എല്ലാതരത്തിലും പരാജയപ്പെട്ട നിരാശരായ ഒരു സര്‍ക്കാറിന്റെ ബലപ്രദര്‍ശനം മാത്രമാണ് ഈ പ്രഖ്യാപനമെന്നും കട്ജു കളിയാക്കുന്നു.
ന്യൂദല്‍ഹി: 500രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുന്നവരെ കളിയാക്കി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. 90% ഇന്ത്യക്കാരും മണ്ടന്മാരാണെന്ന തന്റെ പരാമര്‍ശം ശരിവെക്കുകയാണ് ഇവരെന്നാണ് കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്.
“90% ഇന്ത്യക്കാരും മണ്ടന്മാരാണെന്ന എന്റെ പോയിന്റ് ശരിവെക്കുകയാണ് 500, 100 സ്‌കീമിനെ പുകഴ്ത്തുന്ന വലിയൊരു വിഭാഗം. ഇത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ? ഇത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തരത്തില്‍ ബഹളം മാത്രമേ സൃഷ്ടിക്കുകയുള്ളൂ.” കട്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു,
എല്ലാതരത്തിലും പരാജയപ്പെട്ട നിരാശരായ ഒരു സര്‍ക്കാറിന്റെ ബലപ്രദര്‍ശനം മാത്രമാണ് ഈ പ്രഖ്യാപനമെന്നും കട്ജു കളിയാക്കുന്നു.
2012ലായിരുന്നു 90 ശതമാനം ഇന്ത്യക്കാരും മാടുകളെ പോലെ ഒന്നുമറിയാതെ വോട്ടു ചെയ്യുന്നവരാണെന്ന് കട്ജു പറഞ്ഞിരുന്നത്. ജാതിയും മതവും നോക്കിയാണ് ആളുകള്‍ വോട്ടു ചെയ്യുന്നതെന്നും ക്രിമിനലുകള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നത് ഇതിന് തെളിവാണെന്നും കട്ജു അന്ന് പറഞ്ഞിരുന്നു.
കള്ളപ്പണം തടയാനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ മോദി നടത്തിയ ഈ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കു വഴിവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നിരുന്നു. കള്ളപ്പണം തടയാന്‍ മോദിയുടെ ഈ പദ്ധതി സഹായിക്കുമെന്നായിരുന്നു ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ് തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ ഈ തീരുമാനത്തെ അനുകൂലിച്ചു രംഗത്തുവന്ന പ്രമുഖരില്‍പ്പെടുന്നു.
അതേസമയം കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്, ബംഗാള്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.
കള്ളപ്പണം ആരും നോട്ടുകളായല്ല സൂക്ഷിക്കുന്നതെന്നും കീഴ്‌വഴക്കങ്ങളും പാരമ്പര്യവും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനമെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. ഉല്പാദന മേഖലയില്‍ ഇത് വലിയ നഷ്ടമുണ്ടാക്കുമെന്നും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇത് സൃഷ്ടിച്ചതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഡ്രാക്കോണിയന്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു മമതാ ബാനര്‍ജി ആവശ്യപ്പെട്ടത്.