‌റാന്‍: ഇറാനില്‍ മതകാര്യ പൊലീസ് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികാചരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍. നിയന്ത്രണങ്ങളുടെ ഭാഗമായി മഹ്‌സ അമിനിയുടെ പിതാവ് അംജദ് അമിനിയെ തടങ്കലിലാക്കുകയും വാര്‍ഷികാചരണത്തില്‍ നിന്ന് കുടുംബത്തെ വിലക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകളായ ഖുര്‍ദിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പടെയുള്ള സംഘടനകള്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അംജദ് അമിനിയെ കുടുംബ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ശവകുടീരത്തില്‍ അനുശോചന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് കുടുംബത്തെ വിലക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുന്നറിയിപ്പ് നല്‍കിയ ശേഷം വിട്ടയച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
എന്നാല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഐ.ആര്‍.എന്‍.എ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അംജദ് അമിനിക്കെതിരായ ഒരു വധശ്രമം പരാജയപ്പെടുത്തുകയും അദ്ദേഹത്തെ രക്ഷിക്കുകയുമാണ് സുരക്ഷാ സൈന്യം ചെയ്തത് എന്നാണ് വാര്‍ത്ത ഏജന്‍സിയുടെ വിശദീകരണം.
2022 സെപ്തംബര്‍ 16നാണ് 22 വയസ്സ് മാത്രം പ്രായമുമുള്ള ഖുര്‍ദിഷ് യുവതിയായ മഹ്‌സ അമിനി ഇറാനിലെ മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. ‘ശരിയായ രീതിയില്‍’ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ല എന്നായിരുന്നു മഹ്‌സ അമിനിക്കെതിരായി ചാര്‍ത്തപ്പെട്ട കുറ്റം.
മഹ്‌സ അമിനിയുടെ രക്താസാക്ഷിത്വം ഇറാനില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഇറാനിലെ നിര്‍ബന്ധിത വസ്ത്രധാരണ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്തു.
മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത 71 പേരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരത്തിലധികം ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തു. പ്രതിഷേധങ്ങളുടെ ഭാഗമായി 7 വധശിക്ഷകളും ഇറാനില്‍ നടപ്പിലാക്കി.
content highlights: Martyrs’ Day celebrations banned, Mahsa Amni’s father arrested, human rights groups say