ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതിന്റെയെല്ലാം പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്ന പ്രവണ അതിരുവിടുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.
” ഇപ്പോള്‍ ഒരു ഡി.യു അധ്യാപകന്‍ അസംബന്ധമായി മാര്‍ക്ക് ജിഹാദിനെ വിമര്‍ശിച്ച് ശ്രദ്ധ നേടി! ഡി.യു പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡമായി മാര്‍ക്കിനെ അമിതമായി ആശ്രയിക്കുന്നത് ഞാന്‍ എപ്പോഴും അപലപിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പരിഹാസ്യമാണ്,” തരൂര്‍ പറഞ്ഞു. ഇത്തരം കേരള വിരുദ്ധ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചു. ദല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം.
രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാന്‍ ഇടതുപക്ഷ കേന്ദ്രമായ കേരളത്തില്‍ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാര്‍ക് ജിഹാദാണ് നടത്തുന്നതെന്നും ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്ന് ദല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും കേരളത്തില്‍ മാര്‍ക് ജിഹാദ് ഉണ്ടെന്നും രാകേഷ് കുമാര്‍ ആരോപിച്ചത്.
അതേസമയം, ‘മാര്‍ക്ക് ജിഹാദ്’ ആരോപണം നിഷേധിച്ച് ദല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരുന്നു.
സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്നും പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ദല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.