എന്താണ് ഇവിടെ നടക്കുന്നതെന്ന് അമ്പയര്‍മാര്‍ക്ക് ഒരു ഐഡിയയും ഇല്ല; തോല്‍വിക്ക് പിന്നാലെ ഓസീസ് സൂപ്പര്‍ താരം
icc world cup
എന്താണ് ഇവിടെ നടക്കുന്നതെന്ന് അമ്പയര്‍മാര്‍ക്ക് ഒരു ഐഡിയയും ഇല്ല; തോല്‍വിക്ക് പിന്നാലെ ഓസീസ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 12:52 am

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ അമ്പയറിങ്ങിനെ വിമര്‍ശിച്ച് ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍. മത്സരത്തില്‍ മാര്‍കസ് സ്റ്റോയ്‌നിസിന്റെയും സ്റ്റീവ് സ്മിത്തിന്റെയും പുറത്താകലിനെതിരെയാണ് ലബുഷാന്‍ രംഗത്തെത്തിയത്.

കഗീസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് മാര്‍കസ് സ്‌റ്റോയ്‌നിസ് പുറത്തായത്. നാല് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് സ്റ്റോയ്‌നിസ് പുറത്താകുന്നത്. എന്നാല്‍ ഇത് ഔട്ട് അല്ലെന്നും തേര്‍ഡ് അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബെറോക്ക് തെറ്റ് പറ്റിയതായിരിക്കാമെന്നുമാണ് ലബുഷാന്‍ പറയുന്നത്.

‘എന്താണ് അവവിടെ സംഭവിച്ചതെന്ന് അമ്പയര്‍മാര്‍ക്ക് അറിയില്ല. ഞങ്ങള്‍ കണ്ടതുതന്നെയാണ് അവരും കണ്ടത്. പന്ത് ഗ്ലൗവില്‍ തട്ടുമ്പോള്‍ അവന്‍ ബാറ്റില്‍ പിടിച്ചിരുന്നില്ല. ഗ്ലൗവില്‍ തട്ടിയതിനാല്‍ അവര്‍ സൈഡ് ഓണ്‍ ആംഗിള്‍ പരിശോധിച്ചതുമില്ല.

മാര്‍കസും (മാര്‍കസ് സ്‌റ്റോയ്‌നിസ്) ഞാനും നിങ്ങളത് ശരിയായി പരിശോധിച്ചോ എന്ന് ചോദിച്ചു. അപ്പോള്‍ അള്‍ട്രാ എഡ്ജിലെ സ്‌പൈക്ക് അവര്‍ കാണിച്ചുതരികയായിരുന്നു.

ബാറ്റും ഗ്ലൗവും തമ്മില്‍ വ്യക്തമായ ഗാപ്പ് ഉള്ളതായാണ് എനിക്ക് തോന്നിയത്. ഞാന്‍ തേര്‍ഡ് അമ്പയറുടെ റൂമില്‍ പോയിട്ടുള്ളതാണ്. അവിടെ ഇതിനേക്കാള്‍ വലിയ സ്‌ക്രീനില്‍ ഇതിനേക്കാള്‍ വ്യക്തമായി വിഷ്വലുകള്‍ കാണാന്‍ സാധിക്കും,’ ലബുഷാന്‍ പറഞ്ഞു.

‘എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവിടെ ചര്‍ച്ചകള്‍ നടന്നിരുന്നു, ഒരുപക്ഷേ പന്ത് ബാറ്റിന്റെ ഹാന്‍ഡിലില്‍ തട്ടിയിരിക്കാം. ഇതില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ ഞങ്ങളത് ആവശ്യപ്പെടുകയും ചെയ്യും.

ഇത് ലോകകപ്പാണ്. ഗെയിമുകളുടെ വിജയപരാജയങ്ങള്‍ തന്നെ മാറ്റിമറിക്കാന്‍ പോന്ന ചില തീരുമാനങ്ങള്‍ക്ക് സാധിച്ചേക്കും. ഈ സാഹചര്യത്തില്‍ ഇത് തീര്‍ച്ചയായും മത്സരത്തിന്റെ ഫലത്തെ മാറ്റിമറിക്കുമായിരുന്നു. ഭാവിയില്‍ ഇത് ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ലബുഷാന്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറി കരുത്തില്‍ 311 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

ഈ തോല്‍വിക്ക് പിന്നാലെ സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഓസീസ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിന് പുറകിലുള്ളത്.

ഒക്ടോബര്‍ 16നാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് ഓസീസിന്റെ എതിരാളികള്‍.

 

Content highlight:  Marnus Labuschagne about umpiring standards after Stoinis, Smith’s dismissals