| Tuesday, 31st July 2018, 5:16 pm

'നിക്കാഹ് ഹലാലായും മുത്തലാഖും ഒഴിവാക്കാന്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ': മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: ഇസ്‌ലാം മതത്തിലെ ആചാരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ എന്ന് സംഘപരിവാര്‍ നേതാവ് സാധ്വി പ്രാചി. മുത്തലാഖും നിക്കാഹ് ഹലാലായും പോലുള്ള ആചാരങ്ങള്‍ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യുന്നതാണ് നല്ലതെന്നാണ് പ്രാചി മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം.

“മുസ്‌ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് നിക്കാഹ് ഹലാലായും മുത്തലാഖും പോലുള്ള അനാചാരങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുകയുള്ളൂ. വ്യാജ ഫത്‌വകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന മൗലവികള്‍ സമൂഹത്തെ നശിപ്പിക്കുകയാണ്. ഇവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്.” മഥുരയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ സാധ്വി പ്രാചി പറഞ്ഞു.

മുത്തലാഖ് ഇരകളായ ബറേലിയിലെ നിദാ ഖാന്‍ അടക്കമുള്ള മുസ്‌ലിം സ്ത്രീകളെ നേരിട്ടു സന്ദര്‍ശിച്ച് ഹിന്ദു മതം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവായ പ്രാചി പറയുന്നു. മുത്തലാഖ് പോലുള്ള ആചാരങ്ങളും ഗാര്‍ഹിക പീഢനവുമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുള്ള വ്യക്തിയാണ് നിദാ ഖാന്‍.


Also Read: പുലിത്തോലണിഞ്ഞ് ശംഖൂതി ശിവനായി തേജ് പ്രതാപ് യാദവ്; ശിവവേഷത്തില്‍ ഷൂ ധരിച്ച് കാറില്‍ കയറുന്ന വീഡിയോ വൈറലാകുന്നു


കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സാധ്വി പ്രാചി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ട് അദ്ദേഹം വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ടതുണ്ടെന്നുമായിരുന്നു പ്രാചിയുടെ പരാമര്‍ശം.

“രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനങ്ങളൊന്നും തന്നെ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കില്ല. പാര്‍ട്ടി തന്നെ മുന്‍കൈയെടുത്ത് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങണം.” സാധ്വി പറയുന്നു.

രാമക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ആരംഭിക്കുമെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ വിജയം ഉറപ്പാണെന്നും സാധ്വി പ്രാചി കൂട്ടിച്ചേര്‍ത്തു. നിര്‍മാണം ആരംഭിക്കാന്‍ സന്യാസികളെല്ലാം തയ്യാറാണെന്നും സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സാധ്വി മാധ്യമങ്ങളോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more