വെസ്റ്റ് ഇന്‍ഡീസ്-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തൂത്തുവാരി കങ്കാരുപ്പട. അവസാന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ണസ് ലബുഷാനെ നേടിയ ഒരു തകര്‍പ്പന്‍ ക്യാച്ച് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ 11 ഓവറിലെ മൂന്നാം പന്തില്‍ ആയിരുന്നു ലബുഷാന്റെ മിന്നും ക്യാച്ച് പിറന്നത്.
ലാന്‍സ് മോറിസിന്റെ പന്തില്‍ കാര്‍ട്‌ലി മൈതാനത്തിലൂടെ അടിച്ച ബോള്‍ പറന്നുകൊണ്ട് കൈപ്പിടിയില്‍ ആക്കുകയായിരുന്നു ഓസീസ് താരം. 21 പന്തില്‍ പത്ത് റണ്‍സുമായി പുറത്താവുകയായിരുന്നു വിന്‍ഡീസ് താരം. ക്യാച്ചിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 24.1 ഓവറില്‍ 86 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ സേവിയര്‍ ബാര്‍ട്ട്ലെറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 7.1 ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.
സേവിയറിന് പുറമെ ലാന്‍സ് മോറിസ്, ആദം സാംപ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് ബാറ്റിങ് 86 റണ്‍സിന് പുറത്താവുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ അലിക് അത്നാസ് 60 പന്തില്‍ 32 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങളൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 6.5 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ ജെയ്ക്ക് ഫ്രാസിര്‍ മക്ഗര്‍ക്ക് 18 പന്തില്‍ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് ജെയ്ക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ജോഷ് ഇംഗില്‍സ് 16 പന്തില്‍ 35 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
Content Highlight: Marnus Labuschagne stunning catch viral on social media.