| Friday, 17th March 2017, 4:31 pm

'പെരിയാര്‍ കൊലയാളിയാകുന്നു' അടിയന്തിര ശ്രദ്ധ ആവശ്യമാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ തമിഴ്‌നാട്ടിലെ സുന്ദരഗിരി മലയിലെ ശിവഗിരിയില്‍ നിന്ന് ഉത്ഭവിച്ച്, 244 ദൂരം താണ്ടി, ചെന്ന്‌ചേരുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ തണ്ണീര്‍തടമായ വേമ്പനാട് കായലിലേക്കാണ്. ലോകത്തിലെ സംരക്ഷിക്കെപെടെണ്ട തണ്ണീര്‍തടങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ന് ലോകത്ത് ഗുരുതരമായ രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.

അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവന്‍ തുടച്ചു നീക്കുന്ന തോതിലെത്തിയിരിക്കുന്നു. ഹാനികരമായ വിഷലോഹങ്ങള്‍ ഈ തണ്ണീര്‍തടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ഖനികള്‍ക്ക് തുല്യമായ അളവിലാണ്.

കുടിവെള്ളം, മത്സ്യം, തുടങ്ങി ഈ ജലാശയത്തില്‍ നിന്ന് ലഭ്യമാകുന്ന അടിസ്ഥാന വിഭവങ്ങളിലെല്ലാം ഈ രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പോലും ഉയര്‍ന്ന അളവില്‍ സാന്ദ്രത കൂടിയ രാസമാലിന്യങ്ങള്‍ കുടിവെള്ളസംഭരണ മേഖലകളില്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്ന് വ്യാവസായിക ആവശ്യത്തിന് പോലും സംഭരണിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നിരുന്നൂ എന്നതില്‍ നിന്ന് തന്നെ മലിനീകരണത്തിന്റെ ഭീകരത വ്യക്തമാണ്.

മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പോലും ഭീഷണി ഉയര്‍ത്തികൊണ്ടാണ് വ്യവസായശാലകള്‍ മലിനീകരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യവസായ മലിനീകരണത്തിന്റെ അളവും വ്യാപ്തിയും പൊതുസമൂഹം തിരിച്ചറിയേണ്ടതാണ്.

പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസമലിന ജലം നിര്‍ബാധം തള്ളാനും കഴിഞ്ഞ 7 ദശാബ്ദങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമാണിത്. മൂന്ന് പതിറ്റാണ്ടു മുന്‍പ് തന്നെ (1982) വ്യവസായശാലകള്‍ പെരിയാറില്‍ തള്ളുന്ന മലിനജലം 261 ദശലക്ഷം ലിറ്റര്‍ ആണെന്നു കണ്ടെത്തിയിരുന്നു.

രാസമലിനജലത്തിലൂടെ പുഴയുടെ വൃഷ്ടിപ്രദേശത്ത് അപകടകരമായ ഘനലോഹങ്ങള്‍ വര്‍ഷം തോറും എത്തിച്ചേരുന്നത് ടെണ്‍ കണക്കിനെന്ന തോതിലാണ് (മെര്‍ക്കുറി – 2000kg/yr, സിങ്ക് -7500 kg/yr, ഹെക്‌സ വാലന്ട് ക്രോമിയം – 1476 kg/yr, കോപ്പര്‍ – 327 kg/yr). കേവലം 1mg എന്ന ചെറിയ അളവില്‍ പോലും ഈ ഘനലോഹങ്ങള്‍ മനുഷ്യന്-പ്രകൃതിക്ക് അപകടകരമാകുമ്പോഴാണ് നിയന്ത്രണമില്ലാതെ രാസമലിനീകരണം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന ഈ രാസമലിനീകരണം നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള ആവാസവ്യവസ്ഥയില്‍ ഇന്ന് വളരെ പ്രകടമായി തന്നെ മാറ്റം വരുത്തിയിരിക്കുന്നു. നദിയുടെ വടക്കന്‍ വൃഷ്ടിപ്രദേശത്ത് ഒരുകാലത്ത് സജീവമായിരുന്ന ചീനവലകളില്‍ ഇന്ന് വലകള്‍ ഇല്ലാതെ കുറ്റികള്‍ മാത്രം അവശേഷിക്കുന്നു.

മത്സ്യബന്ധന മേഖല ദുരിതത്തില്‍, കായലും പുഴയും കാലി, തുടങ്ങിയ പത്രവാര്‍ത്തകള്‍ നിരന്തരം തുടരുന്നു. 1980 കള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തില്‍ ആണ് പെരിയാറിലെ രാസവ്യവസായ മലിനീകരണം അതീവരൂക്ഷമാണെന്നും ശ്രദ്ധ ആവശ്യമാണെന്നും ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത്.

1980ല്‍ ഗോവയിലെ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായ രാസമാലിന്യങ്ങള്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്ന് 7 ദിവസത്തോളം സംസ്ഥാനത്തെ 5 പട്ടണങ്ങളില്‍ കുടിവെള്ളവിതരണം നിര്‍ത്തിവെക്കേണ്ടതായി വന്നു. അന്ന് ഉയര്‍ന്ന വലിയ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്നാണ് ഒരു മുന്‍കരുതലെന്നോണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (CPCB) എല്ലാ സംസ്ഥാന (SPCB) ബോര്‍ഡുകളോടും കുടിവെള്ള സംഭരണ മേഖലകളില്‍ വ്യവസായശാലകളുണ്ടെങ്കില്‍ അവ മൂലമുണ്ടാകുന്ന മലിനീകരണം പഠനവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്.

പെരിയാര്‍ നദിയില്‍ ഏലൂര്‍-ഇടയാര്‍ മേഖലയില്‍ പാതാളം ബണ്ടിനു (കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖല) സമീപം ആണ് KSPCB ഈ കാലയളവില്‍ പഠനം നടത്തിയത്. ബണ്ടിനു ഇരുകരയിലും വ്യവസായങ്ങള്‍ ഉണ്ടെന്നും പെരിയാര്‍ നദിയുടെ കിഴക്കന്‍ മേഖലയില്‍ (ബണ്ടിന് സമീപത്ത്) വെള്ളത്തിന്റെ ഗുണനിലവാരമില്ലാതാകുന്നൂ എന്നും തുടര്‍ച്ചയായുള്ള മത്സ്യകുരുതികള്‍ നൂറുകണക്കിന് ആളുകളുടെ ജീവനോപാധിയില്ലാതാക്കാനും കോടികണക്കിന് രൂപ നഷ്ടമുണ്ടാക്കാനും ഇടയുണ്ടെന്നും പഠനം വ്യക്തമാക്കിയിരുന്നൂ.

പാതാളം ബണ്ടിനോട് ചേര്‍ന്ന് വ്യവസായ ശാലകള്‍ ഉയര്‍ന്ന അളവില്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നത് ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി അക്ഷരാര്‍ത്ഥത്തില്‍ “പാതാളമാവുകയാണ് (നരകം)” എന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.

അടുത്തപേജില്‍ തുടരുന്നു

പെരിയാര്‍ നദിയുടെ മലിനീകരണത്തിന്റെ രൂക്ഷതയെക്കുറിച്ച് 36 കൊല്ലമായി ഉയര്‍ന്നുവന്നിട്ടുള്ള പഠനങ്ങളും, പരിഹാര നിര്‍ദേശങ്ങളും, ചര്‍ച്ചകളുമെല്ലാം നടപടികള്‍ ഒന്നുമില്ലാതെ വെറും കടലാസില്‍ അവശേഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം (2015ല്‍) ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയിലൂടെ രാസമാലിന്യം പേറി ചുവപ്പ്, ബ്രൌണ്‍, കറുപ്പ് വര്‍ണങ്ങളില്‍ പെരിയാര്‍ ഒഴുകിയത് 44 തവണയാണ്.

23 തവണ വലിയ രീതിയിലുള്ള മത്സ്യകുരുതികള്‍ ഉണ്ടായി, കുടിവെള്ള സംഭരണ മേഖലയില്‍ പോലും മാലിന്യ ഒഴുക്കുന്നതും മത്സ്യകുരുതികളും ആവര്‍ത്തിക്കപ്പെട്ടു. 2016 ല്‍ പുഴ നിറംമാറി ഒഴുകിയത് 28 തവണ ആണ്. മത്സ്യക്കുരുതികളും ആവര്‍ത്തിച്ചു്‌കൊണ്ടിരിക്കുന്നു. ഈ മലിനീകരണത്തിന്റെ കാരണം ഇതുവരെ വ്യക്തമാക്കാതിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, 2015 മെയ് മാസത്തിലും 2016 സെപ്റ്റംബര്‍ മാസത്തിലും പെരിയാര്‍ കുടിവെള്ള സംഭരണ മേഖലയില്‍ (പാതാളം ബണ്ടിനു മുകളില്‍) വ്യവസായശാലകള്‍ അനധികൃതമായി രാസമാലിന്യം തള്ളുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

കഴിഞ്ഞ ഏഴുദശാബ്ദമായി തുടരുന്ന വ്യവസായ മലിനീകരണം നദി-കായലിലെ വിഭവങ്ങള്‍ തുടച്ചുമാറ്റിയും വിഷലിപ്തമാക്കിയും അതിന്റെ എല്ലാ കഠിന്യവും നിലനിര്‍ത്തി ഇന്നും തുടരുന്നു. മലിനീകരണത്തിന്റെ വ്യാപ്തിയെപ്പറ്റി, അതിന്റെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ പറ്റി ഇന്നും പൊതുസമൂഹത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

മലിനീകരണം നിയന്തിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും കമ്മിറ്റികളും ഉണ്ടായെങ്കിലും മലിനീകരിക്കുന്നവര്‍ക്ക് എതിരെ കാര്യമായ നടപടി ഒന്നുമെടുക്കാതെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഇന്നും തുടരുന്നു. അടിയന്തിരശ്രദ്ധ കൊടുക്കേണ്ട ഈ ഘട്ടത്തില്‍ പെരിയാറിന്റെ രാസവിഷമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി വിവിധ ഗവേഷകര്‍ പ്രസിദ്ധികരിച്ച 60 തോളം പ്രബന്ധങ്ങളും/റിപ്പോര്‍ട്ടുകളും (ദേശീയവും അന്തര്‍ദേശീയവും) ഈ ലേഖനത്തില്‍ ക്രോഡീകരിക്കുകയാണ്.

പെരിയാര്‍ നദി/കൊച്ചി കായല്‍ തുടങ്ങിയ ജലാശയങ്ങളിലെ രാസമലിനീകരണത്തെ കുറിച്ച് വിശദമാക്കുന്നതിന് മുന്‍പ് ഈ ജലാശയങ്ങളില്‍ നിന്ന് പ്രത്യക്ഷത്തില്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് .

കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി എറണാകുളം ജില്ല പെരിയാര്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്താണ് ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നത്.

രാസമാലിന്യം തള്ളപ്പെട്ടു കറുപ്പ് നിറത്തില്‍ കിടക്കുന്ന പെരിയാറിന്റെ കുടിവെള്ള സംഭരണ മേഖല

കേരളത്തിന്റെ പ്രധാന വ്യവസായ മേഖല (ഏലൂര്‍-ഇടയാര്‍, 270 കമ്പനികള്‍) പൂര്‍ണമായും പെരിയാറിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലും, കൊച്ചി കായലിലുമുള്ള ആയിരകണക്കിന് ഹെക്ടര്‍ കെട്ട്-കൂട് മത്സ്യകൃഷി, പൊക്കാളി കൃഷി എന്നിവ പൂര്‍ണമായി പെരിയാര്‍ നദിയുടെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ആശ്രയച്ചിരിക്കുന്നു. ഈ മേഖലയില്‍ 22000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതായി കേരള ഫിഷറിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജില്ലയിലെ മത്സ്യ സാമ്പത്തിന്റെ ഭൂരിഭാഗവും (16000 ton/year) പെരിയാര്‍ നദി/കായല്‍/തീരദേശ മേഖലയില്‍ നിന്നുള്ളവയാണ്.

കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഇന്നും നാമമാത്രമായി ലഭിക്കുന്ന (ജങ്കാറില്‍ കുടിവെള്ള വിതരണം) എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ ഗാര്‍ഹിക ആവശ്യത്തിനായി പുഴയെ നേരിട്ട് ആശ്രയിക്കുന്നു.

പെരിയാര്‍ നദിയിയും വേമ്പനാട് കായലും വ്യാപകമായി രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെടുന്നത് 1943ല്‍ വ്യവസായ മേഖലയുടെ കടന്നുവരവോടുകൂടിയാണ്. ഇന്ന് പെരിയാറിന്റെ തീരത്തുള്ള വ്യവസായ മേഖലയില്‍ 270 വ്യവസായശാലകളുണ്ട് അതില്‍ റെഡ് കാറ്റഗറിയിലുള്ള (ഗുരുതരമായ മലിനീകരണ സാധ്യത) വ്യവസായശാലകള്‍ 98 ഉം ഓറഞ്ച് കാറ്റഗറിയിലുള്ളവ (ഇടത്തരം മലിനീകരണ സാധ്യത) 109മാണ്.

കഴിഞ്ഞ 20 വര്‍ഷമായി വിവിധ സംസ്ഥാന-കേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍, യുണിവേഴ്‌സിറ്റികള്‍, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, എന്‍.ജി.ഒകള്‍, സംസ്ഥാന അതോറിറ്റികള്‍ തുടങ്ങിയവരെല്ലാം പെരിയാറിലെ രാസ വ്യവസായ മലിനീകരണത്തിന്റെ വ്യാപ്തിയെ കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഈ പഠനങ്ങളില്‍ പെരിയാര്‍നദിയും, കായലും, തണ്ണീര്‍തടങ്ങളും, ഭക്ഷ്യവിഭവങ്ങളും, കുടിവെള്ളവും രാസവിഷങ്ങള്‍ മൂലം മലിനീകരിക്കപെട്ടുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

പെരിയാര്‍ നദിയുടെ വ്യവസായ മേഖലയുമായി ചേര്‍ന്ന പ്രദേശങ്ങള്‍ വൈവിധ്യമാര്‍ന്ന രാസമാലിന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു “ഹോട്ട് സ്‌പോട്ട്” ആണെന്ന് 2000ല്‍ ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയിലെ കുടിവെള്ളത്തിലും, ഭക്ഷ്യവസ്തുക്കളിലും മണ്ണിലും, തണ്ണീര്‍തടങ്ങളിലും അനുവദനീയമായ അളവില്‍ നിന്ന് വളരെ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നു.

ഈ പഠനത്തിന് ശേഷം ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരും മലിനീകരണത്തിന്റെ വ്യാപ്തിയെ കുറിച്ച് പഠന വിധേയമാക്കിയപ്പോള്‍ പെരിയാര്‍ നദിയുടെ വ്യവസായമേഖല അടങ്ങുന്ന പ്രദേശം മാത്രമല്ല, നദിയുടെ നീരൊഴുക്കുള്ള കൊച്ചികായലിന്റെ അനേകം കൈവഴികളിലേക്കും, കായലില്‍ നിന്നുള്ള വേലിയേറ്റ-യിറക്കത്തിന് വിധേയമാകുന്ന പ്രദേശങ്ങളിലും ഈ മലിനീകരണം അതിന്റെ പൂര്‍ണമായ തോതില്‍ വ്യാപിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പെരിയാര്‍ നദിയുടെ/കൊച്ചി കായലിന്റെ ഒഴുക്ക്, വെള്ളത്തിലും, ഊറലിലും, മത്സ്യങ്ങളിലും ഉള്ള രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം, നദി ഒഴുകുന്ന പ്രദേശങ്ങളിലുള്ള കുടിവെള്ളം, കാര്‍ഷിക ഉല്പന്നങ്ങള്‍, മത്സ്യവിഭവങ്ങള്‍ എന്നിവയിലുള്ള രാസമാലിന്യങ്ങള്‍, പുഴയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയെല്ലാം ക്രോഡീകരിക്കുമ്പോള്‍ പെരിയാര്‍ നദിയിലെ വ്യവസായ മലിനീകരണം 4 രീതിയിലാണ് മനുഷ്യന്/പ്രകൃതിക്ക് ആപല്‍ക്കരമാകുന്നത് എന്ന് മനസിലാക്കാം.

1. പെരിയാര്‍ നദിയുടെ കുടിവെള്ള സംഭരണ മേഖലയുടെ പ്രധാന കൈവഴികള്‍ വ്യവസായ മേഖലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങള്‍ വേലിയേറ്റ-ഇറക്കങ്ങള്‍ക്ക് വിധേയമായ പ്രദേശങ്ങളാണ്. ഇവിടെ കുടിവെള്ളത്തിലും, ഊറലിലും, മത്സ്യങ്ങളിലും രാസമാലിന്യങ്ങളുടെ ഉയര്‍ന്ന സന്ന്യധ്യം കണ്ടെത്തിയിട്ടുണ്ട്.

2.പുഴയില്‍ തള്ളപ്പെടുന്ന രാസമാലിന്യം മൂലം പെരിയാര്‍ നദിയിലും/കൊച്ചി കായലിലും വലിയ രീതിയില്‍ മത്സ്യശോഷണം സംഭവിച്ചിട്ടുണ്ട്. നമുക്ക് സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളില്‍, കക്കകളില്‍ ഘനലോഹങ്ങളുടെ സന്ന്യധ്യം അനുവദനീയമായതിന്റെ പലമടങ്ങാണ്. നാം കഴിക്കുന്ന മത്സ്യഭക്ഷണ വിഭവങ്ങളിലൂടെ വിഷമാലിന്യങ്ങള്‍ മനുഷ്യനെ സാരമായി ബാധിക്കാനിടയുണ്ട്.

3. രാസവ്യവസായശാലകള്‍ തള്ളുന്ന രാസവിഷമാലിന്യം പെരിയാര്‍ നദിയിലും അതുചെന്നുചേരുന്ന കൊച്ചി കായലിലെയും ഊറലില്‍ വലിയ രീതിയില്‍ കുമിഞ്ഞ് കൂടപ്പെട്ടിരിക്കുന്നു. അപകടകരം ആയ ഘനലോഹങ്ങള്‍ (toxic metals) (Zn സിങ്ക്, Cd – കാഡ്മിയം, Pb – ലെഡ്, Hg-മെര്‍ക്കുറി) ന്റെ സാന്നിധ്യം പെരിയാര്‍ നദിയുടെ/കൊച്ചി കായലിന്റെ അടിത്തട്ടില്‍ കാണപ്പെടാന്‍ സാധ്യത ഉള്ള അളവിന്റെ 100 ഇരട്ടിവരെ കാണപ്പെടുന്നു. ഈ മാലിന്യങ്ങള്‍ ആയിരകണക്കിന് വര്‍ഷങ്ങള്‍ അവിടെ നിലനില്‍ക്കുകയും ജീവന് ആപത്തായിക്കൊണ്ടിരിക്കുകയും ചെയ്യും.

4.വ്യവസായ മേഖലക്കുശേഷം പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളില്‍ കിണറുകള്‍ വലിയ രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഏലൂര്‍, ചേരാനെല്ലൂര്‍, തുടങ്ങി പുഴതീരത്തുള്ള പഞ്ചായത്തുകളില്‍ നിത്യപയോഗത്തിന് ഒരു രീതിയിലും പുഴയെ ആശ്രയിക്കാന്‍ കഴിയില്ല.

അടുത്തപേജില്‍ തുടരുന്നു

പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അടിഞ്ഞ് കൂടപ്പെട്ടിരിക്കുന്ന രാസമാലിന്യങ്ങള്‍. അഴിക്കോട് മുതല്‍ തണ്ണീര്‍ മുക്കം വരെയുള്ള പ്രദേശത്ത് നടത്തിയ പഠനം

ഈ നാല് സുപ്രധാന മേഖലകളിലുള്ള മലിനീകരണത്തിന്റെ വ്യാപ്തിയെയും, കഠിന്യത്തെയും കുറിച്ച് വളരെ വിശദമായി തന്നെ മനസിലാക്കേണ്ടതുണ്ട്.

കുടിവെള്ള വിതരണ മേഖലയിലെ മലിനീകരണം

പെരിയാര്‍ നദിയില്‍ പാതാളം, മഞ്ഞുമ്മല്‍, പുറപിള്ളി തുടങ്ങിയ കൈവഴികളില്‍ ബണ്ട് സ്ഥാപിച്ചാണ് കുടിവെള്ളം സംഭരിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന കൈവഴിയും കൂടുതല്‍ ശുദ്ധീകരണശാലകളും പാതാളം സംഭരണ മേഖലയിലാണ്. വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍, ഓര് വെള്ളം (കടല്‍ വെള്ളം) എന്നിവ എത്തിചേരുന്ന പ്രദേശത്താണ് ഈ സംഭരണ മേഖലകള്‍.

“റെഡ് കാറ്റഗറിയിലുള്ള (രാസാധിഷ്ടിതമായ) വ്യവസായ ശാലകള്‍ പോലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്പുറമേ വേലിയേറ്റ-യിറക്കത്തിന് വിധേയമായ പ്രദേശം കൂടിയാണിത്. കുടിവെള്ള സംഭരണ മേഖലയുടെ ഭാഗമായ കിഴ്മാടിനു താഴേക്ക് തീരപ്രദേശ പരിപാലന മേഖലയാണെന്ന് സെസിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇതിനുപുറമേ ഈ പ്രദേശത്ത് നിന്ന് താഴേക്ക് മണല്‍ ഘനനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ സങ്കീര്‍ണമായ രാസജൈവ മാറ്റത്തിന് സാധ്യതയുള്ള പുഴയുടെ ഈ പ്രദേശത്ത് നിന്ന് എടുക്കുന്ന വെള്ളം “ക്ലോറിനേഷന്‍” പോലെയുള്ള ലഘുവായ ശുദ്ധികരണ പ്രക്രിയക്ക് വിധേയമാക്കിയാണ് കുടിവെള്ളമായി വിതരണം നടത്തുന്നത്.

ശുദ്ധികരണ ശാലയില്‍ നിലവിലുള്ള പ്രക്രിയകള്‍ വഴി സാന്ദ്രത കൂടിയ പദാര്‍ത്ഥങ്ങളും (ചെളി, മണ്ണ്), സൂഷ്മജീവജാലങ്ങളും മാത്രമേ ഇല്ലാതാക്കാന്‍ കഴിയു. വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഘനലോഹങ്ങളോ, സങ്കീര്‍ണമായ ജൈവസംയുകതങ്ങളോ ഇല്ലാതാക്കാന്‍ കഴിയില്ല. ക്ലോറിനെഷന്‍ പോലുള്ള ലഘുവായ ശുദ്ധികരണ പ്രക്രിയകള്‍ മാത്രം നടത്തി കുടിവെള്ള വിതരണം നടത്തപ്പെടുമ്പോള്‍ വിശദമായ രാസജൈവ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.

കുടിവെള്ള വിതരണം നടത്തുന്നതിന് ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BIS) നിഷ്‌കര്‍ഷിക്കുന്ന രാസപരിശോധനകള്‍ നടത്തി ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്, 6 പട്ടികയിലായി അടിസ്ഥാന പരിശോധനകള്‍, ടോക്‌സിക്, റേഡിയോ ആക്റ്റീവ്, പെസ്റ്റിസൈഡ്, ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ എന്നിങ്ങനെ 65 പരിശോധനകളായി തരംതിരിച്ചിട്ടുണ്ട്.

