ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖനടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം ആയിക്കൂടാ? യു.പി പൊലീസിനെതിരെ മാര്‍കണ്ഡേയ കട്ജു
national news
ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖനടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്‌ലീങ്ങള്‍ക്ക് നിസ്‌കാരം ആയിക്കൂടാ? യു.പി പൊലീസിനെതിരെ മാര്‍കണ്ഡേയ കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 10:49 am

 

ലകനൗ: പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള യു.പി പൊലീസ് ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (b) യുടെ ലംഘനമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ യു.പി പൊലീസിന്റെ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന് പൊതുസ്ഥലത്ത് ശാഖകള്‍ നടത്താമെങ്കില്‍ എന്തുകൊണ്ടാണ് മുസ്‌ലീങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു. “പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്‌ലീങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്കു പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?” അദ്ദേഹം ചോദിക്കുന്നു.

Also read:മറാത്തി മതഭ്രാന്തനായി യു.പി യില്‍ നിന്നുമുള്ള മുസ്‌ലിം നടനഭിനയിക്കുന്ന കാവ്യനീതി; താക്കറെയാവാന്‍ ഒരുങ്ങുന്ന നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ സിദ്ധാര്‍ത്ഥ്

“നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.” അദ്ദേഹം പറയുന്നു.

മുസ്‌ലീങ്ങള്‍ പള്ളികളില്‍ നിസ്‌കരിച്ചാല്‍ മതിയെന്നു പറയുന്നവര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നുണ്ട്. “മുസ്‌ലീങ്ങള്‍ പള്ളികളില്‍ നമസ്‌കരിക്കണം എന്നു പറയുന്നവര്‍ക്കുള്ള മറുപടി പലപ്പോഴും പള്ളികള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കാറില്ലയെന്നതാണ്. അല്ലെങ്കില്‍ അവിടെ സ്ഥലപരിമിതിയുണ്ട് എന്നതാണ്.” കട്ജു പറയുന്നു.

നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തുള്ള നിസ്‌കാരമാണ് യു.പി പൊലീസ് നിരോധിച്ചിരിക്കുന്നത്. പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നും ഇത്തരത്തില്‍ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ കമ്പനിയ്ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

ഐ.ടി ഇന്‍ഡസ്ട്രീയല്‍ ഹബ്ബായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതുഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ദിവസങ്ങളില്‍ വലിയ ആള്‍ക്കൂട്ടം പൊതു ഇടങ്ങളില്‍ നിസ്‌കാരത്തിനായി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമായിരുന്നു പൊലീസ് വാദം.