| Friday, 8th June 2018, 4:27 pm

തെരഞ്ഞെടുപ്പ് അടുത്തല്ലോ ഇനി ചില രസകരമായ കത്തുകളൊക്കെ ലഭിക്കും: മോദിവധ ഗൂഢാലോചന കത്തിനെ പരിഹസിച്ച് കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടതായുള്ള പൊലീസ് വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു.

രസകരമായ ചില കത്തുകള്‍ നമ്മുടെ പൊലീസുകാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഭീമ കൊറേഗണ്‍ കലാപവുമായി ബന്ധപ്പെട്ടവയാണ് ചിലതെന്ന് അവര്‍ പറയുന്നുണ്ടെന്നും മറ്റു ചിലത് മോദി വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതുമാണെന്നും കട്ജു ഫേസ്ബുക്കില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിന്റെ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഇത്തരത്തിലുള്ള കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും മനപൂര്‍വം തയ്യാറാക്കിയെടുത്തതാണെന്നും ചിലര്‍ പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനാവില്ലെന്നാണ് കട്ജു പറയുന്നത്.

സാമം ദാനം ദണ്ഡം ഭേദം എന്നിവ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കപ്പെടാറുള്ളതാണല്ലോയെന്നും കട്ജു ഫേസ്ബുക്കില്‍ ചോദിക്കുന്നു.

ഏപ്രില്‍ 18 നാണ് പൂനെ പൊലീസിന് ഇത്തരമൊരു കത്ത് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചക്കില്ലെന്ന് മുരളീധരന്‍- കൃഷ്ണദാസ് വിഭാഗം


മോദിയെ കൊല്ലണമെന്ന് കത്തില്‍ നേരിട്ട് പറയുന്നില്ലെങ്കിലും അതിന്റെ ഉള്ളടക്കം അതാണെന്നാണ് പൊലീസ് പറയുന്നത്. ഡിയര്‍ കോമ്‌റേഡ് പ്രകാശ് എന്നാരംഭിക്കുന്ന കത്തില്‍, മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ആദിവാസി സമൂഹത്തിന്റെ ജീവിതം തന്നെ തച്ചുടച്ചെന്ന് പറയുന്നുണ്ട്.

“”കോമറേഡ് കിഷനും മറ്റ് മുതിര്‍ന്ന നേതാക്കളും മോദി രാജ് എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി മോഡലിലുള്ള ഒന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഇത് ആത്മഹത്യാപരവും നമ്മള്‍ തോല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ്. എങ്കിലും നമ്മുടെ പാര്‍ട്ടി പി.ബി/സി.സി ഇത്തരമൊരു ആവശ്യം മനസിലാക്കുമെന്ന് കരുതുന്നു”” കത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ റോഡ് ഷോകള്‍ ലക്ഷ്യം വെക്കുന്നത് നല്ല ഉപായമാണ്. പാര്‍ട്ടിയുടെ അതിജീവനമാണ് എല്ലാത്തിലും വലുത് എന്ന് ഞങ്ങള്‍ എല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. മറ്റു കാര്യങ്ങള്‍ അടുത്ത കത്തില്‍”” എന്നാണ് കത്തില്‍ പറഞ്ഞുവെക്കുന്നതെന്നും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more