| Tuesday, 20th October 2020, 7:57 pm

വിവാദങ്ങള്‍ക്ക് ഇടവേള; കങ്കണ കല്യാണത്തിരക്കിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണാലി: നീണ്ട വിവാദങ്ങള്‍ക്ക് ഇടവേള നല്‍കി നടി കങ്കണ റണൗത്ത് കുടുംബകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. നടിയുടെ കുടുംബത്തില്‍ രണ്ടു വിവാഹങ്ങളാണ് അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നടക്കുന്നത്. ഇളയ സഹോദരന്‍ അക്ഷതിന്റെയും കസിനായ കരണിന്റെയും വിവാഹമാണ് നടക്കാന്‍ പോവുന്നത്.

അനിയന്‍ അക്ഷതിന്റെ വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങിന്റെ വീഡിയോ നടി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. പിന്നാലെ കരണിന്റെ ഹല്‍ദി ചടങ്ങിന്റെയും വീഡിയോ നടി പങ്കു വെച്ചിട്ടുണ്ട്.

പത്തു വര്‍ഷത്തിനു ശേഷമാണ് തന്റെ കുടുംബത്തില്‍ ഒരു വിവാഹം നടക്കുന്നതെന്ന് കങ്കണ പറയുന്നു. ഹിമാചലിലെ തന്റെ വീട്ടില്‍ നടക്കുന്ന ആഘോഷങ്ങളുടെ വീഡിയോകള്‍ നടി പങ്കു വെക്കുന്നുണ്ട്. ജയലളിതയുടെ ബയോപിക്കായ തലൈവിയുടെ ഷൂട്ടിംഗിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് കങ്കണ വീട്ടിലെത്തിയത്.

നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ പതിയെ അവസാനിച്ചു കൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ ആത്മഹത്യക്കു പിന്നാലെ നിരവധി ആരോപണങ്ങളായിരുന്നു കങ്കണ ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ നടത്തിയത്. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

സുശാന്തിന്റെ കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാരുമായും കങ്കണ ഉടക്കി. നടിയുടെ മുംബൈയിലെ ഓഫീസിന്റെ ഒരുഭാഗം ബി.എം.സി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷമാണ് കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Marriage season in Kangana’s home

Latest Stories

We use cookies to give you the best possible experience. Learn more