| Wednesday, 3rd May 2017, 12:33 pm

സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രവര്‍ത്തനം മുസ്‌ലീങ്ങളെ വിദ്യാഭ്യാസപരമായി പിറകോട്ട് നയിച്ചു: മര്‍ക്കസ് ഡയരക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ സയ്യദ് അഹമ്മദ് ഖാന്‍ അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റി കൊണ്ട് സമുദായത്തിനുണ്ടാക്കിയ നേട്ടം മുഹമ്മദലി ജൗഹറിന്റെ സമരപോരാട്ടം കൊണ്ട് മുസ്‌ലീങ്ങള്‍ക്കുണ്ടായില്ല.


കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രവര്‍ത്തന ഫലമായി കേരളത്തില്‍ മുസ്‌ലീങ്ങള്‍ വിദ്യാഭ്യാസപരമായി പുറകോട്ട് പോയെന്ന് കാരന്തൂര്‍ സുന്നി മര്‍ക്കസ് ഡയരക്ടര്‍ എ.പി അബ്ദുള്‍ ഹഖീം അസ്ഹരി. “” പഠിക്കാത്ത മനുഷ്യന്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. അറബി ഉറുദു ഭാഷകള്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഇന്നും അറബി ഉറുദു പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അറബിയും അറിയില്ല, ഉറുദുവും അറിയില്ല. പക്ഷേ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നത് ആ കുട്ടികള്‍ക്കായിരിക്കും. പഠിച്ചില്ലെങ്കിലും ജോലി കിട്ടുമെന്ന ചിന്താഗതി വിദ്യാഭ്യാസത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ കാരണമായി””. – അദ്ദേഹം വിശദീകരിച്ചു. ദര്‍ശന ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്ക് ഉണ്ടായ ഏറ്റവും വലിയ “ഡ്രോ ബാക്ക് ” രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നു വന്ന മുസ്‌ലീം രാഷ്ട്രീയ കക്ഷികളാണ്. മുസ്‌ലീം രാഷ്ട്രീയ പാര്‍ട്ടികളെന്ന് പറഞ്ഞ് വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ടുതന്നെ മറ്റുമുഖ്യധാര പാര്‍ട്ടികളില്‍ നിന്ന് വിവേകമുള്ള വിവരമുള്ള മുസ്‌ലീം നേതൃത്വം ഉയര്‍ന്നുവരുന്നില്ല. ഇവരുടെ കാര്യങ്ങള്‍ മുസ്‌ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കിക്കോളുമെന്ന ചിന്തയും വലിയ പാര്‍ട്ടികള്‍ക്കുണ്ടായി. കേരളത്തിലുള്ള മുസ്‌ലീം ലീഗിനെപ്പോലെയുള്ള പാര്‍ട്ടികളില്ലാത്തിടങ്ങളില്‍ മുസ്‌ലീങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യവും വളര്‍ച്ചയും വളരെ വലുതാണ്. മുസ്‌ലീം ലീഗ് ഇല്ലാത്ത യു.പിയില്‍ മദ്രസകള്‍ക്ക് അംഗീകാരമുണ്ട്, മദ്രസയില്‍ നിന്നും പാസാകുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടും. ഇവിടെ ലീഗുള്ളത് കൊണ്ട് അത്തരം കാര്യങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ല””. – അദ്ദേഹം പറയുന്നു.

കേരളത്തിലെ മതസംഘടനകള്‍, സമസ്തയും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതോടുകൂടിയാണ് മുസ്‌ലീങ്ങളില്‍ വിദ്യാഭ്യാസ പുരോഗതിയുണ്ടാകുന്നത്. 50 കൊല്ലമായി ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവരാന്‍ ശ്രമിച്ച സംഘടനകള്‍ക്ക് 50 സ്‌കൂള്‍ തികച്ചുമില്ല. അവരുടെ നിലപാട് മതപണ്ഡിതന്‍മാര്‍ക്ക് എതിരായതുകൊണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ 25 കൊല്ലം കൊണ്ട് 300 ല്‍ അധികം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചതായും ഹഖിം അസ്ഹരി പറഞ്ഞു.

