കഴിഞ്ഞ വര്‍ഷമേറ്റ തിരിച്ചടിയൊക്കെ മാറ്റാന്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് മികച്ച ടീമുമായി ഇറങ്ങുന്ന ബാഴ്‌സലോണക്ക് അടുത്ത തിരിച്ചടി. ടീമില്‍ ഒരുപാട് മികച്ച സൈനിങ് നടത്തിയ ബാഴ്‌സക്ക് അവര്‍ക്കുള്ള വേതനം നല്‍കാനായി കുറച്ചു താരങ്ങളെ വില്‍ക്കേണ്ടതുണ്ട്.
അതിനായി ടീമില്‍ നിന്നും പല താരങ്ങളെും ഒഴിവാക്കാന്‍ ബാഴ്‌സ ഒരുങ്ങിയിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖനാണ് ഡെന്‍മാര്‍ക്ക് താരമായ മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ്. എന്നാല്‍ ക്ലബ്ബുമായുള്ള കരാറിന്റെ ബാക്കി തുക നല്‍കിയില്ലെങ്കില്‍ താന്‍ ക്ലബ് വിടുകയില്ലെന്ന് ബാഴ്‌സലോണയെ അറിയിച്ചതായി റിപ്പോര്‍ട്ട്.
ഡെന്‍മാര്‍ക്ക് രാജ്യാന്തര താരമായ ബ്രാത്‌വെയ്റ്റ് 2020-ല്‍ ലെഗാനെസില്‍ നിന്നുമാണ് ബാഴ്സലോണയില്‍ എത്തിയത്. 2024 വരെ ബാഴ്സലോണയില്‍ കരാറിലുള്ള താരം ക്ലബ്ബ് വിടണമെങ്കില്‍ ബാഴ്‌സ മുഴുവന്‍ ശമ്പളവും തന്നു തീര്‍ക്കണം എന്നാണ് താരത്തിന്റെ ആവശ്യം.
സ്പാനിഷ് പ്രസിദ്ധീകരണമായ സ്പോര്‍ട് റിപ്പോര്‍ട്ടനുസരിച്ച് രണ്ട് വര്‍ഷം മുമ്പ് ഒപ്പിട്ട കരാര്‍ പ്രകാരം തനിക്ക് നല്‍കാനുള്ള ശമ്പളം കുടിശികയായതിനാല്‍ ക്ലബ്ബിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടാന്‍ താല്പര്യമില്ല എന്ന് ബ്രാത്‌വെയ്റ്റ് അറിയിച്ചിരുന്നു.
ഈ സീസണില്‍ ടീമില്‍ തുടരാനും തന്റെ സ്ഥാനത്തിന് വേണ്ടി പോരാടാനും ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ ബ്രാത്‌വെയ്റ്റ് മാനേജായ സാവി ഹെര്‍ണാണ്ടസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ നിലവില്‍ ബാഴ്‌സലോണ മുന്നേറ്റ നിരയില്‍ പുതുതായി എത്തിയ ലെവന്‍ഡോസ്‌കി, റാഫിന്യ, കരാര്‍ പുതുക്കി വരുന്ന ഡെമ്പലെ, പരിക്കുകഴിഞ്ഞെത്തുന്ന അന്‍സു ഫാറ്റി, മെഫിസ് ഡിപെയ, ഫെറാന്‍ ടോറസ് എന്നീ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തനിക്ക് അവസരങ്ങള്‍ ഉണ്ടാവില്ലെന്ന് താരത്തിനും ഉറപ്പാണ്. എങ്കിലും തനിക്ക് തന്നു തീര്‍ക്കാനുള്ള ശമ്പളം കിട്ടിയാല്‍ ക്ലബ്ബ് വിടാമെന്ന് ഡെന്മാര്‍ക്ക് താരം ആഗ്രഹിക്കുന്നുമുണ്ട് എന്ന് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Martin Brathwaite says He Wont Leave Barcelona If he wont get his full salary