എന്നാല്‍ അടിസ്ഥാനപരമായ പരിശോധനകള്‍ പോലും പൂര്‍ണമായി നടത്താതെ ആണ് ഇന്നും കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. കുടിവെള്ളത്തില്‍ വ്യവസായമാലിന്യം നിരവധി തവണ ഒഴുക്കിയപ്പോളും വാട്ടര്‍ അതോറിറ്റി വിശദമായ പരിശോധനകള്‍ നടത്താതെ അടിസ്ഥാന പരിശോധനകള്‍ മാത്രം നടത്തി കുടിവെള്ളം ശുദ്ധമാണെന്ന വാര്‍ത്ത നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണുണ്ടായത്.

പെരിയാറിന്റെ കുടിവെള്ള സംഭരണ മേഖലയില്‍ സി.എം.ആര്‍.എല്‍ രാത്രിയില്‍ മഴവെള്ള കുഴലിലൂടെ രാസമാലിന്യം തള്ളുന്നു.

കുടിവെള്ളത്തില്‍ രാസമാലിന്യങ്ങള്‍- സമീപകാല സംഭവവികാസങ്ങള്‍

2016 സെപ്റ്റംബര്‍ 23 നു കുടിവെള്ള സംഭരണ മേഖലയില്‍ CMRL എന്ന രാസവ്യവസായശാല വലിയ രീതിയില്‍ രാസമാലിന്യം തള്ളുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീക്കുകയുണ്ടായി. കുടിവെള്ള സംഭരണമേഖലയില്‍ തുടര്‍ച്ചയാകുന്ന വ്യവസായ മലിനീകരണം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

എന്നാല്‍ ഒക്ടോബര്‍ 14 നു ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്നും, വ്യവസായ മാലിന്യമില്ലെന്നും വിശദമായ പരിശോധനകള്‍ നടത്തപ്പെട്ടുവെന്നും വ്യവസായ ശാലകളെ അനുകൂലിച്ചുകൊണ്ട് വിവിധ പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വരികയുണ്ടായി.

പ്രസ്തുത റിപ്പോര്‍ട്ടിനെ കുറിച്ച് വിവരാവകാശനിയമ പ്രകാരം ലഭിച്ച മറുപടിയില്‍ കേരള വാട്ടര്‍ അതോറിറ്റി അടിസ്ഥാന പരിശോധനകള്‍ (അതും അപൂര്‍ണ്ണമായി) മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വ്യവസായശാല പുഴയില്‍ മാലിന്യം ഒഴുക്കിയതിന് 11 ദിവസങ്ങള്‍ക്കുശേഷമാണ് പരിശോധനകള്‍ നടത്തിയിട്ടുള്ളത് എന്നതും വ്യക്തമാവുന്നുണ്ട്.

റിപ്പോര്‍ട്ടിലുള്ള മറ്റൊരു വൈരുധ്യം കേരള വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന വെള്ളത്തില്‍ (treated water), പുഴയില്‍ നിന്ന് പമ്പ് ചെയ്ത് എടുക്കുന്ന വെള്ളതിനെക്കാള്‍ (raw water) കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ വരുന്നുണ്ട് എന്നുള്ളതാണ്. അതായത് പുഴവെള്ളത്തില്‍ അടങ്ങിയിട്ടുള്ള രാസ പദാര്‍ത്ഥങ്ങളൊന്നും ശുദ്ധികരണം വഴി ഇല്ലാതാക്കാന്‍ കഴിയിലെന്നു മാത്രമല്ല ശുദ്ധികരിക്കുമ്പോള്‍ “കണ്ടാമിനേഷന്‍” ഉണ്ടാകുന്നുണ്ട് എന്നതും വ്യക്തമാവുകയാണ്.

കുടിവെള്ളത്തില്‍ രാസമാലിന്യമൊഴുക്കിയെന്നു ആരോപണ വിധേയമായിട്ടുള്ള കമ്പനിയില്‍ നിന്നുള്ള മാലിന്യത്തില്‍ കാണാന്‍ സാധ്യതയുള്ള ഘനലോഹങ്ങളോന്നും (മംഗനീസ്, ലെഡ്, കാഡ്മിയം, നിക്കല്‍) വാട്ടര്‍ അതോറിറ്റി ഈ കാലയളവില്‍ പരിശോധിച്ചിട്ടേയില്ല. ഇത്തരത്തില്‍ വിശദമായ പരിശോധനകളില്ലാതെ നിരുത്തരവാദപരമായാണ് 40 ലക്ഷം പേരുടെ കുടിവെള്ളം ശുദ്ധമാണെന്ന് ജില്ല കളക്ടറും പിന്നീട് മുഖ്യമന്ത്രി പോലും ഉറപ്പുനല്‍കിയത്.

കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖല സ്ഥിതിചെയ്യുന്നത് കൊച്ചി കായലിന്റെ വേലിയേറ്റ-ഇറക്കത്തിന് വിധേയമായ പ്രദേശത്താണ്. മഴക്കാലത്ത് പോലും ഓര് കയറ്റം ശക്തമാണെന്നും കൊച്ചിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ വരെ വേലിയേറ്റ-ഇറക്കം ഉണ്ടാകുന്നുവെന്നും വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പെരിയാറിന്റെ കിഴക്കേ അറ്റത്തുള്ള കുടിവെള്ള പമ്പിങ് സ്റ്റേഷനായ ചോവ്വരയും കഴിഞ്ഞ് കിലോമീറ്ററുകളോളം ഏറ്റ-യിറക്കങ്ങള്‍ ഉണ്ട് എന്ന് സാരം. കുടിവെള്ള സംഭരണ മേഖലയില്‍ ഉള്ള വേലിയേറ്റം വഴി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള ബണ്ടുകള്‍ തികഞ്ഞ പരാജയമാണെന്നു വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

ഓര് കയറ്റം വഴി ഉണ്ടാകുന്ന ക്ലോറേറ്റിന്റെ സാന്നിധ്യം ഈ മേഖലകളില്‍ അനുവദനീയമായ അളവിന്റെ 40 ഇരട്ടി ആണ്. കുടിവെള്ളത്തില്‍ അനുവദനീയം ആയ ക്ലോറേറ്റിന്റെ അളവ് 250 mg/l ആയിരിക്കെ പാതാളം ബണ്ടിന്റെ മുകളില്‍ 5020mg/l (20 ഇരട്ടി), 9800 mg/l (40 ഇരട്ടി) എന്നിങ്ങനെ ഉയര്‍ന്ന അളവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാസപദാര്‍ഥങ്ങള്‍ ശുദ്ധീകരണം വഴിയില്ലാതാക്കാന്‍ കഴിയില്ല.

പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയില്‍ ക്ലോറേറ്റിന് പുറമെ അപകടകരമായ ഘനലോഹ മാലിന്യങ്ങളും മറ്റ് രാസപദാര്‍ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിലെ അയേണ്‍, ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങള്‍ മഴ കുറയുമ്പോള്‍ അധീകരിക്കുന്നതായി (അനുവദനീയ പരിധി പെര്‍മിസ്സിബിള്‍ ലിമിറ്റിന് മുകളില്‍) കേരള യുണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാണ്.

പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയില്‍ മണല്‍ വാരലിന് വിധേയമായ പ്രദേശത്തെ വെള്ളം പഠന വിധേയമാക്കിയപ്പോള്‍ ലെഡ്, കോപ്പര്‍, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ അനുവദനീയമായ അളവില്‍ നിന്ന് 50 മടങ്ങോളം ഉയര്‍ന്ന അളവില്‍ കാണപ്പെട്ടിട്ടുണ്ട്.

MG യുണിവേര്‍സിറ്റി 2014 ല്‍ പെരിയാര്‍ നദിയിലെ കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിന്റെ ഗുണനിലവാരം പഠനവിധേയം ആക്കിയപ്പോള്‍, വെള്ളം ഉപയോഗ്യയോഗ്യം അല്ലയെന്നും ഫെനോലിക് കംപൌണ്ട്‌സ്, അയോണ്‍, ഠഉട, ഇഛഉ എന്നി മലിനീകാരികള്‍ അനുവദനീയം ആയ അളവില്‍ നിന്ന് അധികരിക്കുന്നതായി വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള രാസമാലിന്യങ്ങള്‍ കുടിവെള്ള സംഭരണ മേഖലയിലുള്ളതുകൊണ്ട് ഈ വെള്ളം ക്ലോറിനേഷന്‍ വഴി ശുദ്ധികരിച്ചതുകൊണ്ടോ, ചൂടാക്കിയതുകണ്ടോ, വീടുകളില്‍ ഉള്ള നവശുദ്ധീകരണസംവിധാനങ്ങള്‍ (RO units) വഴിയോ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് കുടിവെള്ളത്തിലും ഭക്ഷണത്തിലും കലരുന്നത് മാരകമായ കിഡ്‌നി രോഗങ്ങള്‍ക്കും ക്യാന്‍സറിനും ഇടയാക്കുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

2016 (നവംബര്‍ 15,16,17) കുടിവെള്ള സംഭരണ മേഖലയില്‍ ശക്തമായ ഓര് കയറ്റത്തെ തുടര്‍ന്ന് കുടിവെള്ള വിതരണം നിര്‍ത്തേണ്ടതായി വന്നിരുന്നു. വെള്ളത്തില്‍ ക്ലോറേറ്റ് 1000 mg/l ആയതിനെ തുടര്‍ന്ന് പമ്പിങ്ങ് നിര്‍ത്തിവെച്ചു എന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്.

വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞതിനെ തുടര്‍ന്ന് പമ്പിങ്് പുനരാരംഭിച്ചപ്പോള്‍ പോലും നഗരത്തിന്റെ പലഭാഗങ്ങളിലും ഉപ്പുവെള്ളമായിരുന്നു കിട്ടിയിരുന്നത്. രാസമാലിന്യങ്ങളാല്‍ അതീവഗുരുതരമായി മലിനീകരിക്കപ്പെട്ട വേമ്പനാട് കായലിലൂടെ കയറിയ ഉപ്പുവെള്ളത്തിലുള്ള ക്ലോറേറ്റ് കുറഞ്ഞപ്പോള്‍ കുടിവെള്ള വിതരണം പുനരാരംഭിച്ചു എന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചത്.

വിതരണം പുനരാരംഭിച്ചപ്പോള്‍ അടിസ്ഥാന പരിശോധനകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത് എന്ന് പത്രവാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ്. ഒരു നിശ്ച്ചിത അളവ് വെള്ളം തുടര്‍ച്ചയായി പമ്പ് ചെയ്ത് കൊടുക്കുമ്പോള്‍ അതിന്റെ ഗുണമേന്മ കേരള വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നില്ല എന്നത് കൂടുതല്‍ വ്യക്തമാവുകയാണ്.

കുടിവെള്ള വിതരണത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങളാണ് കേരളവാട്ടര്‍ അതോറിറ്റിക്കുള്ളത്. കേരളവാട്ടര്‍ അതോറിറ്റി അതിന്റെ കുടിവെള്ള വിതരണം തുടങ്ങിയ കാലഘട്ടം മുതല്‍ വിതരണം ചെയ്യപ്പെടുന്ന വെള്ളത്തിന്റെ അളവിനാണ് (Quantity), മറിച്ച് അതിന്റെ ഗുണമേന്മക്കല്ല (Quality) പ്രാധാന്യം നല്‍കിയിട്ടുള്ളത്. വര്‍ഷങ്ങളായി തുടരുന്ന ശുദ്ധികരണ പ്രക്രിയ തുടരുന്നു എന്നല്ലാതെ പുഴ/സ്രോതസിന് ഉണ്ടാകുന്ന മാറ്റം കേരള വാട്ടര്‍ അതോറിറ്റി പരിഗണിക്കുന്നേയില്ല.

അടുത്തപേജില്‍ തുടരുന്നു

പെരിയാറിന്റെ സംഭരണ മേഖലയില്‍ ശ്രീശക്തി രാസമാലിന്യം തള്ളുന്നു

2014ല്‍ സംയുക്തമായി ജര്‍മനിയിലെ RWTH അമരവലി University, Leibniz Center for Tropical Marine Ecology , കൊച്ചിന്‍ യുണിവേഴ്‌സിറ്റിയും ചേര്‍ന്ന് പെരിയാര്‍ നദിയും കൊച്ചി കായലും പഠനവിധേയമാക്കിയപ്പോള്‍ കായലില്‍ പെരിയാര്‍ വന്നുചേരുന്ന പ്രദേശങ്ങളില്‍ വ്യവസായ മലിനീകരണം മൂലം നിര്‍ജീവമാക്കപെട്ടു എന്നും 83 organic കണ്ടാമിനെന്റ്‌സും (endosulfan, hexachlorobenzene, DDT, hexachlorocyclohexane and their metabolites), ബെന്‍സീന്‍ സംയുക്തങ്ങളും (benzothiazole, dibenzylamine and dicyclohexylamine derivatives) ഈ പ്രദേശങ്ങളില്‍ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

പ്രദേശത്ത് പുഴയുടെ അടിത്തട്ടില്‍ ഉള്ള ജീവജാലങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായി എന്നും ഈ രാസമാലിന്യം ആവാസവ്യവസ്ഥയിലൂടെ ജീവജാലങ്ങളിലും മനുഷ്യരിലും എത്തിച്ചേരുമെന്നും ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകത്തെ മറ്റു മലിനീകരിക്കപ്പെട്ട 22 പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓര്‍ഗനോ ക്ലോറിന്‍ പെസ്ടിസൈഡുകള്‍ കൊച്ചി കായലില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട്/കൊച്ചി കായലിന്റെ ജൈവവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ പെരിയാറിന്റെ സ്വാഭാവികമായ നീരൊഴുക്ക് അവിഭാജ്യഘടകമാണ്. വ്യവസായശാലകളുടെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ മൂലം കേവലം 70 വര്‍ഷം കൊണ്ട് ഈ പ്രദേശങ്ങളിലുണ്ടായ രാസമലിനീകരണത്തിന്റെ കാഠിന്യം ഇനിയും ആയിരക്കണക്കിന് വര്‍ഷം നിലനില്‍ക്കും.

കൊച്ചി കായലിന്റെ സ്വാഭാവികമായ ചില പ്രിത്യേകതകളാണ് ഈ മലിനീകരണത്തിന്റെ തോത് ഇത്തരത്തില്‍ വര്‍ധിക്കാന്‍/അടിഞ്ഞുകൂടാന്‍ ഇടയായത്. പുഴയുടെ/കായലിന്റെ ഒഴുക്കിന്റെ സ്വഭാവം മനസിലാക്കാതെയാണ് വ്യവസായ മേഖല പുഴയുടെ/കായലിന്റെ നീരൊഴുക്ക് കുറഞ്ഞ പ്രദേശത്ത് നാല്‍പതുകളില്‍ സ്ഥാപിക്കപെട്ടത്. ആവശ്യാനുസരണം വെള്ളം എടുക്കാനും, പുറന്തള്ളാനും, അസംസ്‌കൃത വസ്തുക്കള്‍ വ്യവസായമേഖലയില്‍ എത്തിക്കാനുമുളള സാഹചര്യം ഉണ്ടോയെന്ന് മാത്രമാണ് അന്ന് പരിഗണിക്കപെട്ടിരുന്നത്.

പുറന്തള്ളുന്ന മലിന്യത്തിന്റെ അളവ്, കാഠിന്യം എന്നിവയെ കുറിച്ചോ അതിന്റെ അപകടങ്ങളെ കുറിച്ചോ അന്നത്തെ ഭരണാധികാരികള്‍ക്ക് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. പുഴയിലെ വെള്ളം ആവശ്യാനുസരണം പമ്പുചെയ്ത് എടുക്കാനും മാലിന്യം തള്ളാനും അനുവദിച്ചു. നിയന്ത്രണം ഇല്ലാതെ തള്ളപ്പെട്ട ആ മാലിന്യമാണ് ദശാബ്ദങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ മലിനീകരണത്തില്‍ കൊണ്ടെത്തിച്ചത്.

കായലിന്റെ/പുഴയുടെ നീരൊഴുക്കാണ് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഒരു സുപ്രധാന ഘടകം. കൊച്ചി കായലിന്റെ/പുഴയുടെ ഒഴുക്കിനെ കുറിച്ച് സാരമായ ധാരണകള്‍ ശാസ്ത്രസമൂഹത്തിന് ഏതാനും വര്‍ഷം മുമ്പുവരെ ഉണ്ടായിരുന്നില്ല. കൊച്ചി കായലിന്റെ വടക്കന്‍ മേഖലകളില്‍ അതായത് പെരിയാര്‍ നദി കായലുമായി ചേരുന്ന പ്രദേശങ്ങളില്‍ ഒഴുക്ക് തീരെ കുറവാണ്.

പുഴ ഒഴുക്കികൊണ്ടുവരുന്ന മാലിന്യങ്ങള്‍ കടലിലേക്ക് പുറന്തള്ളാനുള്ള ശേഷി കായലിന് ഈ പ്രദേശങ്ങളില്‍ ഇല്ലയെന്ന് 2008 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷിനോഗ്രഫി നടത്തിയ വിശദമായ പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പെരിയാര്‍ ചെന്ന് ചേരുന്ന വൈപിന്‍ ദീപിനോട് ചേര്‍ന്നുള്ള വീരന്‍ പുഴയില്‍ തെക്കുനിന്നും (ഫോര്‍ട്ട് കൊച്ചി) വടക്ക് നിന്നും (മുനമ്പം) ഏറ്റം (tide) ഉള്ളതിനാല്‍ ഈ പ്രദേശങ്ങള്‍ ഏറെക്കുറെ നിശ്ചലമാണ് (stagnent).

ഇങ്ങനെ ഒഴുക്ക് നിലക്കപ്പെട്ട അനേകം പ്രദേശങ്ങളിലാണ് വലിയ രീതിയില്‍ ഈ മാലിന്യം എത്തപ്പെടുന്നത്. പെരിയാറില്‍ 70 കൊല്ലമായി തള്ളുന്ന രാസമാലിന്യങ്ങളുടെ ബഹുഭൂരിപക്ഷവും കൊച്ചിവിട്ടു പോയിട്ടില്ലന്നും അതൊ ഡിപ്പോസിറ്റ് പോലെ കായലിലും മറ്റ് തണ്ണീര്‍തടങ്ങളിലും അവശേഷിക്കുന്നു എന്നുള്ളത് വിവിധ പഠനങ്ങളില്‍ നിന്ന് സുവ്യക്തമാണ്.

ഈ രാസവിഷമാലിന്യങ്ങള്‍ വര്‍ഷങ്ങളോളം ഈ കായലില്‍/പുഴയില്‍ ഉടലെടുക്കുന്ന ജീവനില്‍ അപകടം ഉണ്ടാക്കാന്‍ പര്യാപ്തമാണ്.


കിണറുകളിലും പാടശേഖരങ്ങളിലും രാസമാലിന്യം

എറണാകുളം ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യതസ്തമായി പെരിയാറിന്റെ തീരത്തുള്ള (down stream) പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലം കാണപ്പെടുന്നത് ഉപരിതലത്തില്‍ തന്നെയാണ് (1m). നദി ഗുരുതരമായി മാലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ അതിനോട് ചേര്‍ന്ന പാടശേഖരങ്ങളും കിണറുകളും മലിനീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്.

വ്യവസായ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കിണര്‍ വെള്ളത്തില്‍ ലെഡ്, കാഡ്മിയം, അയേണ്‍ എന്നി ഘനലോഹങ്ങള്‍ എന്നിവ ഉള്ളതായും ഈ വെള്ളം കുടിവെള്ള യോഗ്യമല്ലെന്നും കേരള വെറ്റിനറി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പെരിയാറിന്റെ തീരത്ത് വ്യവസായ മേഖലയിലുള്ള എടയാറ്റുചാല്‍, ചക്കരചാല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുള്ളതായി സുപ്രീംകോടതി കോടതി മോനിറ്ററിങ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ചക്കരച്ചാല്‍ (സിങ്ക് 19810ppm, അയേണ്‍ 139640ppm, ലെഡ്218ppm, കാഡ്മിയം175ppm, കോപ്പര്‍160ppm, നിക്കല്‍53ppm, ക്രോമിയം85.8ppm ), എടയാട്ട്ചാല്‍ (സിങ്ക് 1577ppm, അയേണ്‍ 93925ppm, ലെഡ്424ppm, കാഡ്മിയം66ppm, കോപ്പര്‍148ppm, നിക്കല്‍64ppm, ക്രോമിയം350ppm) പാടശേഖരങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ ലോഹഖനികള്‍ക്ക് തുല്യമായ രീതിയില്‍ മാരകമായി ഘനലോഹമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നു.

അനുവദനീയമായ അളവില്‍ നിന്ന് 100 ഇരട്ടിയോളമാണ് ഈ പാടശേഖരങ്ങളില്‍ ഈ വിഷലോഹങ്ങളുടെ സാന്നിധ്യം. പെരിയാറിലെ തീരത്തുള്ള ഈ പാടശേഖരങ്ങളില്‍ ഇനി നൂറുകണക്കിന് വര്‍ഷങ്ങള്‍ കൃഷിയോഗ്യമല്ല എന്നുമാത്രമല്ല, അവിടെനിന്ന് ഊറി ഇറങ്ങുന്ന വെള്ളം വര്‍ഷങ്ങളോളം കുടിവെള്ളത്തെയും ഭക്ഷ്യപദാര്‍ഥങ്ങളേയും മലിനീകരിക്കാന്‍ പര്യാപ്തമാണ്. എടയാറ്റു പാടശേഖരം കൊച്ചിയുടെ കുടിവെള്ള സംഭരണിയുടെ മുകളിലാണ് എന്നുള്ളതാണ് അത്ഭുതകരമായ വസ്തുത.

അടുത്തപേജില്‍ തുടരുന്നു

മത്സ്യങ്ങളിലും രാസമാലിന്യങ്ങള്‍

പെരിയാര്‍ നദിയിലെ മത്സ്യങ്ങളിലെ എണ്ണത്തിലും, വൈവിധ്യത്തിലും, ഗുണമേന്മയിലും വലിയ മാറ്റങ്ങള്‍ ഉള്ളതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നൂ. ഇന്ത്യയിലെ വിവിധ നദികളില്‍ പഠനം നടത്തിയപ്പോള്‍ ഏറ്റവും നാശം വന്നിരിക്കുന്ന നദികളില്‍ മുന്‍നിരയിലാണ് പെരിയാര്‍; 14 ഓളം കുറുവ, പൂളാന്‍, കൂരി, ഈല്‍ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ നദിയില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷമായി.19 ഓളം വിവിധ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ ശക്തമായ് വംശനാശഭീഷണി നേരിടുന്നു.

ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന നദികളെ 1 മുതല്‍ 5 വരെയുള്ള സ്‌കോര്‍ നല്‍കി തരംതിരിച്ചിരിക്കുന്നു. വംശനാശഭീഷണി കുറഞ്ഞ നദികള്‍ക്ക് സ്‌കോര്‍ ഒന്നും കൂടുതല്‍ ഉള്ള നദിക്കു 5 മാണ് നല്‍കിയിരിക്കുന്നത്. വംശനാശഭീഷണി ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നദി നര്‍മദ (സ്‌കോര്‍ 1) ആണെന്നും ഏറ്റവും കൂടിയ നദി പെരിയാര്‍ (സ്‌കോര്‍ 5) ആണെന്നും വിലിയിരുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷികസംഘടന എന്നിവര്‍ നിഷ്‌കര്‍ഷിക്കുന്നതിന്റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ ഖനലോഹങ്ങളുടെ സാന്നിധ്യം. കിളിമീന്‍, നരിമീന്‍, വറ്റ, അയല, മാന്തള്‍, കരിമീന്‍, കാലാഞ്ചി, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരകമായ വിഷമാലിന്യങ്ങള്‍ (ഹെവിമെറ്റല്‍സ് & പെസ്റ്റ്‌സൈഡ്) കണ്ടെത്തിയിട്ടുണ്ട്.

ഇതു കഴിക്കുന്ന മനുഷ്യന് കിഡ്‌നി, കരള്‍ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതായി ഈ പഠനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എറണാകുളം ജില്ലയില്‍ മാത്രമല്ല, കേരളത്തിന്റെ കിഴക്കന്‍ മലയോര മേഖലകളിലേക്കും ആവശ്യമായ മത്സ്യവിഭവങ്ങളുടെ ഏറിയ പങ്കും കയറ്റി അയക്കപ്പെടുന്നത് ഈ ജില്ലയിയുടെ തീരദേശ മേഖലയില്‍ നിന്നുതന്നെയാണ്.

കായലിന്റെ വടക്കന്‍ മേഖലകളിലെ ജലജീവികളിലുള്ള രാസമാലിന്യങ്ങള്‍ മനുഷ്യന് അപകടകരമായ അവസ്ഥയിലാണുള്ളത് എന്ന് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ 1992 മുതല്‍ വ്യക്തമാക്കുന്നുണ്ട്. Babukutty (1992), Maheswari, 2006, Renjitha, 2011, Mahesh mohan, et 2011, George, 2010, shaiju, 2013, അനു, 2014 എന്നി പഠനങ്ങളിലെല്ലാം മത്സ്യങ്ങള്‍, കക്കകള്‍ തുടങ്ങിയവയിലെല്ലാം ലോഹമാലിന്യങ്ങളുടെ സന്നിധ്യം അനുവദനീയം ആയ അളവിന്റെ പലമടങ്ങ് അധികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

കരിമീന്‍, എട്ട, കാലാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ ശരിരഭാഗങ്ങളില്‍ മെര്‍ക്കുറിയുടെ (Hg) അളവ് അനുവദനീയമായ അളവില്‍ (WHO standard) നിന്ന് പലമടങ്ങ് കൂടുതല്‍ ഉള്ളതായി മഹേഷ് മോഹന്‍ 2011ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഘനലോഹങ്ങള്‍ (Zn, Cd, Pb, Cu) പഠന വിധേയം ആക്കിയപ്പോള്‍ അനുവദനീയമായ അളവില്‍ (WHO standard) കൂടുതല്‍ മത്സ്യങ്ങളുടെ ശരീരഭാഗങ്ങളില്‍ അടങ്ങിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. കൂടിയ അളവില്‍ ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും പഠനം പറയുന്നു.

പൂയാന്‍, കതിരാന്‍, കിളിമീന്‍, നരിമീന്‍, മാന്തല്‍ തുടങ്ങിയ മത്സ്യങ്ങളിലും ഘനലോഹമാലിന്യങ്ങളുടെ ഉയര്‍ന്ന സാന്നിധ്യമുണ്ടെന്ന് വിവിധ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കായലിലെ കക്കകളിലുള്ള രാസമാലിന്യങ്ങള്‍ വിവിധ ഗവേഷകര്‍ പഠന വിധേയമാക്കിയപ്പോള്‍ (ജോര്‍ജ് 2010, ഷൈജു 2013, രഞ്ജിത 2011) സിങ്ക്, കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങള്‍ അധികരിച്ചതായി (Zn -420 PPM, Cd -6.21 PPM, Pb-7.45 PPM) വ്യക്തമാക്കുന്നു. World health organization ന്റെ നിബന്ധന പ്രകാരം അനുവദനീയമായ അളവ് യഥാക്രമം (Zn – 150 PPM, Cd -0.2 PPM, Pb-0.2 PPM) ആണ് അതായത് അനുവദനീയമായതിന്റെ 30 ഇരട്ടിയോളം ആണ് ഈ കൊച്ചി കായലിന്റെ വടക്കന്‍ മേഖലയില്‍ കക്കകളിലുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം. ഈ ലോഹമാലിന്യങ്ങള്‍ അടങ്ങിയ മത്സ്യവിഭവങ്ങള്‍ ആഹാരമാക്കുന്നതിലൂടെ വിവിധ രോഗങ്ങള്‍ വരാന്‍ ഉള്ള സാധ്യത കൂടും.

രാസമാലിന്യങ്ങളും അവയുടെ പ്രത്യാഘാതങ്ങളും

പെരിയാര്‍ നദിയിലെയും അതിന്റെ വൃഷ്ടി പ്രദേശത്തും കാണപ്പെടുന്ന രാസമാലിന്യങ്ങളെപ്പറ്റി വളരെ വിശദമായി തന്നെ മനസിലാക്കേണ്ടതുണ്ട്. പ്രകൃതിദത്തമായി കാണപ്പെടാന്‍ സാധ്യതയില്ലാത്ത ഘനലോഹങ്ങളും (മെര്‍ക്കുറി, കാഡ്മിയം, ലെഡ്), കീടനാശിനികളും (പോപ്പ്‌സ്) ആണ് ഇന്ന് ഉയര്‍ന്ന അളവില്‍ പെരിയാറിലും കൊച്ചികായലിലും കാണപ്പെടുന്നത്.

പൂര്‍ണമായും മനുഷ്യന് ഹാനികരമായ ഈ ലോഹങ്ങള്‍ നമ്മുടെ കുടിവെള്ളത്തില്‍, ഭക്ഷ്യവസ്തുക്കളില്‍, പ്രകൃതിയില്‍ എത്തിച്ചേര്‍ന്നത് വ്യവസായ മലിനീകരണം മൂലംമാണ്. നൂറുകണക്കിന് വര്‍ഷം നമ്മുടെ ചുറ്റ്പാടുകളില്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള അപകടകരമായ ഈ മാലിന്യങ്ങളെ (ഘനലോഹങ്ങളും കീടനാശിനികളും) പറ്റി ശരിയായ അവബോധം ഉണ്ടാകേണ്ടതുണ്ട്.

പ്രകൃതിയില്‍ കാണുന്ന മൂലകങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളാണ്. വളരെ വലിയ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ എല്ലാ ലോഹങ്ങളും ആരോഗ്യത്തിന് ഹാനിയുണ്ടാക്കും. നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ ആവശ്യമായ ലോഹങ്ങളുണ്ട്. ഇരുമ്പ്, സിങ്ക്, കാത്സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍.

നമ്മുടെ ശരീരത്തിന് ഒട്ടും ആവശ്യമില്ലാത്തവയും ശരീരത്തിന് അപകടം വിതയ്ക്കുന്നവയുമായ ലോഹങ്ങളുമുണ്ട്. വിഷ ഘനലോഹങ്ങള്‍ (Toxic Heavy Metals) എന്ന് വിശേഷിപ്പിക്കാവുന്നവയാണ് അത്തരം ലോഹങ്ങള്‍. കാഡ്മിയം, ലെഡ് അഥവാ കറുത്തീയം, പാഷാണം അഥവാ ആഴ്‌സനിക്ക്, രസം അഥവാ മെര്‍ക്കുറി തുടങ്ങിയവ ഇത്തരത്തിലുള്ളവയാണ്.

കാഡ്മിയം ഇത്തായ് കാന്‍സര്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും. ലെഡ് അഥവാ കറുത്തീയം മസ്തിഷ്‌ക്ക രോഗങ്ങള്‍, വിളര്‍ച്ച, വൃക്കരോഗങ്ങള്‍, മന്ദത എന്നിവയുണ്ടാക്കുന്നു. മെര്‍ക്കുറിയാകട്ടെ നാഡീരോഗങ്ങള്‍, വൃക്കരോഗങ്ങള്‍, വായിലും മോണയിലും വ്രണങ്ങള്‍ തുടങ്ങിയവയ്ക്കിടയാക്കുന്നു. ആഴ്‌സനിക്ക് ഇഞ്ചിഞ്ചായി ആളെ കൊല്ലും. പ്രമേഹം, വൃക്കരോഗങ്ങള്‍, നാഡീരോഗങ്ങള്‍, എന്നിങ്ങനെ അനേകം രോഗങ്ങള്‍ ഈ ലോഹം ഉണ്ടാക്കുന്നു.

ചെറിയ അളവിലുള്ള ഉപയോഗം തന്നെ കാന്‍സര്‍, നാഡീവ്യവസ്ഥ, പ്രതിരോധവ്യവസ്ഥ, പ്രത്യുത്പാദനവ്യവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട തകരാറുകള്‍, ശിശുക്കളുടെയും കുട്ടികളുടെയും വളര്‍ച്ച മുരടിപ്പിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്ന അതീവ മാരകമായ രാസപദാര്‍ത്ഥങ്ങളാണ് പോപ് എന്നറിയപ്പെടുന്ന സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ (Persistent Organic Pollutants).

ഇവ രാസപരമോ (Chemical), ജൈവപരമോ (Biological), പ്രകാശാവശോഷണം (photolysis) വഴിയോ നശിക്കുന്നില്ല. തത്ഫലമായി പ്രകൃതിയില്‍ അവ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഉപയോഗിക്കുന്ന പ്രദേശത്തുനിന്നും വിവിധമാര്‍ഗത്തില്‍ വിദൂരസ്ഥലങ്ങളില്‍ എത്തിച്ചേരുന്നതും (Long-range transport), മനുഷ്യനുള്‍പ്പെടെയുള്ള ജന്തുക്കളുടെ കലകളില്‍ ജൈവസാന്ദ്രീകരണത്തിന് (bioaccumulation) വിധേയമാകുന്നതും, ഭക്ഷ്യശൃംഖലകളില്‍ (Food Chains) ജൈവ ആവര്‍ധനം (biomagnification) സംഭവിക്കുന്നതുമായ ഇവ നമ്മുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു.

കീടനാശിനികളും, ലായകങ്ങളും, മരുന്നുകളും, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള രാസവസ്തുക്കളും ഒക്കെയായി ഉപയോഗിക്കുന്ന പല പദാര്‍ത്ഥങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നുണ്ട്. 2001ല്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (UNEP) യുടെ നേതൃത്വത്തില്‍ നടന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ പന്ത്രണ്ട് പോപ്പുകളെയാണ് കര്‍ശനമായി നിയന്ത്രിക്കേണ്ടവയായി കണ്ടെത്തിയത്.

Dirty Dozen അഥവാ “”പന്ത്രണ്ട് വൃത്തികെട്ടവര്‍”” എന്നാണ് ഇവ അറിയപ്പെടുന്നത്. 2014 ആകുമ്പോളേക്കും ഇന്ത്യയടക്കം 179 രാജ്യങ്ങള്‍ സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ആള്‍ഡ്രിന്‍, ക്ലോര്‍ഡേന്‍, ഡൈല്‍ഡ്രിന്‍, എന്‍ഡ്രിന്‍, ഹെപ്റ്റക്ലോര്‍, ഹെക്‌സാ ക്ലോറോബെന്‍സീന്‍, മിറെക്‌സ്, ടോക്‌സഫീന്‍ തുടങ്ങിയ മാരക കീടനാശിനികള്‍ ഈ പന്ത്രണ്ടുപേരില്‍ ഉള്‍പ്പെടും.

