|

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇ.കെ നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

niranjan-1

ന്യൂദല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി എന്‍.എസ്.ജി കമാന്‍ഡോ ഇ.കെ നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം. ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യാണ് ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ ശിപാര്‍ശ ചെയ്തത്. പഠാന്‍കോട്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിലാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്.

ജാലഹള്ളി ബിഇഎല്‍ പിയു കോംപസിറ്റ് കോളജ് പഠനത്തിനുശേഷം യെലഹങ്ക എം. വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ നിരഞ്ജന്‍ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലൂടെ സൈന്യത്തില്‍ എത്തി. 2003 ഒക്ടോബറില്‍ കരസേനയുടെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ് ആന്റ് സെന്ററില്‍ (എം.ഇ.ജി അഥവാ മദ്രാസ് സാപ്പേഴ്‌സ്) ലഫ്റ്റനന്റായി. ബെംഗളൂരുവിലെ അള്‍സൂര്‍ എം.ഇ.ജിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം അസമിലായിരുന്നു ആദ്യനിയമനം. തുടര്‍ന്നു ജമ്മു കാശ്മീര്‍, മിസോറം, റാഞ്ചി, ദല്‍ഹി എന്നിവിടങ്ങളിലെ സേവനത്തിനുശേഷം എന്‍.എസ്.ജിയില്‍ ചേരുകയായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍.

നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചായിരിക്കും പുരസ്‌കാര പ്രഖ്യാപനം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍.