ഇടുക്കി: മഹാരാജാസ് കോളജില്‍ എസ്.ഡി.പി.ഐക്കാര്‍ കുത്തികൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീട്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറി.
വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. കെട്ടുറപ്പില്ലാത്ത വളരെ ചെറിയ വീട്ടിലിരുന്നാണ് അഭിമന്യു പഠിച്ചിരുന്നത്.
അഭിമന്യുവിന്റെ മറ്റൊരു ആഗ്രഹമായിരുന്നു തന്റെ നാടായ വട്ടവടയില്‍ ഒരു വായനശാല. പൊതുജനപങ്കാളിത്തത്തോടെ ആ സ്വപ്‌നവും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം പുസ്തകമാണ് അഭിമന്യു സ്മാരക വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത് വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിനു തറക്കല്ലിട്ടത്. സി.പി.എം. ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങി 72 ലക്ഷം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി പൊതുജനപങ്കാളിത്തത്തോടെ പിരിച്ചെടുത്തത്. അരലക്ഷം രൂപ ബാങ്കിന്റെ പലിശയിനത്തിലും ലഭിച്ചു.
വീടുവെക്കുന്നതിനായി കൊട്ടാക്കമ്പൂരില്‍ പത്തര സെന്റ് സ്ഥലം വാങ്ങി. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് ചെലവിട്ടത്. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ട്.
തോട്ടം തൊഴിലാളികളായ അഭിമന്യുവിന്റെ മാതാപിതാക്കളുടെ സ്വപ്‌നവും ആശ്രയവുമായിരുന്നു അഭിമന്യു. 2018 ജൂലായ് രണ്ടിനു പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യു കോളേജ് വളപ്പില്‍ കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടത്തിയത്.