| Thursday, 3rd December 2020, 10:46 am

ആരെ വിവാഹം കഴിക്കണമെന്നത് പൗരന്റെ മൗലികാവകാശം; ജാതിയോ മതമോ പരിഗണിക്കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശമെന്ന് കര്‍ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാ പരമായി അധികാരമുണ്ടെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് വജീദ് ഖാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ യുവതിയുടെ വാദം കേട്ടതിന് പിന്നലെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രമ്യ എന്ന യുവതിയെ താനുമായുള്ള വിവാഹത്തില്‍ നിന്ന് അവരുടെ മാതാപിതാക്കള്‍ തടയുകയാണെന്നും രമ്യയെ ഹാജരാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വജീദ് ഹരജി നല്‍കിയത്.

ബെംഗളൂരു വിദ്യാരണ്യപുരയിലുള്ള മഹിള ദക്ഷത സമിതി കേന്ദ്രത്തില്‍ കഴിയുന്ന യുവതിയും മാതാപിതാക്കള്‍ക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.തന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ ഹരജിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും എന്നാല്‍, മാതാപിതാക്കള്‍ തടസ്സം നില്‍ക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.

ഭരണഘടന നല്‍കുന്ന മൗലികാവകാശപ്രകാരം പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി സ്വീകരിക്കാമെന്നും ആ സ്വാതന്ത്ര്യ പ്രകാരം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ മതത്തിന്റേയോ ജാതിയുടേയും പേരില്‍ മറ്റൊരാള്‍ക്കും ഇടപെടാനാവില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്. സുജാത, സച്ചിന്‍ മാഗധം എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

ഉത്തരവ് പ്രകാരം രമ്യയെ മഹിളാ കേന്ദ്രത്തില്‍ നിന്ന് ചന്ദ്ര ലേ ഔട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധരന്‍, ഗിരിജ എന്നിവരും വജീദ് ഖാന്റെ മാതാവ് ശ്രീലക്ഷ്മിയും കോടതിയില്‍ ഹാജരായിരുന്നു.

വനിത ശിശുക്ഷേമ സമതിക്ക് കീഴിലെ കുടുംബ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് താന്‍ മഹിളാ മന്ദിരത്തില്‍ കഴിയുകയായിരുന്നെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇരുവരുടേയും വിവാഹത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും മാതാവ് കോടതിയോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലവ് ജിഹാദ് തടയുന്നതിനുള്ള നിയമ നിര്‍മാണത്തിനെതിരെ നേരത്തെ അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് പങ്കജ് നഖ്വിയും വിവേക് അഗര്‍വാളുമടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഏത് മതത്തില്‍ വിശ്വസിക്കുന്ന ആളായാലും ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കാനുള്ള അയാളുടെ അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.

‘സ്വന്തം ലിംഗത്തില്‍ പെട്ടവര്‍ക്കുവരെ ഒന്നിച്ച് സ്വസ്ഥമായി ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ കഴിയില്ല. ഇക്കാര്യം നമ്മള്‍ മനസ്സിലാക്കാതെ പോകുകയാണ്.’ എന്നായിരുന്നു കോടതിയുടെ വാക്കുകള്‍.

വിവാഹത്തിന് മാത്രമായുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. പ്രിയങ്ക-സലാമത് കേസിലെ സിംഗിള്‍ ബെഞ്ചിന്റെ വിധിയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

‘പ്രിയങ്ക ഖര്‍വാറിനെയും സലാമതിനെയും ഹിന്ദുവോ മുസ്ലിമോ ആയല്ല ഞങ്ങള്‍ കാണുന്നത്. സ്വന്തം താല്‍പര്യ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളായാണ്. ഒരു വര്‍ഷത്തിലേറെയായി അവര്‍ സമാധാനത്തിലും സന്തോഷത്തിലും കഴിയുകയാണ്.’ കോടതി പറഞ്ഞു.

വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്തുന്നതിനിടെയാണ് കോടതി ഇതിനെതിരെ രംഗത്ത് വരുന്നത്.

അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Marrying a person of choice is a fundamental right, says Karnataka High Court

We use cookies to give you the best possible experience. Learn more