| Sunday, 9th July 2023, 8:48 pm

ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികം; മുകളില്‍ നിന്നും ഏകപക്ഷീയമായി നടപ്പാക്കരുത്: മാര്‍ത്തോമ മെത്രാപ്പൊലീത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഇന്ത്യയെ പോലെ ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഡോ. തിയോഡോഷ്യസ്. നാളിതുവരെ നാം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നും മാര്‍ത്തോമ മെത്രാപ്പൊലീത്ത വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജനങ്ങളുടെ ഇടയില്‍ ഏക സിവില്‍കോഡിനെപ്പറ്റി ചര്‍ച്ചകള്‍ ആവാമെന്നും, പക്ഷേ മുകളില്‍ നിന്നും ഏകപക്ഷീയമായും നിര്‍ബന്ധപൂര്‍വവുമായി നിയമം നടപ്പാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏക സിവില്‍കോഡ് പ്രത്യക്ഷത്തില്‍ സ്വീകാര്യമായി തോന്നാം. എന്നാല്‍ ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇതിനെ പിന്തുണക്കാനാവില്ല.

ഭരണഘടനാ രൂപീകരണ സമയത്ത് ഇതേക്കുറിച്ച് ആലോചിച്ചെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ആര്‍ട്ടിക്കിള്‍ 44ല്‍ ഏക സിവില്‍കോഡ് വേണമെന്ന ആഗ്രഹം മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ.

സ്വാതന്ത്ര്യലബ്ധി മുതലുള്ള ആദ്യകാല ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ഏക സിവില്‍കോഡ് ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല എന്നത്, ഇന്ത്യയില്‍ വ്യക്തി നിയമങ്ങള്‍ക്ക് പകരംവെക്കുന്ന ഒരു ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിലെ സങ്കീര്‍ണതകളെ തുറന്നുകാട്ടുന്നു,’ മെത്രാപ്പൊലീത്ത പറഞ്ഞു.

ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണെന്നും ഇന്ത്യയുടെ ഭരണഘടനയില്‍ വംശം, മതം, ലിംഗഭേദം തുടങ്ങിയവയുടെ ബഹുത്വം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ അസംഖ്യം സാംസ്‌കാരിക വൈവിധ്യം ഇഴചേര്‍ന്ന് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ഡോ. തിയോഡോഷ്യസ് പറഞ്ഞു.

‘അത്തരത്തില്‍ വിവിധ സാംസ്‌കാരിക, മത, രാഷ്ട്രീയ മേഖലകള്‍ക്ക് ഇതിനകം തന്നെ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത

സ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്.

2018ലെ ലോ കമ്മീഷന്‍ ഏക സിവില്‍കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്നാണ് പ്രഖ്യാപിച്ചത്. ഭാവിയില്‍ ഒരു പാര്‍ലമെന്റില്‍ ഏക സിവില്‍കോഡ് അവതരിപ്പിക്കുകയാണെങ്കില്‍, തങ്ങള്‍ അതിന് വിധേയരാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ കോഡ് ബാധകമാകൂ എന്ന വ്യവസ്ഥ ഉണ്ടാക്കണമെന്ന് ഭരണഘടനാ അസംബ്ലി ചര്‍ച്ചകളില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നിലപാട് സ്വീകരിച്ചിരുന്നു.

രാജ്യത്ത് സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേകാവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ട്. ജനങ്ങളുടെ ഇടയില്‍ ഏക സിവില്‍കോഡിനെപ്പറ്റി ചര്‍ച്ചകള്‍ ആവാം. പക്ഷേ മുകളില്‍ നിന്നും ഏകപക്ഷീയമായും നിര്‍ബന്ധപൂര്‍വവുമായി നിയമം നടപ്പാക്കരുത്,’ ഡോ. തിയോഡോഷ്യസ് പറഞ്ഞു.

Content Highlights: marthoma methrapolitha opposes uniform civil code

We use cookies to give you the best possible experience. Learn more