ഗവര്‍മെന്റ് ഉണ്ടാക്കുക എന്ന വലിയ പരിപാടിയിലേക്ക് തിരിഞ്ഞ് ഊര്‍ജം കളയുന്നതിന് പകരം സര്‍ക്കാരിനെ കൊണ്ട് ശരിയായ നിലപാട് എടുപ്പിക്കുകയാണ് വേണ്ടത്. ഏത് സര്‍ക്കാര്‍ വന്നാലും അവരുമായി നല്ല ബന്ധം പുലര്‍ത്തി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. സര്‍ സയ്യദ് അഹമ്മദ് ഖാന്‍ അലിഗഡ് മുസ്‌ലീം യൂണിവേഴ്‌സിറ്റി കൊണ്ട് സമുദായത്തിനുണ്ടാക്കിയ നേട്ടം മുഹമ്മദലി ജൗഹറിന്റെ സമരപോരാട്ടം കൊണ്ട് മുസ്‌ലീങ്ങള്‍ക്കുണ്ടായില്ല. ബ്രീട്ടീഷുകാരുടെ സഹായത്തോടെ അദ്ദേഹം സ്ഥാപനമുണ്ടാക്കിയെങ്കിലും അവിടെ ഖുറാനോതി, തൊപ്പി വെച്ച്, താടിവെച്ച് അദ്ദേഹം മുന്നോട്ട് പോയി. ഇസ്‌ലാമിക സംസ്‌ക്കാരത്തെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് സര്‍ക്കാരുമായി ഏറ്റുമുട്ടാതെ മുന്നോട്ടുപോയി. – അദ്ദേഹം പറയുന്നു.


Dont Miss ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ‘മാതൃഭൂമി’; മാതൃഭൂമിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശകര്‍ 


ഗവണ്‍മെന്റ് ഏതാണെന്ന് നോക്കാതെ, ബി.ജെ.പിയാണോ നരേന്ദ്ര മോദിയാണോ എന്ന് നോക്കാതെ ഒരു സഹകരണത്തിന്റെ പാത സ്വീകരിക്കണമെന്നാണോ പറയുന്നതെന്ന അവതാരകന്റെ ചോദ്യത്തോട് ഇങ്ങനെയായിരുന്നു ഹഖിം അസ്ഹരിയുടെ മറുപടി ” അല്ലാതിരുന്നാല്‍ നമ്മുടെ സമയം അനാവശ്യമായി പോകും”. ഗവര്‍മെന്റിനെ എതിര്‍ത്ത് ഊര്‍ജ്ജം കളയുന്നതിലൂടെ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതില്‍ തടസമുണ്ടാവുകയാണ് ചെയ്യുക- അദ്ദേഹം വിശദീകരിക്കുന്നു. “പരസ്പരമറിയാത്ത ആളുകള്‍ അപ്പുറവുമിപ്പുറവും നിന്നുകൊണ്ട് ഇതാ നമുക്കെതിരെ ഒരു വലിയ ശക്തി വരുന്നു അവര്‍ കലാപമുണ്ടാക്കിയവരാണ് കൊല നടത്തിയവരാണ് എന്നുപറഞ്ഞ് പേടിപ്പിച്ച് സമുദായത്തെ നിര്‍ത്തേണ്ട കാര്യമില്ല. നമ്മള്‍ എവിടേയും പേടിക്കേണ്ട കാര്യമില്ല. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് ഉണ്ടാവേണ്ടത്. ആരു ഭരിച്ചാലും നിങ്ങള്‍ക്ക് നന്മ വരും”. – അദ്ദേഹം പറയുന്നു.

ബി.ജെ.പി ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണോ എന്ന ചോദ്യത്തിനോടുള്ള അബ്ദുള്‍ ഹഖീം അസ്ഹരിയുടെ മറുപടി ഇങ്ങനെ “അങ്ങനെയുള്ള ഒരു അളവുകോല്‍ വെച്ച് അളക്കാന്‍ പറ്റുന്ന ഒരു സമീപനത്തിന്റെ കാര്യമല്ല. പൊതുവെ പറഞ്ഞാല്‍ രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് ഈക്വല്‍ ഡിസ്റ്റസ് ടു എവരിബഡി. ഓരോ സമയത്തുണ്ടാകുന്ന ചില രാഷ്ട്രീയപാര്‍ട്ടികളുടെ നയവുമായി നമുക്ക് എതിര്‍പ്പുണ്ടാകാം. അതിനോട് രാഷ്ട്രീയപരമായി വിയോജിക്കും”.

