| Tuesday, 14th March 2023, 5:26 pm

വിവാഹം ഹിന്ദു സംസ്‌കാരം; വ്യത്യസ്ത ജെന്ററുകള്‍ തമ്മില്‍ മാത്രം നടക്കുന്ന വ്യവസ്ഥ: ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തില്‍ കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ആര്‍.എസ്.എസ്. വിവാഹം വ്യത്യസ്ത ജെന്ററുകള്‍ തമ്മിലേ നടക്കൂവെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ഹരിയാനയിലെ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ഞാന്‍ നേരത്തേ പറഞ്ഞതാണ്. ഞാന്‍ വീണ്ടും പറയും. വിവാഹം രണ്ട് വ്യത്യസ്ത ജെന്ററുകള്‍ തമ്മില്‍ മാത്രമേ നടക്കുകയുള്ളൂ. നമ്മുടെ സംസ്‌കാരത്തിലും ചിന്തയിലും വിവാഹം എന്നത് സന്തോഷം മാത്രമാണ്. എന്നാല്‍ അതൊരു വ്യവസ്ഥ കൂടിയാണ്,’ ഹൊസബാലെ പറഞ്ഞു.

വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മില്‍ മാത്രം നടക്കുന്ന വ്യവസ്ഥയല്ലെന്നും ഇത് കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു.

‘വിവാഹം ശാരീരികവും ലൈംഗികവുമായ സന്തോഷം മാത്രമല്ല നല്‍കുന്നത്, വിവാഹം ഒരു ഹിന്ദു സംസ്‌കാരമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിനും ജീവിതരീതിക്കും സ്വവര്‍ഗ വിവാഹം എതിരാണെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

‘ഒരേ ലിംഗത്തിലുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ കുറ്റകരമല്ലെങ്കിലും, അതിനെ വിവാഹത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരിക സാധ്യമല്ല. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ഇന്ത്യന്‍ കുടുംബ യൂണിറ്റ് സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവുന്ന ഒന്നല്ല,’ സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഇത് വ്യത്യസ്ത ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം നിലപാടെടുത്തു.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം LGBTQIA+ വിഭാഗത്തിലുള്ളവര്‍ക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ട ഹരജികള്‍ക്കെതിരായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.

CONTENT HIGHLIGHT: Marriage is a Hindu culture; Only between different genders: R.S.S

We use cookies to give you the best possible experience. Learn more