| Friday, 3rd February 2023, 10:48 am

സ്വന്തം ടീമിന്റെ തോല്‍വി നേരില്‍ കണ്ട സ്മിത്തിന്റെ മുന്നില്‍ കിടന്ന് ആഘോഷവും ആര്‍പ്പുവിളിയും; സ്മിത്തിനെ വട്ടം കൂടി ഒറ്റപ്പെടുത്തി ഓസീസ് താരങ്ങള്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി സിക്‌സേഴ്‌സിനെ പരാജയപ്പെടുത്തി ബ്രിസ്‌ബെയ്ന്‍ ഹീറ്റ് ബിഗ് ബാഷ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്റെ ആഘോഷം വൈറലാകുന്നു.

സിഡ്‌നി സിക്‌സേഴ്‌സിന്റെ ഇന്‍ ഫോം ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ നിരാശയിലായിരുന്നു ലബുഷാനും സംഘവും ബി.ബി.എല്ലിലെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കിയത്.

ബി.ബി.എല്ലില്‍ ബ്രിസ്‌ബെയ്‌നിന്റെ താരമാണ് ലബുഷാന്‍. സ്മിത്താകട്ടെ സിക്‌സേഴ്‌സിന്റെ ട്രംപ് കാര്‍ഡും. എന്നാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയതിനാല്‍ രണ്ട് പേര്‍ക്കും ബി.ബി.എല്‍ മത്സരങ്ങള്‍ നഷ്ടമായിരുന്നു.

സിക്‌സേഴ്‌സിനൊപ്പം ഒരുപക്ഷേ സ്മിത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും അവര്‍ തന്നെ ഫൈനലില്‍ പ്രവേശിച്ചേക്കുമെന്ന ബോധ്യവും ലബുഷാന്റെ ആഘോഷത്തിലുണ്ടായിരുന്നു.

ഹൃദയം നുറുങ്ങി നില്‍ക്കുന്ന സ്മിത്തിന്റെയും, സ്മിത്തിന് മുമ്പില്‍ ആര്‍പ്പുവിളിച്ച് വിജയം ആഘോഷിക്കുന്ന ലബുഷാന്റെയും വീഡിയോ സെവന്‍ ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മാഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ചിരുന്നു. ഹീറ്റിന്റെ മാറ്റ് റെന്‍ഷോയും ലബുഷാനൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.

View this post on Instagram

A post shared by 7Cricket (@7cricket)

കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫ് മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ വിജയം. ആവേശകരമായ മത്സരത്തില്‍ പത്ത് പന്ത് ബാക്കി നില്‍ക്കവെയായിരുന്നു ഹീറ്റ് വിജയം പിടിച്ചടക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിക്‌സേഴ്‌സിനെ സ്മിത്തിന്റെ അഭാവം കാര്യമായി തന്നെ ബാധിച്ചിരുന്നു. സിക്‌സേഴ്‌സ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കാഴ്ചയായിരുന്നു സിഡ്‌നിയില്‍ കണ്ടത്.

വണ്‍ ഡൗണായിറങ്ങി 24 പന്തില്‍ നിന്നും 23 റണ്‍സ് നേടിയ ഡാനിയല്‍ ഹ്യൂഗ്‌സാണ് സിക്‌സേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് സിക്‌സേഴ്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്.

സ്മിത്തിനെ സിക്‌സേഴ്‌സ് എത്രത്തോളം ആശ്രയിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ ടോട്ടല്‍. സിക്‌സേഴ്‌സിനായി കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 346 റണ്‍സുമായി മാരക ഫോമില്‍ തുടരുമ്പോഴായിരുന്നു ടെസ്റ്റ് കളിക്കാന്‍ താരത്തിന് വരേണ്ടി വന്നത്.

117 റണ്‍സ് ടാര്‍ഗെറ്റുമായിറങ്ങിയ ഹീറ്റ് 18.2 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 32 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ മൈക്കല്‍ നാസറാണ് ഹീറ്റിന്റെ ടോപ് സ്‌കോറര്‍.

ഫെബ്രുവരി നാലിന് ഒപ്റ്റസ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ബി.ബി.എല്ലിന്റെ ഫൈനല്‍ നടക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സാണ് എതിരാളികള്‍.

Content highlight: Marnus Labuschagne celebrates Brisbane Heat’s victory over Sydney Sixers in BBL

 

We use cookies to give you the best possible experience. Learn more