വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ മറ്റൊരാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
India
വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ മറ്റൊരാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2017, 9:13 am

 

മുസാഫിര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്മാറി. വരന്‍ പിന്മാറിയതോടെ ചടങ്ങിനെത്തിയ ഒരാള്‍ പുതിയ വരനുമായി. മുസാഫിര്‍ നഗറിലെ ഖുല്‍ഹെദി ഗ്രാമത്തിലാണ് ഇറച്ചിയുടെ പേരില്‍ വരന്‍ പിന്മാറിയതും പുതിയ ഒരാള്‍ വിവാഹത്തിന് തയ്യാറാവുകയും ചെയ്തത്.


Also read പശുമാംസം കഴിച്ചെന്നാരോപിച്ച് ദളിത് കുടുംബത്തിന് ക്രൂരമര്‍ദനം


നഗ്മയും റിസ്വാനും തമ്മിലുള്ള വിവാഹമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പച്ചക്കറി മാത്രമുള്ള ഭക്ഷണം ലഭിച്ചതില്‍ പ്രതിഷേധിച്ച് റിസ്വാന്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു. മാര്‍ക്കറ്റില്‍നിന്ന് ആവശ്യത്തില്‍ ഇറച്ചി ലഭ്യമാകാത്തതാണ് സദ്യ പച്ചക്കറിയാക്കാന്‍ കാരണമെന്ന് വധുവിന്റെ വീട്ടുകാരും ഗ്രാമസഭയും ചേര്‍ന്ന് വിശദീകരിച്ചെങ്കിലും വരനും കൂട്ടരും വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു.

ഇതോടെ ഇയാളെ വേണ്ടെന്ന നിലപാട് വധുവും സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ പെങ്കടുക്കാനെത്തിയ ഒരാള്‍ നഗ്മയെ വിവാഹം ചെയ്യാന്‍ തയാറായത്. വധു സമ്മതം അറിയിച്ചതോടെ ഗ്രാമസഭ വിവാഹത്തിന് അനമതി നല്‍കുകയുമായിരുന്നു. ഇതോടെ തീരുമാനിച്ച സമയത്ത് തന്നെ വിവാഹം നടന്നു.


Dont miss മോഹന്‍ ഭഗവതില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത്; ആമീറിനോട് കെ.ആര്‍.കെ


നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടിയതോടെ സംസ്ഥാനത്ത് ഇറച്ചിക്ഷാമം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തിരുന്നു. നേരത്തേ കിലോക്ക് 150 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് 400 രൂപയും 350 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴി ഇറച്ചിക്ക് 260 രൂപയാണ് വില.

മാര്‍ച്ച് 11 മുതലാണ് ഉത്തര്‍പ്രദേശിലെ നിയമവിധേയമല്ലാത്ത അറവുശാലകള്‍ അടച്ചുപൂട്ടിയത്. ക്രമാതീതമായ വിലവര്‍ദ്ധനവും വ്യാപകമായി അറവ് ശാലകള്‍ അടച്ച് പൂട്ടുകും ചെയ്തതോടെയാണ് യു.പിയിലെ ഗ്രാമങ്ങളില്‍ ഇറച്ചി ക്ഷാമം അനുഭവപ്പെട്ടത്.