| Saturday, 19th August 2023, 9:23 am

അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തു; ഹരിയാനയില്‍ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: ഹരിയാനയിലെ ഗുര്‍ഗോണില്‍ ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരിലാണ് 22കാരിയായ യുവതിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നത്.

ബി.എസ്.സി വിദ്യാര്‍ത്ഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ജലിയുടെ മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച സഹോദരന്‍ കുനാലിനൊപ്പം താമസിക്കാന്‍ പോയ അഞ്ജലിയെ കാണാനില്ലെന്ന് പങ്കാളി സന്ദീപ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് എ.സി.പി വരുണ്‍ ദഹിയയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘അഞ്ജലിയെ മാതാപിതാക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് കുനാലിനൊപ്പം താമസിക്കാന്‍ പോയത്. സന്ദീപ് തന്റെ സഹോദരിയുടെ വീട്ടിലും കുനാലിന്റെ പങ്കാളി ജോലിക്കും പോയ സമയം നോക്കി കുനാല്‍ മാതാപിതാക്കളെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കളായ കുല്‍ദീപും റിങ്കിയും ഫ്‌ലാറ്റിലെത്തുകയും കുല്‍ദീപ് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കുനാലും റിങ്കിയും കൊലപാതകത്തില്‍ സഹായിച്ചു. പോസ്റ്റ്‌മോര്‍ട്ടവും പൊലീസ് അന്വേഷണവും ഇല്ലാതിരിക്കാന്‍ ഝജ്ജാറിലെ തങ്ങളുടെ ഗ്രാമത്തിലെത്തിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു,’ എ.സി.പി പറഞ്ഞു.

കുല്‍ദീപും റിങ്കിയും രാവിലെ 11നും 12നും ഇടക്കാണ് കുനാലിന്റെ ഫ്‌ളാറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുനാലിന്റെ പങ്കാളിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുകള്‍ നഷ്ടപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് കേസെടുത്തത്.

അഞ്ജലിയും പങ്കാളിയായ സന്ദീപും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. രണ്ട് പേരും ത്സജ്ജാറിലെ സുര്‍ഹേഠി ഗ്രാമത്തിലുള്ളവരാണ്. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത വിവാഹമായതിനാല്‍ തന്നെ ഇരുവരും വിവാഹശേഷം നഗരത്തിലുള്ള സെക്ടര്‍ 102ലായിരുന്നു താമസം.

സന്ദീപ് ബ്രാഹ്‌മണനും അഞ്ജലി ജാഠ് സമുദായത്തിലുപ്പെട്ടയാളായത് കൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തിന് അഞ്ജലിയുടെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു സഹപ്രവര്‍ത്തകനാണ് അഞ്ജലി മരിച്ചെന്നും ബന്ധുക്കള്‍ അവളുടെ അന്ത്യ കര്‍മങ്ങള്‍ സുര്‍ഹേഠിയില്‍ ചെയ്യുന്നുവെന്നുമുള്ള വിവരം സന്ദീപിനെ അറിയിച്ചത്. വിവരം കേട്ടയുടന്‍ ഫ്‌ളാറ്റിലേക്കെത്തിയ സന്ദീപ് ഫ്‌ളാറ്റ് അടച്ചിരിക്കുന്നത് കാണുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

CONTENT HIGHLIGHTS: married a foreigner; In Haryana, the girl was strangled by her parents

We use cookies to give you the best possible experience. Learn more