“ബാബരി മസ്ജിദ് സംബന്ധിച്ച തര്‍ക്കം കോടതിയില്‍ വെച്ച് തീരണമെന്ന് നമ്മള്‍ പറയുന്നത് അങ്ങനെയാവുമ്പോള്‍ പിന്നീട് തര്‍ക്കമുണ്ടാവില്ല എന്നുള്ളതുകൊണ്ടാണ്. പുറമെ നിന്നുള്ള ഒത്തുതീര്‍പ്പാണ് പരിഹാരമെങ്കില്‍, പരിഹരിക്കപ്പെടുമെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ഉത്തരേന്ത്യന്‍ മുസ്‌ലീങ്ങള്‍ പുറത്തുനിന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് പറയുന്നത് അവരുടെ അനുഭവത്തില്‍ നിന്നാണ്”. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണത്തോടുള്ള മറുപടിയായിട്ടായിരുന്നു ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്‌ലീം ലീഗിനോട് കാന്തപുരം വിഭാഗത്തിന് ശത്രുതയുണ്ടെന്ന പ്രചരണത്തിന് പിന്നില്‍ മുജാഹിദ് വിഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ക്ക് മുസ്‌ലീം ലീഗിന്റെ ആധിപത്യ സ്ഥാനത്ത് നില്‍ക്കണം. അതിനാണ് ഈ പ്രചരണം. ലീഗുമായി വളരെ സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ പോലെ തന്നെയാണ് ലീഗിനെ കാണുന്നത്. അതേസമയം മതത്തിന്റെ പ്രതിനിധിയായി ലീഗിനെ കാണുന്നുമില്ല. സമസ്തയുടേയും ലീഗിന്റേയും നേതാക്കന്‍മാര്‍ ഒരുവിഭാഗമാകുന്നതുകൊണ്ട് സമസ്തയുടെ നേതാക്കന്‍മാര്‍ക്ക് ജമാഅത്തിന്റേയും മുജാഹിദിന്റേയും വളര്‍ച്ചയെ സഹായിക്കുന്ന ചിലത് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ആരോപിച്ചു.

മുസ്‌ലീം സമുദായത്തിലെ സ്ത്രീകളുടെ സര്‍ഗാത്മക ശേഷി അടുക്കളയില്‍ തളച്ചിടുകയാണോ എന്ന ചോദ്യത്തിനോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.

“”സ്ത്രീകളുടെ വിഷയത്തില്‍ മേനകാ ഗാന്ധിയും യേശുദാസും എം.എന്‍ കാരശ്ശേരിയും സിനിമക്കാരുടെ സംഘടനയായ അമ്മയും പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ മതി. ആറ് മണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നാണ് മേനകാഗാന്ധി പറഞ്ഞത്. ആണുങ്ങള്‍ കൂടെയില്ലാതെ നടികള്‍ പുറത്തിറങ്ങരുതെന്നാണ് അമ്മ പറഞ്ഞത്. മോശമായ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമാകുന്നതെന്നാണ് യേശുദാസ് പറഞ്ഞത്. ശശീന്ദ്രന്‍ വിഷയം വന്നപ്പോള്‍ കാരശ്ശേരി പറഞ്ഞത് പെണ്‍കുട്ടികള്‍ അഭിമുഖത്തിന് വരരുതെന്ന് കാന്തപുരം പറഞ്ഞിരുന്നു അതിപ്പോള്‍ ശരിയാണെന്ന് തോന്നുന്നുവെന്നാണ്. ഇസ്‌ലാം പറയുന്ന കാര്യങ്ങളാണ് ശരിയെന്നാണ് ഇപ്പോള്‍ പുറത്തുനില്‍ക്കുന്നവരും പറയുന്നത്””.

