| Tuesday, 29th August 2023, 2:46 pm

വിവാഹം പൊതുവായി അറിയിക്കണമെന്നോ ആഘോഷിക്കണമെന്നോ നിര്‍ബന്ധമില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹം പൊതുവായ പ്രഖ്യാപനത്തിലൂടെയോ ആഘോഷങ്ങളിലൂടെയോ നടത്തണമെന്നില്ലെന്ന് സുപ്രീം കോടതി. ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ സ്വയം ഭരണാവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

അഭിഭാഷകരുടെ ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ 1955ലെ ഹിന്ദു നിയമം പ്രകാരം സാധുതയുള്ളതല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതിനിടയിലാണ് ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടിന്റെയും അരവിന്ദ് കുമാറിന്റെയും നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

കുടുംബത്തിന്റെ എതിര്‍പ്പ്, സുരക്ഷയെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ പരസ്യ പ്രഖ്യാപനം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അഭിഭാഷകര്‍ക്ക് ഇത്തരം വിവാഹത്തില്‍ പങ്കെടുക്കാമെന്നും സാക്ഷികളാകാമെന്നും എന്നാല്‍ കോടതി ജീവനക്കാരന്‍ എന്ന നിലയില്‍ പങ്കെടുക്കരുതെന്നും കോടതി അറിയിച്ചു.

വിവാഹചടങ്ങ് രഹസ്യമായി നടത്താനാവില്ലെന്നും ഒരു അഭിഭാഷകന്‍ അത്തരമൊരു വിവാഹത്തില്‍ പങ്കെടുക്കരുതെന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. 20കാരിയായ പങ്കാളിയെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവാഹചടങ്ങ് രഹസ്യമായി നടത്താനാവില്ലെന്നും ഒരു അഭിഭാഷകന്‍ അത്തരമൊരു വിവാഹത്തില്‍ പങ്കെടുക്കരുതെന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

2009ലെ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അഭിഭാഷകര്‍ അവരുടെ ഓഫീസില്‍ വെച്ച് നടത്തുന്ന വിവാഹം സാധുതയുള്ളതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

ബലം പ്രയോഗിച്ച് 20കാരിയുടെ അമ്മാവനുമായി വിവാഹം നടത്തിയെന്നും അതില്‍ നിന്ന് രക്ഷപ്പെട്ട് ഹരജിക്കാരന്റെ കൂടെ ജീവിക്കുകയായിരുന്നുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ എ. വേലന്‍ ദി പ്രിന്റിനോട് പറഞ്ഞു. യുവതിയെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കൊണ്ടുപോകുകയും തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ 1967ലെ ഹിന്ദു വിവാഹ നിയമത്തില്‍ ഉള്‍പ്പെടുത്തിയ സെഷന്‍ എ പ്രകാരം രണ്ട് ഹിന്ദുക്കള്‍ക്ക് ആചാരപ്രകാരമല്ലാതെ വിവാഹിതരാകാം. പങ്കാളികള്‍ക്ക് പരസ്പരം മനസിലാകുന്ന ഭാഷയില്‍ സ്വയം പങ്കാളികളായി പ്രഖ്യാപിക്കാമെന്നും പരസ്പരം മാലയിട്ടോ ഏതെങ്കിലും വിരലില്‍ മോതിരമിട്ടോ താലി കെട്ടിയോ വിവാഹിതരാകാമെന്നും ഇതില്‍ പറയുന്നു. സെഷന്‍ ഏഴിന്റെ സാധുത 2001ലെ ഒരു വിധിയിലൂടെ സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

content highlights: Marriage not to be publicly announced or celebrated: Supreme Court

We use cookies to give you the best possible experience. Learn more