ക്യാന്‍സര്‍ ഉണ്ടാക്കുന്നവയും ശരീരത്തിലെ വിവിധ അവയവവ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ് ഇവ. വൃത്തികെട്ടവരില്‍ കുപ്രസിദ്ധന്‍ DDTയാണ്. ക്യാന്‍സര്‍, പ്രത്യുല്‍പ്പാദനശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌ക്കരോഗങ്ങള്‍ തുടങ്ങി അനവധിയായ പ്രശ്‌നങ്ങള്‍ DDT ഉണ്ടാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ DDT ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റട് പെരിയാറിന്റെ തീരത്താണ് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുക. മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുമ്പോളുണ്ടാകുന്ന മാരകവിഷവസ്തുക്കളാണ് ഡയോക്‌സിനുകള്‍.

പൊട്ടാസ്യം സയനൈഡിനേക്കാള്‍ പതിനായിരക്കണക്കിന് മടങ്ങ് വിഷ ശക്തിയുള്ള TCDD ഡയോക്‌സിന്‍ കുടുംബത്തിലെ അംഗമാണ് എന്നതില്‍ നിന്നും ഇവയുടെ വിഷശക്തി വ്യക്തമാകുമല്ലോ. ക്യാന്‍സര്‍ജനകങ്ങളായ ഇവ ഗര്‍ഭസ്ഥശിശുക്കളില്‍ ജനിതകവൈകല്യം ഉണ്ടാക്കും, ചാപിള്ളകളെ പ്രസവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പോപ് ആണ് പൊളിക്ലോറിനേറ്റഡ് ഡൈ ബെന്‍സോഫുറാന്‍. ഡയോക്‌സിന്‍ പോലെ തന്നെ ഇവയും അപകടകാരികളാണ്. ഇലക്ട്രോണിക് മാലിന്യങ്ങളിലും പലതരം പെയ്ന്റ്, പ്ലാസ്റ്റിക് എന്നിവയിലും അടങ്ങിയിരിക്കുന്ന പോളിക്ലോറിനേറ്റഡ് ബൈഫിനൈല്‍സ് (PCBs) വൃത്തികെട്ടവരിലെ പന്ത്രണ്ടാമനാണ്.

വന്ധ്യത, പ്രതിരോധശേഷിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവ ഈ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കും. വര്‍ഷങ്ങളോളം ശരീരത്തില്‍ കിടന്ന് ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യം ഉണ്ടാക്കാന്‍ ഇതിനുകഴിയും. 2001നു ശേഷം സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനിലെ അപകടകരമായ സ്ഥാവര കാര്‍ബണിക മാലിന്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍, BHC തുടങ്ങി ഒരു കൂട്ടം വിഷവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും. ഈ വിഷവസ്തുക്കളെല്ലാം മറ്റ് സ്ഥാവര കാര്‍ബണിക മാലിന്യങ്ങളെപ്പോലെ ക്യാന്‍സര്‍കാരികളും വൃക്കരോഗങ്ങളുണ്ടാക്കുന്നവയുമാണ്. കൂടാതെ പ്രത്യുല്‍പ്പാദന, അന്തസ്രാവീ, നാഡീ വ്യവസ്ഥകളെ തകരാറിലാക്കുകയും ചെയ്യും.

അടുത്തപേജില്‍ തുടരുന്നു


നീണ്ട 70 വര്‍ഷത്തെ വ്യവസായ മലിനീകരണം മൂലം ഇന്ന് പെരിയാര്‍ രാസവിഷ പദാര്‍ത്ഥങ്ങളാല്‍ വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നു. ലോകത്ത് മാരകമായ വിഷത്താല്‍ മലിനീകരിക്കപ്പെട്ട “ഹോട്ട് സ്‌പോട്ട്” ആയി വ്യവസായ മേഖല അടങ്ങുന്ന പ്രദേശം അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ മറ്റ് മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍സര്‍, ജനിതകവൈകല്യങ്ങള്‍ തുടങ്ങിയവ ഇന്ന് 3 ഇരട്ടിയോളം അധികമായി ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കുട്ടികളില്‍ ജനന വൈകല്യം കാണപ്പെടാനുള്ള സാധ്യത 4 ഇരട്ടിയോളം ആണെന്നും ഗ്രീന്‍പീസ് എന്ന അന്താരാഷ്ട്ര ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പെരിയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ കഴിഞ്ഞ 4 ദശാബ്ദമായി ഏലൂര്‍-ഇടയാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. പെരിയാര്‍ നദി 14 കിലോമീറ്റര്‍ അറബികടലിലേക്ക് ഒഴുകണം എന്നും വേലിയേറ്റ സമയത്ത് 30 കിലോമീറ്ററോളം പുഴ തിരിച്ച് ഒഴുകി ഓര് കയറുന്നുണ്ടെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

പെരിയാര്‍ നദിയിലെ വിഷലിപ്തമായ ഈ മാലിന്യങ്ങള്‍ ജില്ലയില്‍ കുടിവെള്ളത്തിലൂടെ, മത്സ്യവിഭവങ്ങള്‍ അടങ്ങുന്ന ഭക്ഷണത്തിലൂടെ മനുഷ്യശരിരത്തില്‍ എത്തിച്ചേരുന്നുണ്ട്.

പെരിയാര്‍ മലിനീകരണീ ചില വസ്തുതകളും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളും

പെരിയാര്‍ നദിയില്‍ വ്യവസായ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന വിപത്തുകള്‍ പ്രകൃതിക്ക്/മനുഷ്യന്/വരുംതലമുറയ്ക്ക് ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ രൂപപ്പെട്ടിരിക്കുന്നൂ. വ്യവസായ ശാലകള്‍ നിലനിര്‍ത്താന്‍ കോടികണക്കിന് രൂപ ചിലവഴിക്കുന്ന സര്‍ക്കാരുകള്‍ അടിസ്ഥാന വിഭവങ്ങളെ (പുഴ,കായല്‍, തണ്ണീര്‍ത്തടങ്ങള്‍) സംരക്ഷിക്കുന്നതില്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്.

പെരിയാര്‍ നദിയിലേക്ക് ഇന്ന് 270 ഓളം വ്യവസായശാലകള്‍ ചേര്‍ന്ന് എത്ര ലിറ്റര്‍ മാലിന്യം ദിവസേന തള്ളുന്നു എന്ന് കേരള പോല്ലുഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു പോലും നിശ്ചയമില്ല. ഈ രാസമാലിന്യങ്ങളുടെ ദൂരവ്യാപകം ആയ വിപത്തുകളെ കുറിച്ച് ബോര്‍ഡ് ബോധാവന്മാര്‍ ആണോ എന്നതിലും സംശയം ഉണ്ട്. കുടിവെള്ള സംഭരണീ, കായല്‍-പുഴ മത്സ്യബന്ധം, കെട്ട്-കൂട് മത്സ്യകൃഷി, വ്യവസായ മേഖല, പൊക്കാളി കൃഷി, ടൂറിസം മേഖലകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നാടിന്റെ കൃഷി-തൊഴില്‍-സാമ്പത്തികസാമൂഹിക മേഖലകള്‍ നിലനില്‍ക്കണമെങ്കില്‍ ഈ മലിനീകരണം അവസാനിപ്പി മതിയാകൂ.

പെരിയാരില്‍ നീരൊഴുക്ക് കുറഞ്ഞതും, മലിനീകരണം കൂടിയതും പെരിയാര്‍ നദിയുടെ/കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖലയെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ന് കൂടുതല്‍ ശക്തമാണ്. കുടിവെള്ള സംഭരണ മേഖലയിലുള്ള വ്യവസായ ശാലകള്‍ വലിയ രീതിയില്‍ രാസമാലിന്യം തള്ളുന്നത് ഇന്ന് നിത്യസംഭവം ആയി മാറുന്നു. ഈ സാഹചര്യത്തില്‍ നദിയുടെ കുടിവെള്ള സംഭരണ മേഖലയിലേക്ക് മാലിന്യം തള്ളുന്നത് മലിനീകാരികളുടെ വെള്ളത്തിലുള്ള തോത്/അളവ് വര്‍ധിപ്പിക്കും.

മാലിന്യം പുഴയില്‍ തള്ളുന്നത് മാത്രമല്ല; വ്യവസായിക ഉല്പാദനത്തിന്റെ ഭാഗം ആയി വരുന്ന മാലിന്യങ്ങള്‍ (പ്ലാസ്റ്റിക്, ഇ വേസ്റ്റ്, രാസപദാര്‍ഥങ്ങള്‍) കുടിവെള്ള സംഭരണ മേഖലയില്‍ 20 അടിയോളം ഉയരത്തില്‍ കൂട്ടി ഇട്ടിരിക്കുന്നതും കാണാന്‍ കഴിയും. തുടര്‍ച്ചയായി ഉണ്ടാകുന്ന നദിയുടെ നിറം മാറ്റവും, മത്സ്യകുരുതികളേയും തുടര്‍ന്ന് കൊച്ചിന്‍ യുണിവേഴ്‌സിറ്റി പഠനം നടത്തിയപ്പോള്‍ പെരിയാര്‍ നദി ഗുരുതരം ആയി മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നും നദിയിലെ വെള്ളം കുടിവെള്ളയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനും പുറമേ മലിനീകരണം മൂലം ഉണ്ടാകുന്ന മത്സ്യകുരുതികളില്‍ ടെന്‍ കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങുന്നത്. രാസവിഷ മലിനീകരണം നടക്കുന്ന പ്രദേശത്ത് ചത്തുപൊങ്ങുന്ന മത്സ്യങ്ങള്‍ വില്പനയ്ക്ക് എത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എങ്കിലും നടപടികള്‍ ഇല്ലാതെ തുടരുന്നു. ഈ മത്സ്യം തീന്‍മേശയില്‍ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പെരിയാര്‍ നദിയിലെ വ്യവസായ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ തികഞ്ഞ പരാജയമാണ്. സുപ്രീംകോടതിയുടെ 2003 ഉത്തരവ് പ്രകാരം എല്ലാ വ്യവസായ ശാലകളിലും തങ്ങളുടെ ഉല്പാദത്തിന്റെ ഭാഗമായി വരുന്ന അസംസ്‌കൃത വസ്തുക്കള്‍, ഉത്പന്നങ്ങള്‍, മാലിന്യങ്ങള്‍/സംസ്‌കരണം എന്നിവയെല്ലാം കുറിച്ച് വിശദമായ നോട്ടീസ് കമ്പനിയുടെ മുന്‍പില്‍ പതിപ്പിക്കണം.

വളരെ എളുപ്പം നടപ്പിലാക്കാന്‍ കഴിയുന്ന ഈ നിര്‍ദേശം പോലും ഭൂരിപക്ഷം വ്യവസായശാലകളിലും നടപ്പിലാക്കിയിട്ടില്ല എന്ന് മാത്രമല്ല നടപടി എടുക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനങ്ങപ്പാറ നയമാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത് . പെരിയാര്‍ നദി ചുവന്ന് ഒഴുകുമ്പോഴും, മത്സ്യകുരുതി ഉണ്ടാകുമ്പോളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രെയിനികളെ അയച്ചാണ് പരിശോധനകള്‍ നടത്തുന്നത്.

