ന്യൂസിലാന്‍ഡ് – സ്‌കോട്‌ലാന്‍ഡ് ടി-20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സൂപ്പര്‍ റെക്കോഡ് മറികടന്ന് ബ്ലാക്ക് ക്യാപ്‌സ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്ടില്‍. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് രോഹിത് ശര്‍മയെ പിന്തള്ളി ഗപ്ടില്‍ ഒന്നാമതെത്തിയിരിക്കുന്നത്.
116 ടി-20 മത്സരത്തിലെ 116 ഇന്നിങ്‌സില്‍ നിന്നുമായി 3,399 റണ്‍സാണ് ഗപ്ടില്‍ സ്വന്തമാക്കിയത്. 136.39 സ്‌ട്രൈക്ക് റേറ്റില്‍ 32.37 ശരാശരിയിലാണ് താരത്തിന്റെ റെക്കോഡ് നേട്ടം.
ടി-20 ഫോര്‍മാറ്റില്‍ നിന്നും 20 അര്‍ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 105 ആണ്.
128 മത്സരത്തിലെ 120 ഇന്നിങ്‌സില്‍ നിന്നും 3,379 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് താരം തകര്‍ത്തത്. 32.18 ആവറേജില്‍ 139.62 പ്രഹരശേഷിയിലാണ് രോഹിത് ശര്‍മ റണ്ണടിച്ചുകൂട്ടിയത്.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വീണ്ടും പട്ടികയുടെ തലപ്പത്തെത്തുമെന്നുറപ്പാണ്.
ടി-20യില്‍ കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാമന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. 3,308 റണ്ണാണ് കോഹ്‌ലിയുടെ പേരിലുള്ളത്.
പട്ടികയിലെ നാലാമന്‍ ഐറിഷ് സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങും അഞ്ചാമന്‍ ഓസീസ് സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ചുമാണ്. യഥാക്രമം 2,894, 2,855 എന്നിങ്ങനെയാണ് ഇരുവരുടെയും ടോട്ടല്‍ സ്‌കോര്‍.
കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്‍ഡ് – സ്‌കോട്‌ലാന്‍ഡ് ടി-20 പരമ്പരയിലായിരുന്നു ഗപ്ടില്‍ രോഹിത് ശര്‍മയെ മറികടന്നത്. 31 പന്തില്‍ നിന്നും 40 റണ്‍സെടുത്താണ് ഗപ്ടില്‍ പുറത്തായത്. റിച്ചി ബെറിങ്ടണിന്റെ പന്തില്‍ മാത്യു ക്രോസിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
അതേസമയം, മത്സരത്തില്‍ ന്യൂസിലാന്‍ഡ് 68 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ബ്ലാക്ക് ക്യാപ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയിരുന്നു.
ഓപ്പണര്‍ ഫിന്‍ അലെന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലായിരുന്നു കിവിപ്പടയുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ന്യൂസിലാന്‍ഡിനായി.
ജൂലൈ 29നാണ് ടി-20 പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേയും മത്സരം. ദി ഗ്രാഞ്ച് ക്ലബ്ബാണ് വേദി.
Content Highlight: Martin Guptill breaks Rohit Sharma’s world record and becomes highest run getter in T-20 format