Kerala News
ബ്രൂവറിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍.ആര്‍.എസ് മേധാവിയുടെ വാക്കുകളെ പിന്തുണച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 03:49 pm
Sunday, 9th February 2025, 9:19 pm

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷനില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാക്കുകളെ പിന്തുണച്ച് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത.

പാലക്കാട്ടെ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിക്കാന്‍ മെത്രാപ്പൊലീത്ത മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ ഏറ്റുപറയുകയായിരുന്നു.

‘ലഹരിക്കെതിരായ പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം’ എന്ന ഭഗവതിന്റെ ആഹ്വാനമാണ് മെത്രാപ്പൊലീത്ത ഏറ്റുപറഞ്ഞത്. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പങ്കെടുത്താണ് ആര്‍.എസ്.എസ് മേധാവി ഈ ആഹ്വാനം നടത്തിയത്. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ മദ്യത്തില്‍ മുക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അത് നാടിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് വളഞ്ഞിട്ട് തല്ലിയ സംഭവത്തിലും മെത്രാപ്പൊലീത്ത സര്‍ക്കാരിനെ വിമര്‍ശിച്ചു. ജനങ്ങളുടെ സംരക്ഷകരാണെന്ന കാര്യം പൊലീസ് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ നരനായാട്ടാണ് പത്തനംതിട്ടയില്‍ നടന്നത്. അക്രമവാസനയും രാഷ്ട്രീയ വിധേയത്വവുമല്ല പൊലീസിനെ നയിക്കേണ്ടതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.

വയനാട് പുനരധിവാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇച്ഛാശക്തി കാണിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ നീതിബോധം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു മെത്രാപ്പൊലീത്തയുടെ പരാമര്‍ശം.

പൊലീസ് ഇടപെടലില്‍ തുടങ്ങി മദ്യനയത്തില്‍ വരെ സര്‍ക്കാരിന് പിടിപ്പുകേടുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. സമൂഹമാധ്യമ ഇടങ്ങള്‍ സത്യത്തിന്റെ കുരുതിക്കളമാകുന്നുവെന്നും തെറ്റായ പ്രചരണങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വീണ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: marthoma sabha president theodosius methrapolitha against kerala govt