| Tuesday, 22nd November 2016, 2:59 pm

വിവാഹാവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്കിനു മുന്നില്‍ 'വിവാഹം' നടത്തി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി എസ്.ബി.ടി ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


കൊച്ചി: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ സഹകരണ ബാങ്കില്‍ നിന്നു വിവാഹാവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്കിനു മുന്നില്‍ വിവാഹം നടത്തി പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി എസ്.ബി.ടി ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി നൗഫിദയും ന്യൂനപക്ഷ സെല്‍ ജില്ലാ കമ്മിറ്റി അംഗവും ഭര്‍ത്താവുമായ ഇ.ജെ ഡാനിയും ബാങ്കിനു സമീപത്തെ എ.ടി.എമ്മിനു മുന്നില്‍വെ്ച്ച് വീണ്ടും മാലയിട്ടു.

നോട്ട് നിരോധത്തിനു ശേഷം വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും വായ്പ അനുവദിക്കുന്നതില്‍ തടസമുണ്ടാകില്ല എന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ സാധാരണക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് കൂടുതലായും ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ കള്ളപ്പണ ആരോപണത്തിന്റെ പേരില്‍ കേന്ദ്രം വിലക്കിയതോടെ വായ്പ അനുവദിക്കല്‍ അസാധ്യമായി മാറി. ആര്‍.ബി.ഐ ചട്ടമനുസരിച്ച് അല്ല പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കേന്ദ്ര നടപടി.

ഈ സാഹചര്യത്തിലാണ് ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തി പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. സഹകരണ സംഘങ്ങള്‍ വഴി വായ്പ പാസായവര്‍ക്ക് എത്രയുംവേഗം പണം നല്‍കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more