|

ആ മമ്മൂട്ടി ചിത്രം സുഖമായി നൂറ് ദിവസം ഓടിയേനെ, സിനിമയുടെ തന്ത്രങ്ങൾ മനസിലാക്കി ഇറക്കിയിരുന്നെങ്കിൽ: മാർട്ടിൻ പ്രക്കാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെസ്റ്റ് ആക്ടർ എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. മമ്മൂട്ടി നായകനായ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. എ.ബി.സി.ഡി, ചാർലി, നായാട്ട് എന്നീ സിനിമകളെല്ലാം വലിയ ശ്രദ്ധ നേടിയ മാർട്ടിൻ പ്രക്കാട്ട് സിനിമകളായിരുന്നു.

ആദ്യ സിനിമയായ ബെസ്റ്റ് ആക്ടറിന്റെ ഫസ്റ്റ് ഡേ എക്സ്പീരിയൻസ് പങ്കുവെക്കുകയാണ് മാർട്ടിൻ പ്രക്കാട്ട്. ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റി മിക്സിങ് തിയേറ്ററിൽ നിന്ന് താൻ ആദ്യം അറിഞ്ഞിരുന്നുവെന്നും എന്നാൽ ആദ്യ ഷോ എറണാകുളം സവിത തിയേറ്ററിൽ നടന്നപ്പോൾ അതൊന്നുമില്ലായിരുന്നുവെന്നും മാർട്ടിൻ പ്രകാട്ട് പറയുന്നു.

പ്രൊജക്ടർ റൂമിലേക്ക് പോയപ്പോൾ അത് തിയേറ്ററിന്റെ പ്രശ്നമാണെന്ന് പറഞ്ഞെന്നും സിനിമയുടെ തന്ത്രങ്ങൾ മനസിലാക്കി ഇറങ്ങിയിരുന്നെങ്കിൽ നൂറ് ദിവസം ഓടേണ്ട സിനിമയായിരുന്നു അതെന്നും മാർട്ടിൻ പ്രക്കാട്ട് കൂട്ടിച്ചേർത്തു.

‘സംവിധായകരായ ലാൽ, രഞ്ജിത്ത്, ലാൽ ജോസ്, ബ്ലസി എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു. സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും എനിക്ക് നന്നായി അറിയാം, ആ ധൈര്യത്തിലാണ് എല്ലാം ചെയ്ത‌ത്‌. ഇന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ടെൻഷനാണ്. എങ്ങനെ അത് സാധിച്ചു എന്നതായിരുന്നു ടെൻഷൻ.

എറണാകുളം സവിത തിയേറ്ററിൽ വെച്ചാണ് ഞങ്ങൾ സിനിമ കണ്ടത്. ചിത്രത്തിലെ സൗണ്ട് ക്വാളിറ്റി മിക്സിങ് തിയേറ്ററിൽ നിന്ന് ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. അത് തിയേറ്ററിൽ എത്തിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. രാവും പകലും ഉറക്കമൊഴിച്ച് ചെയ്‌ത ഇഫക്ടുകളൊന്നും അവിടെ കേട്ടില്ല. ഞാൻ തിയേറ്ററിന്റെ പ്രോജക്ട് റൂമിലേക്ക് ഓടി.

ഈ തിയേറ്ററിൽ നിന്ന് ഇത്രയും ക്വാളിറ്റിയേ തരാൻ പറ്റൂ എന്നായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി. പിന്നീടാണ് മനസിലായത് പല നവാഗത സംവിധായകരും സിനിമ തുടങ്ങിക്കഴിഞ്ഞാൽ ഇങ്ങനെ പ്രൊജക്ടർ റൂമിലേക്ക് വയലന്റായി ഓടിവരാറുണ്ടത്രേ. പക്ഷേ, ഇതൊന്നും പ്രേക്ഷകർക്ക് വിഷയമായിരുന്നില്ല.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവർ ഹാപ്പിയായി എന്നെ പൊക്കിയെടുത്തു തിയേറ്റർ ഗ്രൗണ്ടിൽ നൃത്തംചവിട്ടി, അവിടെ 85 ദിവസം ചിത്രം പ്രദർശിപ്പിച്ചു. അന്ന് സിനിമയുടെ തന്ത്രങ്ങൾ മനസിലാക്കി ഇറങ്ങിയിരുന്നെങ്കിൽ ചിത്രം സുഖമായി നുറുദിവസം ഓടിക്കാൻ കഴിയുമായിരുന്നു,’മാർട്ടിൻ പ്രക്കാട്ട് പറയുന്നു.

Content Highlight: Martin Prakatt About Best Actor Movie