| Monday, 30th December 2024, 10:44 pm

ഇന്ത്യന്‍ സിനിമക്ക് എന്തെങ്കിലും തിരിച്ചുനല്‍കണമെന്ന ചിന്തയിലാണ് മോഹന്‍ലാല്‍ സാര്‍ ബാറോസ് അണിയിച്ചൊരുക്കിയത്: ഷാരോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാറോസ്. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ബാറോസ്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയതും മോഹന്‍ലാല്‍ തന്നെയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാറോസിന്റെ മാര്‍ക്കറ്റിങ് ഹെഡ്ഡായ ഷാരോണ്‍.

ബാറോസ് എന്ന ചിത്രം അണിയിച്ചൊരുക്കിയ ആശീര്‍വാദ് സിനിമാസ് ഒരുപാട് മികച്ച സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അതെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും ഷാരോണ്‍ പറഞ്ഞു. ദൃശ്യം, ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയത് ആശീര്‍വാദാണെന്നും അവര്‍ ബാറോസിനായി 150 കോടിയിലധികം ചെലവഴിച്ചിട്ടുണ്ടെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇത്ര വലിയ റിസ്‌ക് അവര് എടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ സിനിമക്ക് എന്തെങ്കിലും തിരികെ നല്‍കണമെന്നുള്ള മോഹന്‍ലാലിന്റെ വിഷന്‍ കാരണമാണെന്നും ഷാരോണ്‍ പറഞ്ഞു. മലയാളത്തില്‍ മാത്രമല്ല അദ്ദേഹം ശ്രദ്ധ വെച്ചതെന്നും ലോകം മുഴുവന്‍ ഈ സിനിമയിലേക്ക് ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

ബാറോസ് ഒരു വിഷ്വല്‍ ട്രീറ്റായിട്ടാണ് ഒരുങ്ങിയതെന്നും അത് പൂര്‍ണമായും പ്രേക്ഷകരിലേക്ക് എത്താന്‍ വേണ്ടിയാണ് ത്രീ.ഡിയില്‍ മാത്രം റിലീസ് ചെയ്തതെന്നും ഷാരോണ്‍ പറഞ്ഞു. 2ഡി വേര്‍ഷന്‍ ഇല്ലാതെ പുറത്തിറങ്ങിയാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് തനിക്ക് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ഷാരോണ്‍.

‘ബാറോസ് അണിയിച്ചൊരുക്കിയത് ആശീര്‍വാദ് സിനിമാസാണ്. അവര്‍ ദൃശ്യം, ലൂസിഫര്‍, എമ്പുരാന്‍ പോലുള്ള മികച്ച സിനിമകള്‍ നിര്‍മിച്ചവരാണ്. ബാറോസിന് വേണ്ടി അവര്‍ വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. എന്റെ അറിവില്‍ ഏകദേശം 150 കോടിയാണ് ചിത്രത്തിന്റെ ആകെ ചെലവ്. ഇത്രയും വലിയ റിസ്‌ക് എന്തിനാണ് അവര്‍ എടുത്തത് എന്ന് ചോദിച്ചാല്‍, ഇന്ത്യന്‍ സിനിമക്ക് തന്റേതായി എന്തെങ്കിലും തിരിച്ചുനല്‍കണമെന്ന അദ്ദേഹത്തിന്റെ വിഷനാണ് ആ സിനിമ.

മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന സിനിമയല്ല ബാറോസ്. അത് ഒരു വിഷ്വല്‍ ട്രീറ്റായാണ് ഒരുക്കിയതെന്ന് ലാല്‍ സാര്‍ എന്നോട് പറഞ്ഞു. അതിന്റെ എക്‌സ്പീരിയന്‍സ് പ്രേക്ഷകരിലേക്ക് പൂര്‍ണമായും എത്താന്‍ വേണ്ടി ത്രീ.ഡിയില്‍ മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ. മറ്റ് ഹോളിവുഡ് സിനിമകളെപ്പോലെ സെപ്പറേറ്റായി 2ഡി റിലീസില്ല. എന്നാല്‍ ഇത്രയും ബജറ്റുള്ള ചിത്രത്തെ സംബന്ധിച്ച് എനിക്ക് അത് വലിയ റിസ്‌കായി തോന്നി. എന്നാല്‍ ലാല്‍ സാറിനും ആന്റണിക്കും ഇക്കാര്യത്തില്‍ നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു,’ ഷാരോണ്‍  പറഞ്ഞു.

Content Highlight: Marketing Head Sharon  about Barroz and Mohanlal.

We use cookies to give you the best possible experience. Learn more