കോഴിക്കോട്: കോഴിക്കോട് വിവാഹിതരായ യുവതികള്‍ക്ക് നേരെ ഗാര്‍ഹിക ലൈംഗിക ചൂഷണം കൂടി വരുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബിന റഷീദ്. പലര്‍ക്കും ഭര്‍തൃവീടുകളില്‍ നേരിടുന്ന അനുഭവം ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്.
കൗമാരപ്രായം വിടാത്ത യുവതികളല്ല മറിച്ച് 20 വയസിന് മുകളില്‍ വരുന്ന യുവതികളാണ് കുടുംബത്തില്‍ തന്നെ ചൂഷണം ചെയ്യപ്പെടുന്നത് എന്നതു ഗൗരവം കൂട്ടുന്നുവെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാ കമ്മീഷന്‍ കോഴിക്കോട് കലക്ട്രേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
അദാലത്തില്‍ 54ഓളം കേസുകളാണ് പരിഗണിച്ചിരുന്നത്. ഇതില്‍ 26 എണ്ണത്തിന് തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ഫുള്‍ കമ്മീഷനു മുന്നില്‍ വാദം കേള്‍ക്കാനായി രണ്ട് കേസുകള്‍ വിട്ടിട്ടുണ്ട്.
അദാലത്തില്‍ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി മാനസികമായി പീഡിപ്പിക്കുന്ന ഒരു അധ്യാപികയ്‌ക്കെതിരെ പരാതിയുമായി എത്തിയിരുന്നു. മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപികയുടെ പീഡനത്തിന് ഇരയാണെങ്കിലും ഒരാള്‍ മാത്രമാണ് വ്യാഴാഴ്ച കലക്ടറേറ്റില്‍ നടന്ന അദാലത്തില്‍ ഹാജരായത്.
അധ്യാപികയുടെ വീട്ടു ജോലികള്‍ ചെയ്യിക്കുന്നതായും രോഗികള്‍ക്ക് മുന്നില്‍വെച്ച് പോലും ഇവര്‍ മോശമായി പെരുമാറുന്നെന്നും വിദ്യാര്‍ത്ഥിനി പരാതി നല്‍കി. അതേ സമയം അധ്യാപികയെ തെളിവെടുപ്പിന് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇവര്‍ക്കെതിരെ കമീഷന്റെ മുഴുവന്‍ അംഗ യോഗം ചേര്‍ന്ന് ഡോക്ടര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും.
കമീഷന്‍ മുമ്പാകെവന്ന 11 പരാതികള്‍ വിവാഹധൂര്‍ത്തിനെതിരെ നിയമവും കര്‍ശനചട്ടവും വൈകരുതെന്ന സന്ദേശം നല്‍കുന്നതായി അഡ്വ. നൂര്‍ബിന പറഞ്ഞു. ആര്‍ഭാടരഹിതമായ വിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശങ്ങളെ എല്ലാവരും സ്വാഗതം ചെയ്യണമെന്നും അവര്‍ പറഞ്ഞു.
കമ്മീഷന് മുമ്പാകെ വന്ന പരാതികളില്‍ രണ്ടെണ്ണം ഡി.എന്‍.എ പരിശോധനക്കയച്ചു. അദാലത്തില്‍ ടി.ജി. മീനാ നായര്‍, അഡ്വ. എം. ജലാലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.