| Monday, 11th October 2021, 12:01 pm

'അടുത്ത തമാശയ്ക്ക് വകയായി'; അമിത് ഷായുടെ മോദി 'സ്തുതി'യെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മര്‍ട്ടിന നവരത്തിലോവ.

തനിക്ക് അടുത്ത തമാശയ്ക്ക് വകയായി എന്നാണ് ട്വിറ്ററിലൂടെ മര്‍ട്ടിന പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ പ്രതികരണത്തിന്റെ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിനയുടെ പ്രതികരണം.

‘അടുത്ത തമാശ’യെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

മോദി ഏകാധിപതിയല്ലെന്നും അദ്ദേഹത്തെ പോലെ ഒരു കേള്‍വിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

യോഗങ്ങളിലെല്ലാം മോദി അല്‍പം മാത്രമാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം എല്ലാവരെയും ക്ഷമയോടെ കേള്‍ക്കാറുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ആരാണെന്ന് പോലും നോക്കാതെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് മോദി പ്രാധാന്യം നല്‍കാറുണ്ട്. അതിനാല്‍ സ്വന്തം തീരുമാനത്തിന് മാത്രം മുന്‍ഗണന നല്‍കി മോദി മുന്നോട്ട് പോകാറില്ല എന്നും അമിത് ഷാ പറഞ്ഞിരുന്നു.

മോദിയോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും മന്ത്രിസഭ മോദിയുടെ ഇഷ്ടത്തിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുകയില്ല എന്നും അമിത് ഷാ പറഞ്ഞു.

കര്‍ഷകസമര വിഷയത്തിലും പ്രധാനമന്ത്രിയെ അമിത് ഷാ ന്യായികരിച്ച് സംസാരിച്ചിരുന്നു. കര്‍ഷകര്‍ക്ക് സഹായകരമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Martina Navratilova calls Amit Shah’s praise for Modi a joke

We use cookies to give you the best possible experience. Learn more