| Friday, 9th June 2023, 9:34 pm

ഇവന്‍മാര്‍ ഒന്ന് ഉറങ്ങാനും സമ്മതിക്കൂല; ചിരി പടര്‍ത്തി ലബുഷാന്‍: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചിരിയുണര്‍ത്തി ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലാണ് ലബുഷാന്‍ കാണികള്‍ക്ക് ചിരിക്കാനുള്ള വകയൊരുക്കിയത്.

ഇന്ത്യയെ 296 റണ്‍സിന് എറിഞ്ഞിട്ട ഓസീസ് മൂന്നാം ദിവസം ചായക്ക് മുമ്പ് തന്നെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരുന്നു. എന്നാല്‍ മികച്ച തുടക്കമല്ല കങ്കാരുക്കള്‍ക്ക് ലഭിച്ചത്. മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെയാണ് ആദ്യ വിക്കറ്റായി ഡേവിഡ് വാര്‍ണര്‍ പുറത്താകുന്നത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ എട്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് കാണികളെ ചിരിപ്പിച്ച സംഭവം അരങ്ങേറിയത്. മൂന്നാമനായി ഇറങ്ങേണ്ട മാര്‍നസ് ലബുഷാന്‍ ഡ്രസിങ് റൂമില്‍ ഉറക്കത്തിലായിരുന്നു. വാര്‍ണര്‍ പുറത്തായതൊന്നും അറിയാതെ നല്ല ഉറക്കത്തിലായിരുന്ന ലബുഷാന്‍ വിക്കറ്റ് വീണതറിഞ്ഞതോടെ പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

View this post on Instagram

A post shared by ICC (@icc)

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസിന് രണ്ടാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 39 പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

View this post on Instagram

A post shared by ICC (@icc)

നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 55ന് രണ്ട് എന്ന നിലയിലാണ്. 56 പന്തില്‍ നിന്നും 22 റണ്‍സുമായി ലബുഷാനും 24 പന്തില്‍ 16 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ അജിന്‍ക്യ രഹാനെയുടെയും ഷര്‍ദുല്‍ താക്കൂറിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയത്.

രഹാനെ 129 പന്തില്‍ നിന്നും 89 റണ്‍സ് നേടിയപ്പോള്‍ താക്കൂര്‍ 109 പന്തില്‍ നിന്നും 51 റണ്‍സും നേടി. 51 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍, സ്‌കോട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. നഥാന്‍ ലിയോണാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content Highlight: Marnus Labuschagne wakes up after David Warner’s dismissal

We use cookies to give you the best possible experience. Learn more