ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോളോസിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിക്ക് വിജയിച്ചിരുന്നു.
ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകള്‍ നേടി പി.എസ്.ജി വിലപ്പെട്ട രണ്ട് പോയിന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലാക്കിയത്.
നെയ്മറും എംബാപ്പെയും ടോളോസിനെതിരെയുള്ള സ്‌ക്വാഡില്‍ ഇടം പിടിച്ചിരുന്നില്ല. പരിക്ക് മൂലമാണ് ഇരുതാരങ്ങള്‍ക്കും ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. മത്സരത്തില്‍ ലയണല്‍ മെസിയും അഷ്റഫ് ഹക്കിമിയുമാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.
തകര്‍പ്പന്‍ പ്രകടനമാണ് മെസി മത്സരത്തില്‍ പുറത്തെടുത്തത്. ഹക്കിമി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മെസി പന്ത് പെനാല്‍ട്ടി ബോക്സിന് വെളിയില്‍ ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ മെസിയുടെ ഷോട്ട് വലയിലെത്തിയിരുന്നു.
മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജിയുടെ ക്യാപ്റ്റനും ബ്രസീല്‍ സൂപ്പര്‍താരവുമായ മാര്‍ക്വിഞ്ഞോസ്. മെസി പ്രഗത്ഭനാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു അദ്ദേഹം. യൂറോസ്‌പോര്‍ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മെസിയെ കുറിച്ച് ഞങ്ങള്‍ക്കൊരു കുറ്റവും കുറവും പറയാനില്ല. അവനെല്ലാത്തിനും വേണ്ടി പരിശ്രമിച്ചു. എല്ലാം നേടുകയും ചെയ്തു. മെസി ഞങ്ങള്‍ക്കൊപ്പമുള്ളതില്‍ ഞാന്‍ സന്തോഷവാനാണ്. അവന്‍ എപ്പോഴും ടീം ജയിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്,’ മാര്‍ക്വിഞ്ഞോസ് പറഞ്ഞു.
അതേസമയം, അടുത്ത ജൂണില്‍ പി.എസ്.ജിയുമായി കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബുമായി കരാര്‍ നീട്ടാനുള്ള തയ്യാറെടുപ്പിലാണെന്ന് കഴിഞ്ഞ ദിവസം ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്കായിരിക്കും ഫ്രഞ്ച് ക്ലബ്ബില്‍ തുടരുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലീഗ് വണ്ണില്‍ 22 മത്സരങ്ങളില്‍ നിന്നും 17 വിജയം ഉള്‍പ്പെടെ 54 പോയിന്റുമായി ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന് ഫ്രഞ്ച് കപ്പില്‍ ചിര വൈരികളായ മാഴ്സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Marquinhos praises Lionel Messi