സാംപ്ലിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ (പ്രോടോകോള്‍സ്) എല്ലാം ലഘിച്ചാണ് വെള്ളം പരിശോധനക്ക് എടുക്കുന്നത്. ജലമലിനീകരണം നടക്കുമ്പോള്‍ പരിശോധിക്കുന്ന ഒരു പ്രധാന ഘടകം വെള്ളത്തിലെ ജീവവായുവിന്റെ അളവാണ്.

പരിശോധന നടത്താന്‍ പുഴയില്‍ നിന്ന് സാമ്പിള്‍ എടുക്കുന്ന സമയത്ത് അന്തരീക്ഷവായുവുമായി കലരാനുള്ള സാധ്യത വളരെ കൂടുതലാണ്; പ്രത്യേകിച്ചും വെള്ളത്തില്‍ ജീവവായുവിന്റെ അളവെടുക്കുന്ന വെള്ളത്തില്‍ തീരെകുറയുമ്പോള്‍.

അന്തരീക്ഷ വായു കലരാതെ നിസ്‌കിന്‍ സാമ്പിള്‍ പോലെയുള്ള സംവിധാനം ഉപയോഗിച്ച് വേണം സാമ്പിള്‍ ശേഖരിക്കുവാന്‍. പുഴ ചുവക്കുംപോലും മത്സ്യകുരുതി ഉണ്ടാകുമ്പോഴും പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ച് അലക്ഷ്യമായി ആണ് മലിനീകരണനിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ പോലും എടുക്കുന്നത്. പുഴ ചുവക്കുംമ്പോഴും മത്സ്യകുരുതി ഉണ്ടാകുമ്പോഴും ഓക്‌സിജന്റെ അളവില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.

സീറോ ഡിസ്ചാര്‍ജും മലിനീകരണ അവാര്‍ഡുകളും

പുഴയില്‍ നിന്ന് തങ്ങളുടെ ആവശ്യത്തിന് വെള്ളം എടുക്കാനും, മാലിന്യങ്ങള്‍ പുറംതള്ളാനും ഉള്ള ഒരു ഉപഭോഗവസ്തു ആയാണ് വ്യവസായികള്‍ പുഴയെ കാണുന്നത്. വാട്ടര്‍ സെസ്സ് ആക്ട് പ്രകാരം പുഴയില്‍ നിന്ന് എത്ര വെള്ളം എടുക്കാം എന്നതിന് മീറ്റര്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശം പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആവശ്യാനുസരണം വെള്ളമെടുത്ത് ടെന്‍കണക്കിന് രാസമാലിന്യം വ്യവസായശാലകള്‍ നിയമപരമായും/വിരുദ്ധമായും പുഴയില്‍ തള്ളുന്നുണ്ട്.

മലിനീകരണം നിയന്ത്രണവിധേയമാക്കേണ്ടവര്‍ തത്വത്തില്‍ പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നതിനും മാലിന്യം തള്ളുന്നതിനും മൗനാനുവാദമാണ് നല്‍കുന്നത്. മലിനീകരണം അവസാനിപ്പിക്കാന്‍ വ്യവസായശാലകള്‍ “സീറോഡിസ്ചാര്‍ജ്” പാലിക്കണം എന്നാണ് കഴിഞ്ഞ 16 വര്‍ഷമായി ബന്ധപ്പെട്ട അധികൃതരും, സാമൂഹിക-രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. ഇത് നടപ്പില്‍ ആയില്ല എന്ന് മാത്രമല്ല ഡിസ്ചാര്‍ജ് നിയന്ത്രണമില്ലാതെ നിര്‍ബാധം തുടരുകയാണ് വ്യവസായശാലകള്‍ ചെയ്തത്.

ശ്രീ ശക്തി പേപ്പര്‍ മില്‍ എന്ന കമ്പനിക്ക് 2007ല്‍ കന്‍സന്റ് നല്‍കിയപ്പോള്‍ 6 മാസത്തിലുള്ളില്‍ “സീറോ ഡിസ്ചാര്‍ജ്” പാലിക്കണം എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവശ്യപ്പെടുന്നുണ്ട്. കമ്പനി അത് നടപ്പില്‍ ആക്കിയില്ല എന്നു മാത്രമല്ല, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ കന്‌സെന്റ്‌റ് പുതുക്കി നല്‍കുന്ന സമയത്ത് വീണ്ടും “സീറോ ഡിസ്ചാര്‍ജ്” പാലിക്കണം എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വീണ്ടും അവശ്യപ്പെടുന്നുണ്ട്.

ചുരുക്കത്തില്‍ “സീറോ ഡിസ്ചാര്‍ജ്” എന്നത് നടപടി ഒന്നും ഇല്ലാത്ത ഒരു പ്രഹസനം ആയി തുടരുന്നു. ഉത്പാദനത്തിന്റെ ഭാഗമായി വരുന്ന രാസമാലിന്യങ്ങളുടെ മൂന്നില്‍ ഒന്ന് പോലും സംസ്‌കരിക്കാനോ/ശുദ്ധികരിക്കാനോ ഉള്ള സംവിധാനം ഈ വ്യവസായശാലക്കില്ല. കഴിഞ്ഞ മെയ് 4 നു പെരിയാര്‍ നദിയിലേക്ക് സംസ്‌കരിക്കാത്ത മാലിന്യം തള്ളിയപ്പോള്‍ BODയുടെ അളവ് 1000ാg/l ആയിരുന്നു(അനുവദനീയമായത് 30mg/l മാത്രമാണ്).

വ്യവസായശാല കൊടുത്തിരിക്കുന്ന ബാങ്ക് ഗ്യാരണ്ടി അടക്കം പിടിച്ചെടുത്തു നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ ഉള്ള നടപടികള്‍ ഒന്നും ബോര്‍ഡ് അന്ന് കൈകൊണ്ടിരുന്നില്ല.

പരിസ്ഥിതി സൗഹൃദമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് എല്ലാ കൊല്ലവും ഗവണ്‍മെന്റ് “എക്‌സലന്റ് അവാര്‍ഡ്” പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സമ്മാനിക്കാറുണ്ട്. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് ഈ കൊല്ലം നല്‍കിയ അവാര്‍ഡ്. അര്‍ഹരാകുന്ന കമ്പനികളെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന കമ്മിറ്റി ആണ് തിരഞ്ഞെടുക്കുന്നത്.

പെരിയാറിന്റെ തീരത്തുള്ള CMRL കമ്പനിക്ക് ആണ് കഴിഞ്ഞ 6 വര്‍ഷമായി പരിസ്ഥിതി സൗഹൃദമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഉള്ള “എക്‌സലണ്ട്” അവാര്‍ഡ് നമ്മുടെ സര്‍ക്കാര്‍ സമ്മാനിക്കുന്നത്. അവാര്‍ഡു കിട്ടിയ കാലയളവില്‍ പോലും കമ്പനി മാലിന്യം തള്ളുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ടുകളും, പത്ര വാര്‍ത്തകളും; എന്തിന് ഏറെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സന്നിധ്യത്തില്‍ പോലും “CMRL” അവരുടെ “ഓതറൈസ്ഡ് പൈപ്പില്‍” കൂടി ചുവന്ന നിറത്തില്‍ ഉള്ള എഫ്‌ലുവെന്റ് തള്ളിയിട്ടുണ്ട്.

അടുത്തപേജില്‍ തുടരുന്നു


2006-2007ല്‍ പെരിയാറില്‍ തുടര്‍ച്ചയായി നിറം മാറ്റം ഉണ്ടായപ്പോള്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് നിര്‍ദേശ പ്രകാരം CWRDM പഠനം നടത്തിയപ്പോള്‍ പെരിയാറിലെ നിറം മാറ്റത്തിന് കാരണം ഇരുമ്പ് സംയുക്തങ്ങളുടെ സാന്നിധ്യമാണെന്നും അതിന്റെ പ്രഭവകേന്ദ്രം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് രുട്ടയില്‍സ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

2011ല്‍ പെരിയാര്‍ നദി തുടര്‍ച്ചയായി ചുവന്ന് ഒഴുകിയ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ ചിത്രകുമാരി ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പഠിക്കുകയും 11 പേജ് അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടില്‍ പെരിയാര്‍ നദിയെ ചുവപ്പിക്കുന്നത് CMRL ആണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് സമര്‍പിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയാണ് ബോര്‍ഡ് ചെയ്തത്.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡ് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് CMRLv നല്‍കപ്പെട്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ (2015-16) പുഴ തുടര്‍ച്ചയായി നിറം മാറി ഒഴുകിയിട്ടും മത്സ്യക്കുരുതികള്‍ നടന്നിട്ടും എന്ത് കാരണം കൊണ്ടാണ് എന്ന് നാളിതു വരെ മലിനീകരണ ബോര്‍ഡ് പറഞ്ഞിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് CMRL എന്ന കമ്പനി വലിയ രീതിയില്‍ പെരിയാറിനെ ചുവപ്പിക്കുന്ന “സിമോക്‌സ്” (അയേണ്‍ സംയുക്തങ്ങള്‍) എന്ന രാസപദാര്‍ത്ഥം തള്ളിയതായി പോല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. പക്ഷെ ഇന്നും നടപടികള്‍ ഇല്ലാതെ തുടരുന്നു. കഴിഞ്ഞ 6 മാസത്തിന് ഉള്ളില്‍ 2 കമ്പനികള്‍ അത്തരത്തില്‍ രാസമാലിന്യം കുടിവെള്ള സംഭരണ മേഖലയില്‍ തള്ളിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

16 കൊല്ലങ്ങള്‍ക്ക് മുമ്പ് ഗ്രീന്‍പീസ് കൊടുത്ത നിര്‍ദേശങ്ങള്‍, 2004, ല്‍ സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി, കേന്ദ്ര-സംസ്ഥാന മലിനീകരണ ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങള്‍, 2009ല്‍ കേരള നിയമസഭ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, ജലമലിനീകരണവുമായി ബന്ധപെട്ട നിയമങ്ങള്‍ എല്ലാം ഇന്നും കടലാസ്സില്‍ തന്നെ ഇരിക്കുന്നു. സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി 2005ല്‍, എല്ലാ വ്യവസായശാലകളോടും ശൂന്യം നിര്‍ഗമനം (സീറോ ഡിസ്ചാര്‍ജ്) പാലിക്കാന്‍ 4 വര്‍ഷം സമയമാണ് നല്‍കിയത്. എന്നാല്‍ ഇത് പാലിക്കപെട്ടില്ല എന്ന് മാത്രമല്ല വ്യവസായശാലകള്‍ പിന്നീട് ഉള്ള 12 വര്‍ഷക്കാലം മഴവെള്ളം പുറം തള്ളാന്‍ നല്‍കിയിരിക്കുന്ന പൈപ്പുകളിലൂടെ, പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച പൈപ്പുകളിലൂടെ (NGRI നടത്തിയ പഠനത്തില്‍ 65 രഹസ്യ പൈപ്പുകള്‍) മാലിന്യം തള്ളി പുഴയെ നൂറുകണക്കിന് തവണ നിറം മാറ്റിയും, മത്സ്യകുരുതി നടത്തിയും ആണ് മറുപടി നല്‍കിയത്.

ദശലക്ഷകണക്കിന് ലിറ്റര്‍ രാസമാലിന്യം കുടിവെള്ള സംഭരണ മേഖലയില്‍ പോലും ഇന്നും പുറംതള്ളിക്കൊണ്ടിരിക്കുന്നു. pollution കണ്‍ട്രോള്‍ ബോര്‍ഡ് മാലിന്യം തള്ളുന്ന കമ്പനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇന്നും നടപടി എടുക്കാതെ തുടരുന്നു. വേസ്റ്റ് പേപ്പര്‍ പ്രോസസ്സ് ചെയ്യുന്ന ശ്രീ ശക്തി പേപ്പര്‍ മില്ലില്‍ 2004ല്‍ സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റി പ്ലാസ്റ്റിക് ഉള്‍പ്പെടെ ഉള്ള മാലിന്യങ്ങള്‍ കൂട്ടിയിടരുതെന്നും അടിയന്തിരമായി എടുത്തുമാറ്റണമെന്നും നിര്‍ദേശം നല്കിയിരുന്നു.