മര്‍ക്കസിന്റെ മിക്ക സ്ഥാപനങ്ങളിലും കൂടുതലുള്ളത് പെണ്‍കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇവിടെ നിന്നെല്ലാം ഇറങ്ങി വന്ന പെണ്‍കുട്ടികള്‍ പിന്നീട് എന്താകുന്നു എന്ന ചോദ്യത്തോട് അടുക്കളയില്ലാതെ വിശപ്പടങ്ങില്ല എന്നായിരുന്നു ഹക്കീം അസ്ഹരിയുടെ മറുപടി. സംഘടനാപരമായി മുസ്‌ലീം സ്ത്രീകള്‍ പുറത്തേക്ക് വരേണ്ട ഒരാവശ്യം ഇപ്പോഴില്ല. പുരുഷന്‍മാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം അബദ്ധം ചെയ്തുപോയതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം സ്ത്രീകള്‍ മത്സരിക്കുമ്പോള്‍ അമ്മ പറഞ്ഞതുപോലെ അവര്‍ക്ക് ആണ്‍തുണയില്ലാതെ പുറത്തുപോകേണ്ടി വരും. പഞ്ചായത്ത് മീറ്റിങ് നടക്കുമ്പോള്‍ ഭര്‍ത്താവ് പുറത്ത് കാത്തുനില്‍ക്കേണ്ടി വരും. അപ്പോള്‍ ഇന്ത്യാ രാജ്യത്തിന്റെ മാനുഷികമായ ഊര്‍ജ്ജമാണ് നഷ്ടമാകുന്നത്. ഇസ്‌ലാമിക് ബാങ്കിങ് പരീക്ഷിച്ചതുപോലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇസ്‌ലാമിക കാര്യങ്ങള്‍ പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ ഉണ്ടാക്കിയ നിയമമാണ്. അതറിയാതെയാണ് അതിനെ വിമര്‍ശിക്കുന്നത്. ഈ വിവാദത്തിലൂടെ മറ്റ് പല വിഷയങ്ങളും മറക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറബിമലയാളത്തില്‍ പതിനായിരിക്കണക്കിന് പുസ്തകങ്ങളുണ്ടായിരുന്നു. എന്നാല്‍ മുജാഹിദുകളുടെ ആവിര്‍ഭാവത്തോടെ ശിര്‍ക്കിലും തൗഹീദിലും മാത്രമായി ചര്‍ച്ചകളൊതുങ്ങി. ജപ്പാന്‍ പോലെയോ കൊറിയ പോലെയോ ഉയരേണ്ട നാടായിരുന്നു കേരളം. മൗദൂദി സാഹിബിന്റെ ഖുറാന്‍ വ്യാഖ്യാനത്തോടെ ഗവര്‍മെന്റ് സ്‌കൂളുകളില്‍ പഠിക്കാന്‍ പാടില്ല, സര്‍ക്കാര്‍ ഉദ്യോഗം നേടാന്‍ പാടില്ല, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പാടില്ല തുടങ്ങിയ ചിന്താഗതികള്‍ മുസ്‌ലീങ്ങളെ പിറകോട്ട് വലിച്ചു.

വൈജ്ഞാനിക ശ്രോതസ്സായിരുന്ന അറബി മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റാന്‍ വേണ്ടിയുള്ള ഇവരുടെ ശ്രമത്തോടെ യഥാര്‍ത്ഥത്തില്‍ പിന്നോട്ട് വലിക്കലാണുണ്ടായത്. മാത്രവുമല്ല മറ്റുമതക്കാരുമായി ഇടപഴകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്നും മറുഭാഗത്ത് മുസ്‌ലീങ്ങള്‍ ബോംബുണ്ടാക്കുന്നവരും തീവ്രവാദികളാണെന്നുമുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇവര്‍ തമ്മില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നില്ല. മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും എ.പി അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന മുസ്‌ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. അവര്‍ക്കിവിടെ എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ട്. മതപരമായി ജീവിക്കാനും മതത്തെ പ്രബോധനം ചെയ്യാനുള്ള അവകാശവുമുണ്ട്. പൂര്‍വകാല മതപണ്ഡിതന്‍മാര്‍ ചെയ്തതുപോലെ മതപ്രവര്‍ത്തനത്തോടൊപ്പം തന്നെ രാഷ്ട്രനിര്‍മാണ പ്രക്രിയയിലും ഇടപെടുന്നുണ്ട്.

കേരളത്തിലേതുപോലെ ശക്തമായ മതപണ്ഡിതരുടെ സാന്നിധ്യമില്ലാത്തിടങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചില കാര്യങ്ങള്‍ വിശ്വസിച്ച് ചിലരൊക്കെ മറ്റു മതങ്ങളിലുള്ളതുപോലെ ചെറിയൊരു ന്യൂനപക്ഷം തെറ്റായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് മൊത്തം മുസ്‌ലീങ്ങളുടെ ചിന്താഗതിയല്ലെന്നും മുസ്‌ലീങ്ങളിലെ “മൈക്രോ മൈന്യൂട്ടായ” ഒരുവിഭാഗം ആളുകളുടെ ചിന്തയാണെന്നും ലോകം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more