| Friday, 20th November 2020, 9:10 pm

'സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം'; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് അരവിന്ദ് സിംഗ് സംഗ്‌വാന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മൂന്‍കൂര്‍ ജാമ്യപേക്ഷയ്ക്കായി 21 കാരനായ യുവാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും പ്രായപൂര്‍ത്തിയായാലും, അവര്‍ നേരിട്ട് രക്തബന്ധത്തിലുള്ളവരാണെങ്കില്‍ ഇരുവരും തമ്മിലുള്ള വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ഹരജി സമര്‍പ്പിച്ച യുവാവും ഇയാളുടെ പിതൃസഹോദരി പുത്രിയും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ലുധിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും രണ്ടുപേരും സഹോദരങ്ങളുടെ മക്കളാണന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം നേരിട്ട് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതോടെയാണ് സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം സദാചാര വിരുദ്ധവും നിയമപരമല്ലെന്നും കോടതി വിധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Marriage Between Relatives Illegal

Latest Stories

We use cookies to give you the best possible experience. Learn more