| Monday, 15th August 2022, 3:31 pm

'നിന്നെ ഏഷ്യാ കപ്പില്‍ എടുത്തോളാം'; രോഹിത്തിനെ വീണ്ടും മറികടന്ന് ഗുപ്റ്റില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ അന്താരാഷ്ട്ര ട്വന്റി-20 റണ്‍ വേട്ടക്കാരില്‍ മറികടന്ന് ന്യൂസിലാന്‍ഡ് ഓപ്പണിങ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ട്വന്റി-20 റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത്തിനെ മറികടന്നതോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് ഗുപ്റ്റില്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ട്വന്റി-20 മത്സരത്തിലാണ് ഗുപ്റ്റില്‍ രോഹിത്തിനെ മറികടന്നത്. അഞ്ച് റണ്‍സ് നേടിയാല്‍ രോഹിത്തിനെ മറികടക്കാമെന്ന സാഹചര്യത്തില്‍ 15 റണ്‍സെടുത്ത് അദ്ദേഹം ഒന്നാമതെത്തുകയായിരുന്നു.

രോഹിത്തിന്റെ സ്‌കോറായ 3487 റണ്‍സ് മറികടന്ന ഗുപ്റ്റില്‍ ഇപ്പോള്‍ 3497 റണ്‍സില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ 64 റണ്‍സ് നേടിയപ്പോഴായിരുന്നു രോഹിത് ഗുപ്റ്റിലിനെ മറികടന്നത്. ഇനി വരുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് അടിച്ച് വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കും.

അതേസമയം വിന്‍ഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡ് തോറ്റിരുന്നു. ആദ്യ രണ്ട് മത്സരത്തില്‍ വിജയിച്ച കിവികള്‍ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ വിന്‍ഡീസ് മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ന്യൂസിലാന്‍ഡിനെ തകര്‍ക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ 20 ഓവറില്‍ 145 റണ്‍സില്‍ ഒതുക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു. 26 പന്തില്‍ 41 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് ഒഴികെ ബാക്കിയാര്‍ക്കും ന്യൂസിലാന്‍ഡിനായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ല. വിന്‍ഡീസിനായി ഒഡിയോണ്‍ സ്മിത് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു. ഓപ്പണര്‍മാറായ ഷര്‍മാര്‍ ബ്രൂക്‌സ് 56 റണ്‍സും ബ്രാണ്ടണ്‍ കിംഗ് 53 റണ്‍സും സ്വന്തമാക്കി.

Content Highlight: Martin  Guptill Surpasses Rohit  Sharma in Most runs In T20I

We use cookies to give you the best possible experience. Learn more