ചെന്നൈ: ലിവിങ് ടുഗെദര്‍ ബന്ധത്തിന് അംഗീകാരം നല്‍കുന്ന നിയമം നിലവില്‍ വന്നതിനുശേഷം ‘സംസ്‌കാരം’ എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടതായി മദ്രാസ് ഹൈക്കോടതി. വിവാഹം ഒരു ആചാരപരമായ സംഭവമാണെന്ന് ഇപ്പോഴത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
‘വിവാഹം ഒരു കരാറല്ല, മറിച്ച് കര്‍മ്മപരമാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കണം. തീര്‍ച്ചയായും, 2005 ലെ ഗാര്‍ഹിക പീഡന നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ‘സംസ്‌കാരം’ എന്ന വാക്കിന് അര്‍ത്ഥമില്ല. ‘ഈഗോ’, ‘അസഹിഷ്ണുത’ എന്നിവ പാദരക്ഷകള്‍ പോലെയാണെന്നും അവര്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടിന് പുറത്തുവെയ്ക്കണമെന്ന് ഭര്‍ത്താവും ഭാര്യയും തിരിച്ചറിയണം, അല്ലാത്തപക്ഷം, കുട്ടിയോ കുട്ടികളോ ആയിരിക്കും ദുരിതം അഭിമുഖീകരിക്കേണ്ടി വരിക എന്നുമാണ് ജസ്റ്റിസ് വൈദ്യനാഥന്‍ പറഞ്ഞത്.
അതേസമയം, ലിവിങ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സുധിര്‍ മിത്തലാണ് പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞത്.
ഒരുമിച്ച് ജീവിക്കുന്നതിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച കമിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.