കോഴിക്കോട്: റമദാന്‍ മാസം കര്‍ഷകര്‍ക്ക് ആശ്വാസകാലമാണ്. വലിയ ഡിമാന്റിനൊപ്പം ന്യായമായ വിലയും ലഭിക്കുമെന്ന കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് നിപ പനിപ്പേടി വന്‍ തിരിച്ചടിയാണ് നല്‍കിയത്. സാധാരണ കുതിച്ചുയരേണ്ട പഴവിപണിയില്‍ തിരക്ക് തീരെയില്ല. വില കുറച്ചിട്ടും വാങ്ങാന്‍ പലരും മടിക്കുന്നു. കോഴിക്കോട്ടെ കോഴി, ഇറച്ചി മാര്‍ക്കറ്റുകളിലും ചെറുതല്ലാത്ത മാന്ദ്യമുണ്ട്.
പനിപ്പേടിയില്‍ നഗരത്തിലെ മാമ്പഴ മാര്‍ക്കറ്റില്‍ 75 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്ന് ആള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. മറ്റ് പഴങ്ങള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞു. സംസ്ഥാന തലത്തില്‍ 45 ശതമാനത്തോളം കച്ചവടമാന്ദ്യമുണ്ടായിട്ടുണ്ടെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
വവ്വാല്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വവ്വാലിന്റെ ഉമിനീരിലും ശരീര സ്രവങ്ങളിലും വൈറസ് ബാധയുണ്ടാകാമെന്നതിനാലാണിത്. വവ്വാല്‍ കടിക്കാത്ത പഴങ്ങള്‍ കഴുകി ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അറിയിച്ചിരുന്നു.
എന്നാല്‍, പനിഭീതി കാരണം പഴങ്ങളൊക്കെയും ഉപേക്ഷിച്ചിരിക്കുകയാണ് ആളുകള്‍. മരത്തില്‍ നിന്ന് നേരിട്ട് പറിച്ച് പഴുപ്പിച്ച് വിപണിയിലെത്തിക്കുന്ന പഴങ്ങളായിരുന്നിട്ട് കൂടി ഭീതി കാരണം ആളുകള്‍ ഒഴിവാക്കുകയാണ്.
മാങ്ങയ്ക്ക് പുറമെ നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ പഴങ്ങള്‍ക്കും ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ചോദിക്കുന്ന വിലയ്ക്ക് കടകളില്‍ നിന്ന് സാധനം വിറ്റൊഴിക്കേണ്ടി വരുന്നതിനാല്‍ കര്‍ഷകരില്‍ നിന്ന് പുതിയ സ്റ്റോക്കുകള്‍ എടുക്കാന്‍ കച്ചവടക്കാരും തയ്യാറാവുന്നില്ല.
വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങള്‍ ഒരു വിധത്തിലും വിപണനം നടത്തുന്നില്ലെന്നും ജനങ്ങളില്‍ ഭീതി പരത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പിന്തിരിയണമെന്നും വ്യാപാരികള്‍ പത്രസമ്മേളനം നടത്തി പറയേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട് കാര്യങ്ങള്‍. പഴങ്ങള്‍ നേരത്തെ പറിച്ചെടുത്ത് പഴുപ്പിക്കുകയാണെന്നും അവ വവ്വാലുകള്‍ കടിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
വിളവെടുത്ത് നേരിട്ട് കച്ചവടം നടത്തുന്ന ചെറുകിട കര്‍ഷകര്‍ക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. ചാമ്പയ്ങ്ങ, പേരക്ക, മാങ്ങ തുടങ്ങിയവ പറിച്ചെടുത്ത് തൊട്ടടുത്ത ടൗണില്‍ നേരിട്ട് ചെന്ന് കച്ചവടം ചെയ്യുന്ന ചെറുകിട കര്‍ഷകരില്‍ പലരും വിളവ് കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിവാക്കുകയോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നല്‍കുകയോ ആണ് ചെയ്യുന്നത്.
കച്ചവടക്കാര്‍ മുഴുവന്‍ കൈ ഒഴിഞ്ഞിരിക്കുകയാണെന്നും അടയ്ക്ക ഒക്കെ പറിക്കാന്‍ പോലും ആളുകള്‍ തയ്യാറാവുന്നില്ലെന്നും കോഴിക്കോട്ടെ മാമ്പഴ കര്‍ഷകനായ രാജന്‍ പറയുന്നു.
“വീടിനോട് ചേര്‍ന്ന് കുറച്ച് മാവുണ്ട്. എല്ലാ വര്‍ഷവും മാവ് പൂക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ വന്ന് അഡ്വാന്‍സ് തന്ന് കച്ചവടം ഉറപ്പിച്ച് പോവുകയാണ് ചെയ്യാറ്. വിളവെടുത്തതിന് ശേഷം ബാക്കി പണം തരും. എന്നാല്‍ ഇത്തവണ വിളവെടുപ്പിന് കാത്തിരിക്കുമ്പോഴാണ് നിപ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ കച്ചവടക്കാര്‍ കയ്യൊഴിഞ്ഞു. വിറ്റ് പോവില്ലെന്നാണ് അവര്‍ പറയുന്നത്. അഡ്വാന്‍സ് മാത്രമാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളൂ. ഇത്രയും മാങ്ങ ഇനി എന്ത് ചെയ്യും എന്നത് പോലും ഇപ്പോള്‍ കഷ്ടത്തിലാണ്. നാട്ടില്‍ മിക്കയിടത്തും ഇതാണ് സ്ഥിതി. വീടുകളിലൊക്കെയുള്ള മാവില്‍ നിന്ന് വീഴുന്ന മാങ്ങയില്‍ മിക്കപ്പോഴും പൊട്ടലുണ്ടാവും. പലരും ഇത് വവ്വാല്‍ കടിച്ചതാണെന്ന ധാരണയില്‍ എടുക്കാന്‍ പോലും മടിക്കുന്നു. അടയ്ക്ക ഒക്കെ പറിയ്ക്കാന്‍ പോലും ചിലര്‍ മടി കാണിക്കുന്നുണ്ട്.” – അദ്ദേഹം പറഞ്ഞു.
കോഴിയിറച്ചി വിപണികളിലും ഇടിവുണ്ടായിട്ടുണ്ട്. റമദാന്‍ മാസമായിരുന്നിട്ട് കൂടി സാധാരണ കച്ചവടത്തിന്റെ അത്രയും കച്ചവടം മാത്രമേ നടക്കുന്നുള്ളൂ എന്നാണ് കൊയിലാണ്ടിയിലെ കോഴി കര്‍ഷകര്‍ പറയുന്നത്.
“സാധാരണ റമദാനില്‍ വലിയ ഡിമാന്റ് ഉണ്ടാവേണ്ടതാണ്. പക്ഷേ ഇപ്പോ നിപ്പ ബാധയുള്ളത് കൊണ്ട് അത്രയുമില്ല. വലിയ കുറവൊന്നുമില്ല, പക്ഷേ റമദാന്‍ മാസത്തിലുണ്ടാവേണ്ട വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.”- കൊയിലാണ്ടിയിലെ സി.പി.ആര്‍ ചിക്കന്‍ ഫാം&സ്റ്റാള്‍ ഉടമ റമീസ് എം.കെ പറഞ്ഞു.
എന്നാല്‍, നിപ പനി മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കുന്ന സാഹചര്യമില്ലെന്നും എന്നാല്‍ വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കരുതെന്നും അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും ഡയറക്ടര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.