ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ മേളക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ 14നാണ് ടീമുകൾക്ക് ലോകകപ്പിനായുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ കോച്ച് ടിറ്റെ തങ്ങളുടെ കരുത്തരായ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
എന്നാൽ ബ്രസീലിയൻ ആരാധകർക്ക് സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പി.എസ്.ജിയുടെ ബ്രസീലിയൻ താരമായ മാർക്കിഞ്ഞോസിന് പരിക്കേറ്റു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
പി.എസ്.ജി തന്നെയാണ് ഈ വിവരം പുറത്തു വിട്ടതെങ്കിലും താരത്തിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി കൂടുതൽ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ലീഗ് വണ്ണിൽ ഓക്‌സെറെക്കെതിരെ നടക്കാനിരുന്ന മത്സരത്തിൽ മാർക്കിഞ്ഞോസിന്റെ പേരുണ്ടായിരുന്നില്ല. മത്സരത്തിൽ മാർക്കിഞ്ഞോസ് കളിക്കില്ലെന്ന് ഇതോടെ വ്യക്തമാവുകയായിരുന്നു.
അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലാത്തതിനാൽ താരം ലോകകപ്പിനിറങ്ങുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
താരം പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്തിയാൽ നവംബർ 14ന് ബ്രിസീലിന്റെ പരിശീലന ക്യാമ്പിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാർക്കിഞ്ഞോസ് കൂടി പരിക്കിന്റെ പിടിയിലായെന്നതറിഞ്ഞാൽ ശക്തമായ പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നുയരുന്നത്. ലീഗ് മത്സരത്തിനിടയിൽ ലോകകപ്പ് കൊണ്ടു വെച്ചത് വലിയ വീഴ്ചയാണെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
ക്ലബ്ബുകളുമായി കരാറിലേർപ്പെട്ടതിനാൽ ലീഗ് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കാനാവില്ലെന്നും, മത്സരത്തിനിറങ്ങുമ്പോൾ താരങ്ങൾക്ക് നേരിടേണ്ടി വരുന്ന പരിക്കുകളെ അധികൃതർ മുൻകൂട്ടി കാണണമെന്നും ആരാധകരിൽ ചിലർ പറഞ്ഞു.
ലീഗ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ കാത്തുനിൽക്കാതെയും താരങ്ങൾക്ക് ലോകകപ്പിന് മുമ്പ് വിശ്രമിക്കാനുള്ള സാവകാശം നൽകാതെയും വേൾഡ് കപ്പ് തീരുമാനിച്ചത് ഫിഫയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണെന്നും ആരാധകർ കൂട്ടിച്ചേർത്തു.
അതേസമയം ബ്രസീലിന്റെ മുൻനിര താരങ്ങളിൽ പ്രധാനിയായ മാർക്കിഞ്ഞോസ് പരിക്കിനെ മറി കടന്ന് ടീമിനൊപ്പം ചേരുമെന്നും ലോകകപ്പിന്റെ ഭാഗമാകുമെന്നും തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.