|

ഭാരത് മാട്രിമോണിയില്‍ വിവാഹിതയായ യുവതിയുടെ ഫോട്ടോ; സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ എലീറ്റ് സബ്സ്‌ക്രിപ്ഷന്‍ സേവനത്തില്‍ നല്‍കി ഭാരത് മാട്രിമോണി.

സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോയാണ് ഭാരത് മാട്രിമോണി വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്. നിത്യ രാജശേഖര്‍ എന്ന പേരിലാണ് ഭാരത് മാട്രിമോണി വ്യാജ പ്രൊഫൈൽ പ്രചരിപ്പിച്ചത്.

സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ആപ്പിന്റെ എലീറ്റ് സബ്സ്‌ക്രിപ്ഷനില്‍ വ്യാജ പ്രൊഫൈലിനായി തന്റെ ചിത്രം ഉപയോഗിച്ചതില്‍ ഞെട്ടിപ്പോയെന്നാണ് സ്വാതി മുകുന്ദ് പറഞ്ഞത്. തന്റെ പങ്കാളിയെ പരിചയപ്പെടുത്തി കൊണ്ടാണ് സ്വാതി പ്രതികരിച്ചത്.

മാട്രിമോണിയല്‍ ആപ്പ് വഴിയല്ല താന്‍ വിവാഹിതയായതെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും യുവതി മുന്നറിയിപ്പ് നല്‍കി. ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം, കാണുന്നതായിരിക്കില്ല കിട്ടുന്നതെന്നും സ്വാതി ചൂണ്ടിക്കാട്ടി.

വിവാഹത്തെക്കാള്‍ വലിയ ക്രൂരതയാണ് മാട്രിമോണി ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും സ്വാതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി പ്രതികരിച്ചത്.

യുവതി രംഗത്തെത്തിയതോടെ ഭാരത് മാട്രിമോണി ക്ഷമാപണം നടത്തുകയും ചെയ്തു. നിങ്ങൾക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് മാട്രിമോണി പറഞ്ഞത്.

നിത്യ രാജശേഖര്‍ എന്ന പ്രൊഫൈല്‍ താത്കാലികമായി നിര്‍ത്തുകയാണെന്നും വീഴചയില്‍ അന്വേഷണം നടത്തുമെന്നും കമ്പനി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങളുമായി തങ്ങള്‍ ഉടന്‍ പ്രതികരിക്കുമെന്നും ഭാരത് മാട്രിമോണി അറിയിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവന്‍സറാണ് സ്വാതി മുകുന്ദ്. നിരവധി ആളുകളാണ് മാട്രിമോണിക്കെതിരായ സ്വാതിയുടെ വീഡിയോയ്ക്ക് താഴെ പ്രതികരിക്കുന്നത്.

Content Highlight: Married woman photo in Bharat Matrimony

Latest Stories