എന്നാല്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്ലാസ്റ്റിക് 25 അടിയോളം കുമിഞ്ഞ് കൂടി ഹെക്ടര്‍ കണക്കിന് സ്ഥലത്ത് (കുടിവെള്ള സംഭരണ മേഖലയുടെ മുകളില്‍) വ്യാപിച്ചു കിടക്കുന്നു. ഈ മാലിന്യങ്ങള്‍ ഇവിടുന്നു നീക്കം ചെയ്യാന്‍ കോടികണക്കിന് രൂപ ചെലവ് വരും. പ്ലാസ്റ്റിക് മാലിന്യം പുറത്ത് എറിയരുത്/കത്തിക്കരുത് എന്ന് പ്രചരണം നടത്തുന്ന ഭരണാധികാരികള്‍ക്ക് കുടിവെള്ള സംഭരണ മേഖലയില്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നതിന്/കൂട്ടിയിടുന്നതിന് എന്ത് മറുപടിയാണ് പറയാനുള്ളത്?

പെരിയാര്‍ മലിനീകരണം അവസാനിപ്പിക്കുക, ശൂന്യ നിര്‍ഗമനം (സീറോ ഡിസ്ചാര്‍ജ്) പാലിക്കുക, റിവര്‍ അതോറിറ്റി സ്ഥാപിക്കുക എന്നെല്ലാമാണ് വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. എന്നാല്‍ ഈ മുദ്രാവാക്യങ്ങള്‍ പ്രയോഗികമായി നടപ്പായില്ല എന്ന് കഴിഞ്ഞ 16 കൊല്ലത്തെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ശൂന്യം നിര്‍ഗമനം (സീറോ ഡിസ്ചാര്‍ജ്) നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല പുഴയെ പൂര്‍ണമായി ചുവപ്പിക്കുകയും മത്സ്യങ്ങളെ മുഴുവനായി കൊന്നൊടുക്കുകയും ചെയ്യുന്ന രീതിയില്‍ മലിനീകരണം തുടരുന്നു. കുടിവെള്ള സംഭരണ മേഖലയില്‍ പോലും പുഴ ചുവക്കുന്നതും കറക്കുന്നതും മത്സ്യക്കുരുതി ഉണ്ടാകുന്നതും നിത്യസംഭവമാകുന്നു.

വ്യവസായ മേഖലയിലുള്ള ഒരു തോട് “കുഴികണ്ടം” ശുദ്ധികരിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കാക്കിയിരിക്കുന്നത് 100 കോടിയോളം രൂപയാണ്. ഇതിന്റെ ആയിരകണക്കിന് ഇരട്ടി വിസൃതിയുള്ള പെരിയാര്‍ നദിയും കൊച്ചി കായലും ശുദ്ധീകരിക്കാന്‍ എത്ര കോടികള്‍ വേണ്ടി വരും?

മലിനീകരിക്കുന്ന വ്യവസായ ശാലകളും, ഭരണകൂടവും, അവര്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങുന്ന ട്രേഡ് യുനിയനും ഉത്തരവാദിത്തം ഏറ്റെടുക്കുമോ? മലിനീകരണം അവസാനിപ്പിക്കണം എന്ന് മുദ്രവാക്യം മുഴക്കുമ്പോള്‍ ഇപ്പോള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങള്‍ മാലിന്യമുക്തമാക്കാന്‍ എന്ത് നടപടികളാണ് നിര്‍ദേശിക്കാന്‍ ഉള്ളത്. കുടിവെള്ള സംഭരണ മേഖലയുടെ താഴെ (പാതാളം ബണ്ടിനു ഉള്ളില്‍- അദ്യ ഒരു കിലോമീറ്ററില്‍””) ആണ് വ്യവസായ മേഖല എന്നും രാസമാലിന്യങ്ങള്‍ തള്ളുന്നത് ഒരു വസ്തുതയായി നിലനില്‍ക്കുമ്പോളും കുടിവെള്ളത്തില്‍ ഈ മാലിന്യം കലരില്ല എന്നും ട്രേഡ് യുണിയനുകള്‍ അവകാശപ്പെടുന്നത് എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്? സംഭരണ മേഖലയില്‍ തള്ളാവുന്ന മാലിന്യങ്ങളുടെ പരിധി എത്രയാണ് എന്ന് ട്രേഡ് യുണിയനുകള്‍ വ്യക്തമാക്കേണ്ടതുണ്ട്.

മലിനീകരണം നിയന്തിക്കുന്നതിന് റിവര്‍ അതോറിറ്റി

മലിനീകരണം നിയന്ത്രിക്കുന്നതിന് സ്ഥാപിക്കപെട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു തികഞ്ഞ ഒരു പരാജയം ആണ് എന്ന് നിസംശയം വിലയിരുത്തനാകും. മലീകരണം നിയന്ത്രിക്കാന്‍ എല്ലാ ഭരണകൂട സംവിധാനങ്ങളും പരാജയപ്പെടുമ്പോഴാണ് ഇന്ന് പുഴയെ സംരക്ഷിക്കാന്‍ പുതിയ ഒരു അതോറിറ്റി വേണം എന്ന നിലപാടാണ് പ്രധാനമായും എടുക്കുന്നത്.

മലിനീകരണം നിയന്ത്രിക്കാന്‍ സ്ഥാപിച്ച 30 കൊല്ലം മുമ്പ് സ്ഥാപിച്ച ബോര്‍ഡ് (മലിനീകരണ നിയന്ത്രണ ബോര്‍ഡ്) കൃത്യമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്താന്‍ ഇവിടെയുള്ള രാഷ്ട്രിയ-ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മനസിലാക്കണം. ഇനി ഒരു പുതിയ അതോറിറ്റി സ്ഥാപിച്ച് അതിന് പ്രവര്‍ത്തന സജ്ജമാകുന്ന രീതിയില്‍ പരിശോധനശാലകളും മറ്റ് സംവിധാനങ്ങളും ക്രമീകരിക്കുമ്പോള്‍ ഇനിയും ഒരു 20 കൊല്ലം എടുക്കും അതുവരെ ഈ പുഴയുടെ മലിനീകരണം തുടരട്ടെ എന്നാണോ ഉദ്ദേശിക്കുന്നത്??

രാസമാലിനീകരണം അനിയന്ത്രിതമായി ഇന്നും തുടരുന്നതിന്റെ അടിസ്ഥാനപരമായ കാരണം വിരല്‍ ചൂണ്ടുന്നത് ഇവിടെയുള്ള രാഷ്ട്രിയ-അധികാര കെടുകാര്യസ്തയും അഴിമതിയും ആണ്. പുഴയില്‍ വിഷമാലിന്യം തള്ളുന്ന കമ്പനികള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ് കക്ഷിഭേദമെന്യേ ജില്ലയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇതുമൂലം ഇല്ലാതാകുന്നത് ലക്ഷക്കണക്കിന് മനുഷ്യരുടെ ആരോഗ്യവും ജീവനുമാണ്. തലമുറകളോളം കൈമാറേണ്ട പൂര്‍വിക സ്വത്ത് ആണ് ചുരുങ്ങിയ കാലംകൊണ്ട് ഇല്ലാതാകുന്നത്.

പെരിയാറിനെ മാലിന്യവിമുക്തമാക്കി സംരക്ഷിക്കണ്ടത് ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ്. നാള്‍ക്കുനാള്‍ നമ്മുടെ പ്രകൃതിവിഭവങ്ങളില്‍ പ്രകടമായ രീതിയിലുള്ള ശോഷണം വന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ അടിസ്ഥാന വിഭവങ്ങള്‍ ദൗര്‍ലഭ്യം/നാശം നേരിടുന്ന ഈ ഘട്ടത്തില്‍, നമ്മുടെ നാടിന്റെ വികസനത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 1987ല്‍ വ്യവസായ മേഖലയുടെ സാമ്പത്തികാവും സാമൂഹികമായ മൂല്യത്തെ അടിസ്ഥാനമാക്കി പഠനം നടത്തിയപ്പോള്‍ തന്നെ മലിനീകരണം വലിയ പ്രത്യാഘാതങ്ങള്‍ ഈ മേഖലകളില്‍ ഉണ്ടാക്കുന്നതായി വിലയിരുത്തിയിട്ടുണ്ട്.

വ്യവസായമലിനീകരണം മൂലം തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഴ കുറഞ്ഞ് ഇന്ന് “കുടിവെള്ളം” ഒരു ചോദ്യചിഹ്നം ആയി നമ്മുടെ മുന്‍പില്‍ നില്‍ക്കുകയാണ്. കുടിവെള്ളത്തെ പറ്റി, മലിനീകരണത്തെ കുറിച്ച്, വരണ്ട പുഴകളെ പറ്റി, ഇന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

വ്യവസായവല്‍ക്കരണം പോലെയുള്ള കാലഹരണപ്പെട്ട ഒരു വികസന കാഴ്ചപ്പാട് അല്ല ഇന്ന് ലോകത്ത് ഉള്ളത്. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ക്ക്, ഭക്ഷ്യവസ്തുക്കള്‍ക്ക്, കുടിവെള്ളത്തിന്, മനുഷ്യന് വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. നമ്മുടെ ഭരണകൂടങ്ങള്‍ ഇന്ന് ഊന്നല്‍ കൊടുക്കുന്ന വികസന മേഖലകള്‍ പോലും ടൂറിസം, ഐടി, ജൈവകൃഷി തുടങ്ങിയവയാണ്. ഈ വികസന പദ്ധതികള്‍ക്ക് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്ന രീതിയില്‍ ആണ് വ്യവസായ മലിനീകരണം മുന്നേറുന്നത്. ലോകത്തെ 50 പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് കൊച്ചി കായല്‍ എന്ന് ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതാണ്.

നമ്മുടെ നാടിനെ ആകെ വിഷലിപ്തമാക്കുന്ന ഈ കമ്പനികള്‍ ഇന്ന് നമ്മുടെ സാമ്പത്തിക മേഖലക്ക്/വികസനത്തിന് ഒരു അനിവാര്യ ഘടകമല്ല. കോടികണക്കിന് രൂപ നമ്മുടെ ഖജനാവില്‍ നിന്ന് മുടക്കിയാണ് പല കമ്പനികളും നിലനിര്‍ത്തുന്നത്. മലിനീകരിച്ച മേഖലകള്‍ മാലിന്യമുക്തമാക്കാന്‍ ഇനിയും ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിക്കേണ്ടതായി വരും.

ഇത് ഉണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനിര്‍വചനീയമാണ്. വ്യവസായമേഖല പെരിയാറിന്റെ തീരത്ത് നിലകൊള്ളുന്ന പ്രദേശങ്ങള്‍ വിഷമാലിന്യങ്ങള്‍ ഒഴുക്കികളയാനോ സംഭരിക്കാനോ കഴിയുന്ന ഒരു പ്രദേശത്ത് അല്ല നിലകൊള്ളുന്നത്. ഈ മേഖലകളില്‍ എല്ലാം പരിസ്ഥിതി സൗഹാര്‍ദമായ വ്യവസായങ്ങള്‍ മാത്രമേ തുടരാന്‍ കഴിയൂ. ഇനിയും ഈ വിഷമാലിനീകരണം തുടര്‍ന്നാല്‍ അതിന്റെ ഫലങ്ങള്‍ പ്രവചനാതീതമാണ്.

We use cookies to give you the best possible experience. Learn more